ഗയാന : ടി20 ലോകകപ്പില്‍ കുഞ്ഞന്മാരായ ഉഗാണ്ടയ്‌ക്കെതിരെ 134 റണ്‍സിന്‍റെ ജയം സ്വന്തമാക്കി വെസ്റ്റ് ഇൻഡീസ്. ഗയാനയിലെ പ്രൊവിഡൻസ് ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്‌ത് 173 റണ്‍സ് നേടിയ വിന്‍ഡീസ് മറുപടി ബാറ്റിങ്ങില്‍ ഉഗാണ്ടയെ 39 റണ്‍സില്‍ എറിഞ്ഞൊതുക്കുകയായിരുന്നു. അഞ്ച് വിക്കറ്റ് വീഴ്‌ത്തിയ അകെയ്‌ല്‍ ഹുസൈന്‍റെ പ്രകടനമാണ് വിന്‍ഡീസ് ജയം എളുപ്പത്തിലാക്കിയത്.
ടി20 ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ ടീം ടോട്ടലുകളില്‍ ഒന്നിനാണ് ഉഗാണ്ട ഇന്ന് പുറത്തായത്. 2014ല്‍ ശ്രീലങ്കയ്‌ക്കെതിരെ നെതര്‍ലന്‍ഡ്‌സും 39 റണ്‍സില്‍ ഓള്‍ ഔട്ടായിട്ടുണ്ട്. ആദ്യം ബാറ്റ് ചെയ്‌തപ്പോഴായിരുന്നു അന്ന് ഡച്ചുപട ലോകകപ്പിലെ ഏറ്റവും കുഞ്ഞൻ സ്കോറില്‍ പുറത്തായത്.
മത്സരത്തില്‍ ടോസ് നേടി ആദ്യം ബാറ്റ് ചെയ്‌ത വിന്‍ഡീസ് അഞ്ച് വിക്കറ്റ് നഷ്‌ടത്തിലാണ് 173 റണ്‍സ് നേടിയത്. 42 പന്തില്‍ 44 റണ്‍സടിച്ച് പുറത്തായ ജോണ്‍സണ്‍ ചാള്‍സ് ആണ് മത്സരത്തില്‍ വെസ്റ്റ് ഇന്‍ഡീസിന്‍റെ ടോപ് സ്കോറര്‍. ആന്ദ്രേ റസല്‍ പുറത്താകാതെ 17 പന്തില്‍ 30 റൺസ് നേടി.
ബ്രാന്‍ഡൻ കിങും ജോണ്‍സ് ചാള്‍സും ചേര്‍ന്ന് ഭേദപ്പെട്ട തുടക്കമായിരുന്നു മത്സരത്തില്‍ വിന്‍ഡീസിന് സമ്മാനിച്ചത്. ഇരുവരും ചേര്‍ന്ന് ആദ്യ വിക്കറ്റില്‍ 41 റണ്‍സ് നേടി. ബ്രാന്‍ഡൻ കിങ്ങിനെ (13) മടക്കി അല്‍പേഷ് രംജാനിയാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്.
പിന്നീട് വന്നവരെല്ലാം ഭേദപ്പെട്ട പ്രകടനം നടത്തി. നിക്കോളസ് പുരാൻ (22), റോവ്‌മാൻ പവല്‍ (23), ഷെഫെയ്‌ൻ റുതര്‍ഫോര്‍ഡ് (22) എന്നിവരാണ് പുറത്തായ മറ്റ് താരങ്ങള്‍. റസലിനൊപ്പം റൊമാരിയോ ഷെഫേര്‍ഡ് അഞ്ച് റണ്‍സുമായി പുറത്താകാതെ നിന്നു.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ഉഗാണ്ട നിരയില്‍ ഒൻപതാമനായി എത്തിയ ജുമാ മിയാഗി മാത്രമാണ് രണ്ടക്കം കടന്നത്. 20 പന്ത് നേരിട്ട താരം 13 റണ്‍സുമായി പുറത്താകാതെ നിന്നു. റോജര്‍ മുകാസ (0), സൈമണ്‍ സെസായി (4), റോബിൻസണ്‍ ഒബുയ (6), അല്‍പേഷ് രംജാനി (5), കെന്നെത് വൈശ്വ (1), റായ്‌സത്ത് അലി ഷാ (3), ദിനേശ് നക്രാണി (0), ബ്രയൻ മസാബ (1), കോസ്‌മസ് യെവുട്ട (1), ഫ്രാങ്ക് സുബുഗ (0) എന്നിങ്ങനെയാണ് മറ്റ് ഉഗാണ്ടൻ താരങ്ങളുടെ സ്കോറുകള്‍.
Also Read :മില്ലറിന്‍റെ അര്‍ധസെഞ്ച്വറി തുണയായി; ഡച്ച് വെല്ലുവിളി മറികടന്ന് രണ്ടാം ജയം നേടി ദക്ഷിണാഫ്രിക്ക - South Africa vs Netherlands Result