ന്യൂഡല്‍ഹി:ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലേറ്റുമുട്ടുന്ന ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫിക്കായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. അഞ്ച് മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പര നവംബര്‍ 22നാണ് ആരംഭിക്കുന്നത്. പെര്‍ത്തിലാണ് പരമ്പരയിലെ ആദ്യ മത്സരം.
ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്‍റെ കലാശപ്പോരില്‍ സ്ഥാനം ഉറപ്പിക്കാൻ ഇരു ടീമുകള്‍ക്കും നിര്‍ണായകമാണ് ഈ പരമ്പര. ഓസ്‌ട്രേലിയയില്‍ തുടര്‍ച്ചയായ മൂന്നാം തവണയും ടെസ്റ്റ് പരമ്പര നേടുക എന്ന ലക്ഷ്യത്തോടെയാകും ഇന്ത്യൻ ടീം ഇക്കുറി കളിക്കാനിറങ്ങുക. മറുവശത്ത്, കഴിഞ്ഞ രണ്ട് പ്രാവശ്യത്തേയും തോല്‍വികള്‍ക്ക് പകരം വീട്ടാനാകും ഓസ്‌ട്രേലിയ ശ്രമിക്കുന്നത്.
ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്‍റെ പോയിന്‍റ് പട്ടികയില്‍ നിലവില്‍ ഒന്നാം സ്ഥാനക്കാരാണെങ്കിലും ഇന്ത്യയ്‌ക്ക് പരമ്പര വളരെ പ്രധാനപ്പെട്ടതാണെന്ന് തന്നെ പറയാം. രോഹിത് ശര്‍മയ്‌ക്ക് കീഴില്‍ യുവത്വവും പരിചയസമ്പത്തും നിറഞ്ഞ ടീമായിരിക്കും ഇക്കുറി ഓസ്‌ട്രേലിയയില്‍ കളിക്കാനിറങ്ങുക. എന്നാല്‍, മുൻ വര്‍ഷങ്ങളിലെ പോലെ ടീം ഇന്ത്യയ്‌ക്ക് ഓസ്‌ട്രേലിയയില്‍ കാര്യങ്ങള്‍ അത്ര എളുപ്പമായേക്കില്ലെന്നാണ് മുൻ താരവും കമന്‍റേറ്ററുമായ സഞ്ജയ് മഞ്ജരേക്കറുടെ അഭിപ്രായം.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
ടെസ്റ്റ് ക്രിക്കറ്റില്‍ ഇന്ത്യൻ നായകൻ രോഹിത് ശര്‍മയുടെയും സ്റ്റാര്‍ ബാറ്റര്‍ വിരാട് കോലിയുടെയും സമീപകാലത്തെ പ്രകടനങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് മഞ്ജരേക്കര്‍ പ്രതികരണം നടത്തിയത്. ക്രിക്കറ്റിന്‍റെ ദൈര്‍ഘ്യമേറിയ ഫോര്‍മാറ്റില്‍ ഇന്ത്യൻ സൂപ്പര്‍ താരങ്ങള്‍ക്ക് തങ്ങളുടെ പഴയ പ്രതാപം നഷ്‌ടപ്പെട്ടു. തങ്ങളുടെ മികവ് പൂര്‍ണമായും പുറത്തെടുക്കാൻ കഴിയുന്ന ഒരു അവസ്ഥയിലല്ല രോഹിത്തും കോലിയും ഇപ്പോഴുള്ളതെന്നും സ്പോര്‍ട്ടിഫൈ വിത്ത് പിആര്‍ജി ഹോസ്റ്റ് പ്രണവ് ഗാന്ധിയുമായുള്ള ചാറ്റ് ഷോയില്‍ മഞ്ജരേക്കര്‍ വ്യക്തമാക്കി. സഞ്ജയ് മഞ്ജരേക്കറുടെ വാക്കുള്‍ ഇങ്ങനെ...
'ഇത്തവണ കാര്യങ്ങള്‍ കുറച്ച് കടുപ്പമുള്ളതായിരിക്കും. രോഹിത്തും കോലിയും നിലവില്‍ തങ്ങളുടെ പ്രതാപകാലത്തെ ഫോമില്‍ അല്ല. ഇരുവര്‍ക്കും തങ്ങളുടെ മികവ് പൂര്‍ണമായി കാട്ടാൻ പറ്റിയെന്ന് വന്നേക്കില്ല, ഈ സാഹചര്യത്തില്‍ യശസ്വി ജയ്‌സ്വാള്‍, ശുഭ്‌മാൻ ഗില്‍ എന്നിവരെ പോലുള്ളവര്‍ അവസരത്തിനൊത്ത് ഉയരേണ്ടതുണ്ട്. നിലവില്‍ മികച്ച ഫോമില്‍ ഉള്ള ഒരാള്‍ റിഷഭ് പന്ത് മാത്രമാണെന്നാണ് ഞാൻ കരുതുന്നത്. അവനായിരിക്കും ശരിക്കും പരമ്പരയില്‍ ഇന്ത്യയുടെ പ്രധാനപ്പെട്ട കളിക്കാരൻ'.
അടുത്തിടെ കഴിഞ്ഞ ബംഗ്ലാദേശിനെതിരായ ടെസ്റ്റ് പരമ്പരയില്‍ രോഹിത് ശര്‍മയും വിരാട് കോലിയും ഇന്ത്യയ്‌ക്ക് വേണ്ടി കളിക്കാനിറങ്ങിയിരുന്നു. എന്നാല്‍, ഇരുവര്‍ക്കും ഈ മത്സരങ്ങളില്‍ പ്രതിക്ഷിച്ച നിലവാരത്തിലേക്ക് ഉയരാനായിരുന്നില്ല. രണ്ട് ടെസ്റ്റ് മത്സരങ്ങളിലെ നാല് ഇന്നിങ്‌സില്‍ നിന്നുമായി കോലി 99 റണ്‍സും രോഹിത് 42 റണ്‍സും മാത്രമായിരുന്നു നേടിയത്.
Also Read :എന്‍റമ്മോ പൊളി! മുടി വെട്ടി സ്റ്റൈലായി, 'കലക്കൻ ലുക്കില്‍' ധോണി; ചിത്രങ്ങള്‍ ട്രെൻഡിങ്