ന്യൂഡല്‍ഹി :ടി20 ലോകകപ്പില്‍ ഓപ്പണറുടെ റോളില്‍ താളം കണ്ടെത്താൻ ബുദ്ധിമുട്ടുകയാണ് ഇന്ത്യയുടെ സ്റ്റാര്‍ ബാറ്റര്‍ വിരാട് കോലി. ലോകകപ്പ് ഗ്രൂപ്പ് ഘട്ടത്തില്‍ ടീം ഇന്ത്യ ഇതുവരെ കളിച്ച മൂന്ന് മത്സരങ്ങളിലും മികവിലേക്ക് ഉയരാൻ കോലിക്കായിരുന്നില്ല. അയര്‍ലന്‍ഡിനെതിരായ ആദ്യ മത്സരത്തില്‍ ഒരു റണ്ണായിരുന്നു താരത്തിന് നേടാൻ സാധിച്ചത്.
പാകിസ്ഥാനെതിരായ രണ്ടാമത്തെ മത്സരത്തില്‍ ആകട്ടെ നാല് റണ്‍സായിരുന്നു താരത്തിന്‍റെ ബാറ്റില്‍ നിന്നും പിറന്നത്. മൂന്നാമത്തെ കളിയില്‍ യുഎസ്‌എയ്‌ക്കെതിരെ റണ്‍സൊന്നുമെടുക്കാൻ കോലിക്കായില്ല. സൗരഭ് നേത്രവാല്‍ക്കറിനെതിരെ നേരിട്ട ആദ്യ പന്തില്‍ തന്നെ കോലി പുറത്താകുകയായിരുന്നു.
റണ്‍സ് കണ്ടെത്താൻ കോലി പാടുപെടുന്ന സാഹചര്യത്തില്‍ താരത്തെ ഓപ്പണിങ്ങില്‍ നിന്നും മാറ്റി മൂന്നാം നമ്പറില്‍ ഇറക്കണമെന്ന അഭിപ്രായവുമായി രംഗത്ത് വന്നിരിക്കുകയാണ് മുൻ താരം മുഹമ്മദ് കൈഫ്. ഐപിഎല്ലില്‍ കളിച്ച സാഹചര്യങ്ങളല്ല ലോകകപ്പില്‍ ഉള്ളതെന്നും ഇവിടെ മൂന്നാം നമ്പറില്‍ മികവ് കാട്ടാൻ കോലിക്ക് സാധിക്കുമെന്നും കൈഫ് അഭിപ്രായപ്പെട്ടു. ഇന്ത്യ യുഎസ്എ മത്സരത്തില്‍ വിരാട് കോലി ഗോള്‍ഡൻ ഡക്കായതിന് പിന്നാലെയായിരുന്നു മുഹമ്മദ് കൈഫിന്‍റെ പ്രതികരണം.
'വിരാട് കോലി മൂന്നാം നമ്പറില്‍ ബാറ്റ് ചെയ്യാൻ എത്തണമെന്നാണ് ഞാൻ കരുതുന്നത്. ഐപിഎല്ലില്‍ കണ്ട ഫ്ലാറ്റ് പിച്ചുകളല്ല, ഇവിടെ ബാറ്റിങ് ഏറെ ദുഷ്‌കരമാണ്. അവിടെയാണ് കോലി ഓപ്പണറായെത്തുന്നത്.
ആക്രമണോത്സുകതോടെയാണ് കോലി കളിക്കാൻ ശ്രമിക്കുന്നത്. എന്നാല്‍, ഇവിടെ വേണ്ടത് ആ ശൈലിയിലുള്ള ബാറ്റിങ് അല്ല. വിക്കറ്റ് നിലനിര്‍ത്തി കളിക്കാനാകണം കോലി ശ്രദ്ധിക്കേണ്ടത്.
മൂന്നാം നമ്പറില്‍ തന്‍റെ സ്വാഭാവികമായ ശൈലിയില്‍ കോലിക്ക് കളിക്കാൻ സാധിക്കും. അവിടെ, കളിയെ വിലയിരുത്താനും വിശകലനം ചെയ്യാനും അദ്ദേഹത്തിന് സമയം ലഭിക്കും. 50-60 റണ്‍സും നേടാം.
കോലിയെ മൂന്നാം നമ്പറിലേക്കിറക്കിയാല്‍ റിഷഭ് പന്ത് വേണം രോഹിതിനൊപ്പം ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്യേണ്ടത്. അഞ്ചാം നമ്പറില്‍ നിന്നാണ് പന്ത് മൂന്നാം നമ്പറിലേക്ക് വന്നത്, അങ്ങനെയാണെങ്കില്‍ മൂന്നാം നമ്പറില്‍ നിന്നും അവന് ഓപ്പണറാകാനും കഴിയും. കോലിയ്‌ക്ക് പിന്നാലെ സൂര്യകുമാര്‍ യാദവിനെ നാലാം നമ്പറിലും നിലനിര്‍ത്താം'- മുഹമ്മദ് കൈഫ് പറഞ്ഞു.
അതേസമയം, കോലിയ്‌ക്ക് മികവ് കണ്ടെത്താനായില്ലെങ്കിലും യുഎസ്‌എയ്‌ക്കെതിരായ മത്സരത്തില്‍ ഏഴ് വിക്കറ്റിന്‍റെ ജയം നേടി ഇന്ത്യ ടി20 ലോകകപ്പ് സെമി ഫൈനലിലേക്ക് മുന്നേറിയിട്ടുണ്ട്. നാസോ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്‌ത യുഎസ് 111 റണ്‍സ് വിജയലക്ഷ്യമായിരുന്നു ഇന്ത്യയ്‌ക്ക് മുന്നിലേക്ക് വച്ചത്. സൂര്യകുമാര്‍ യാദവ് (50), ശിവം ദുബെ (31) എന്നിവരുടെ ബാറ്റിങ് മികവില്‍ 10 പന്ത് ശേഷിക്കെ ഇന്ത്യ ജയത്തിലേക്ക് എത്തുകയായിരുന്നു.
Read More :സൂര്യയും ദുബെയും കോട്ടകെട്ടി, വിറപ്പിച്ച യുഎസിനെ കീഴടക്കി ഇന്ത്യ; ജയത്തോടെ സൂപ്പര്‍ എട്ടിലേക്കും കുതിപ്പ് - India vs USA Result