ലഖ്‌നൗ: കടയ്ക്ക് സമീപം മൂത്രമൊഴിച്ചതിന് ദലിത് യുവാവിന് മർദനം. കടയുടമയും മക്കളും ചേർന്നാണ് 18കാരനെ മർദനത്തിനിരയാക്കിയത്. സംഭവത്തില്‍ കടയുടമയ്‌ക്കും കുടുംബത്തിനുമെതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്‌തു.
രാജ്‌പുരയിൽ താമസിക്കുന്ന ആദിത്യ സോങ്കർ (18) ഒക്ടോബർ 8ന് ചൗരി റോഡ് ബ്ലോക്കിന് സമീപം മൂത്രമൊഴിക്കുന്നത് മൗര്യ കുടുംബം കണ്ടിരുന്നു. അടുത്ത ദിവസം യുവാവിനെ തടഞ്ഞ് നിർത്തുകയും ഇവര്‍ സംഭവത്തെക്കുറിച്ച് ചോദിക്കുകയും ചെയ്‌തു. പിന്നാലെ കുടുംബം യുവാവിനെ ജാതീയമായി അധിക്ഷേപിക്കുകയും ഗുരുതര മർദനത്തിനിരയാക്കുകയുമായിരുന്നു.
വഴിയാത്രക്കാരാണ് യുവാവിനെ രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിച്ചത്. വെളളിയാഴ്‌ച യുവാവ് പൊലീസിൽ പരാതി നൽകുകയായിരുന്നുവെന്ന് സർക്കിൾ ഓഫിസർ (സിഒ) പ്രഭാത് റായ് പറഞ്ഞു. എസ്‌സിഎസ്‌ടി വകുപ്പുകൾ പ്രകാരം പ്രതികൾക്കെതിരെ പൊലീസ് കേസെടുത്തു. സംഭവത്തിൽ കൂടുതൽ അന്വേഷണം നടക്കുകയാണെന്ന് പൊലീസ് കൂട്ടിച്ചേർത്തു.