പാരിസ് ഒളിമ്പിക്‌സില്‍ പങ്കെടുക്കുന്ന ഇന്ത്യന്‍ താരങ്ങളില്‍ ഭാരോദ്വഹനത്തില്‍ പങ്കെടുക്കുന്ന ഒറ്റ താരമേയുള്ളൂ. അത് മണിപ്പൂരില്‍ നിന്നുള്ള 29 കാരി മീരാബായ് ചാനുവാണ്. ഇംഫാലിലെ നോംഗ്പോക് കാക്‌ചിങ്ങ് ഗ്രാമത്തില്‍ സാധാരണ കുടുംബത്തില്‍ പിറന്ന മീരാബായ് ചാനുവിന് ചെറുപ്പത്തില്‍ വിറകുകെട്ടുകള്‍ ചുമന്നായിരുന്നു ശീലം. കായിക മോഹങ്ങള്‍ ഉണ്ടായിരുന്നങ്കിലും അമ്പെയ്ത്തിലായിരുന്നു ചാനുവിന്‍റെ കണ്ണ്.
ഇംഫാലില്‍ ഒരു സ്പോര്‍ട്‌സ് കോംപ്ലെക്‌സില്‍ നടന്ന വെയ്റ്റ് ലിഫ്റ്റിങ്ങ് ചാമ്പ്യന്‍ഷിപ്പ് അവിചാരിതമായാണ് മീരാബായ് ചാനു കാണുന്നത്. അത് അവരുടെ ജീവിതം തന്നെ മാറ്റി മറിച്ചു. അന്നത്തെ അറിയപ്പെടുന്ന വെയ്റ്റ് ലിഫ്റ്റര്‍ കുഞ്ച റാണി ദേവിയായിരുന്നു ചാനുവിന് പ്രചോദനവും മാതൃകയും.
പാരീസില്‍ സായിഖോം മീരാബായ് ചാനു ലക്ഷ്യം വെക്കുന്നത് തുടര്‍ച്ചയായി രണ്ടാം ഒളിമ്പിക് മെഡലാണ്. ടോക്കിയോവില്‍ വെള്ളി മെഡല്‍ നേടിയ ചാനു പാരീസില്‍ അത് പൊന്നാക്കാന്‍ തന്നെ ഉറച്ചാണ് ഇറങ്ങുന്നത്. ടോക്കിയോവില്‍ 49 കിലോ വിഭാഗത്തിലായിരുന്നു മീരാബായ് ചാനുവിന്‍റെ മെഡല്‍ നേട്ടം.2000 ലെ സിഡ്‌നി ഒളിമ്പിക്‌സില്‍ കര്‍ണം മല്ലേശ്വരി നേടിയ വെങ്കല മെഡലിനു ശേഷം ഭാരോദ്വഹനത്തില്‍ ഇന്ത്യയുടെ അടുത്ത മെഡലായിരുന്നു അത്.
സ്കോട്‌ലണ്ടില്‍ നടന്ന 2014 ലെ കോമണ്‍ വെല്‍ത്ത് ഗെയിംസില്‍ വെള്ളി മെഡല്‍ നേടുമ്പോള്‍ മീരാബായ് ചാനുവിന് പ്രായം 20. 2017 ല്‍ അമേരിക്കയില്‍ നടന്ന ലോക വെയ്റ്റ് ലിഫ്റ്റിങ്ങ് ചാമ്പ്യന്‍ഷിപ്പില്‍ മീരാബായ് ചാനു സ്വര്‍ണം നേടി. 94 ലും 95 ലും കര്‍ണം മല്ലേശ്വരി നേടിയ സ്വര്‍ണത്തിനു ശേഷം ഒരിന്ത്യക്കാരി ലോക വെയ്റ്റ്ലിഫ്റ്റിങ്ങ് ചാമ്പ്യന്‍ഷിപ്പില്‍ നേടുന്ന സ്വര്‍ണത്തിന് തിളക്കമേറെയായിരുന്നു.