ബാർബഡോസ്:അന്താരാഷ്ട്ര ടി20യിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ച് വിരാട് കോലിയും രോഹിത് ശർമ്മയും. ടി20 ലോകകപ്പിൽ ഇന്ത്യയെ ചാമ്പ്യൻമാരാക്കിയതിന് പിന്നാലെയാണ് ഇരുവരുടെയും പടിയിറക്കം. ഒരു പതിറ്റാണ്ടോളം കാലമായി ഇന്ത്യൻ നിരയിലെ പ്രധാനികളായ ഇരുവരും ടി20 ലോകകപ്പ് ഫൈനലിൽ ഇന്ത്യയുടെ 7 റൺസ് ജയത്തിന് പിന്നാലെയാണ് വിരമിക്കൽ പ്രഖ്യാപനം നടത്തിയത്.
ബാർബഡോസിലെ കെൻസിങ്ടൺ ഓവലിലായിരുന്നു ഇന്ത്യ - ദക്ഷിണാഫ്രിക്ക ഫൈനൽ. മത്സരത്തിൽ ടോസ് നേടി ആദ്യം ബാറ്റ് ചെയ്യാനെത്തിയ ഇന്ത്യ വിരാട് കോലിയുടെ അർധസെഞ്ച്വറിയുടെ മികവിൽ 7 വിക്കറ്റ് നഷ്‌ടത്തിൽ 176 റൺസ് നേടി. മറുപടി ബാറ്റിങ്ങിൽ ദക്ഷിണാഫ്രിക്കയുടെ പോരാട്ടം 8 വിക്കറ്റ് നഷ്‌ടത്തിൽ 169 റൺസിൽ അവസാനിച്ചു.
59 പന്തിൽ 76 റൺസ് നേടി കളിയിലെ താരമായി മാറിയ വിരാട് കോലി പോസ്റ്റ് മാച്ച് പ്രസന്‍റേഷനിടെയാണ് തന്‍റെ വിരമിക്കൽ തീരുമാനം ക്രിക്കറ്റ് പ്രേമികളെ അറിയിച്ചത്. ഇന്ത്യക്ക് വേണ്ടിയുള്ള തന്‍റെ അവസാന ടി20 മത്സരമാണ് ഇതെന്നും അടുത്ത തലമുറയ്ക്കായി വഴിമാറിക്കൊടുക്കേണ്ട ശരിയായ സമയമാണ് ഇതെന്നും 35-കാരനായ കോലി പറയുകയായിരുന്നു.
ഇന്ത്യയുടെ വിജയഘോഷത്തിന് ശേഷം വാർത്ത സമ്മേളനത്തിൽ സംസാരിക്കുമ്പോഴാണ് രോഹിത് വിരമിക്കൽ പ്രഖ്യാപനം നടത്തിയത്. ഈ ട്രോഫി നേടാൻ താൻ ഏറെ ആഗ്രഹിച്ചിരുന്നു. ടി20 ക്രിക്കറ്റിനോട് യാത്ര പറയാൻ ഇതിലും മികച്ച സമയം ഇനി ഉണ്ടാകില്ല എന്നും രോഹിത് പറഞ്ഞു.