മെല്‍ബണ്‍:ഇന്ത്യ-ഓസ്‌ട്രേലിയ നാലാം ടെസ്റ്റിനായി മെല്‍ബണിലേക്കെത്തിയപ്പോള്‍ കുടുംബവുമൊത്തുള്ള ദൃശ്യങ്ങള്‍ പകര്‍ത്താൻ ശ്രമിച്ച മാധ്യമ പ്രവര്‍ത്തകയോട് ദേഷ്യപ്പെട്ട് വിരാട് കോലി. മെല്‍ബണ്‍ വിമാനത്താവളത്തിലായിരുന്നു സംഭവം. വിമാനത്താവളത്തിന് പുറത്തേക്ക് ഇറങ്ങുമ്പോഴായിരുന്നു ഓസ്‌ട്രേലിയൻ മാധ്യമ പ്രവര്‍ത്തക കോലിയുടെയും കുടുംബത്തിന്‍റെയും വീഡിയോ ചിത്രീകരിച്ചത്.
കുട്ടികള്‍ക്കൊപ്പം പോകുമ്പോള്‍ തനിക്ക് സ്വകാര്യത വേണം. തന്‍റെ അനുവാദം മേടിക്കാതെ നിങ്ങള്‍ക്ക് വീഡിയോ ചിത്രീകരിക്കാനാകില്ലെന്നും കോലി പറയുകയായിരുന്നു. മാധ്യമ പ്രവര്‍ത്തകയുടെ അടുത്തെത്തി കോലി സംസാരിക്കുന്നതിന്‍റെയും ദൃശ്യങ്ങളും പുറത്തുവന്നു.
അതേസമയം, തെറ്റിദ്ധാരണയുടെ പുറത്താണ് കോലി റിപ്പോര്‍ട്ടറോട് ദേഷ്യപ്പെട്ടതെന്നാണ് ഓസ്ട്രേലിയൻ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഓസ്‌ട്രേലിയൻ പേസര്‍ സ്കോട്ട് ബോളണ്ടിന്‍റെ അഭിമുഖമെടുക്കാനായിട്ടാണ് തങ്ങളുടെ റിപ്പോര്‍ട്ടര്‍ അവിടേക്ക് എത്തിയത്. ബോളണ്ട് മാധ്യമപ്രവര്‍ത്തകയോട് സംസാരിച്ച് മടങ്ങിയ വേളയിലാണ് കോലി അവിടേക്ക് എത്തിയത്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
ഈ സമയം തനിക്കുനേരെ ക്യാമറ തിരിഞ്ഞപ്പോള്‍ കോലി ദേഷ്യപ്പെടുകയായിരുന്നു. തെറ്റിദ്ധാരണയുടെ പുറത്താണ് കോലിയുടെ ഭാഗത്ത് നിന്നും ഇത്തരത്തില്‍ ഒരു പ്രതികരണം ഉണ്ടായിരിക്കുന്നതെന്നുമാണ് ഓസ്‌ട്രേലിയൻ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
കുടുംബത്തോടൊപ്പം സഞ്ചരിക്കുന്ന സമയങ്ങളില്‍ വീഡിയോ ചിത്രീകരിക്കാൻ ശ്രമിക്കുന്നവരോട് മുന്‍പും കോലി ദേഷ്യപ്പെട്ടിട്ടുണ്ട്. നേരത്തെ, ബോര്‍ഡര്‍ - ഗവാസ്‌കര്‍ ട്രോഫിക്കായി ഓസ്‌ട്രേലിയയിലേക്ക് പോകുന്നതിനിടെ മുംബൈ എയര്‍പോര്‍ട്ടിലും സമാന രീതിയില്‍ ഒരു സംഭവം ഉണ്ടായി. അന്നും കുട്ടികളുടെ ചിത്രം പകര്‍ത്തരുതെന്ന് പാപ്പരാസികളോട് കോലി ആവശ്യപ്പെടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.
ടെസ്റ്റ് ക്രിക്കറ്റില്‍ നിറം മങ്ങിയ പ്രകടനങ്ങള്‍ കാഴ്‌ചവെക്കുന്ന കോലി വിമര്‍ശനങ്ങള്‍ക്ക് നടുവിലാണ്. ഓസ്‌ട്രേലിയക്കെതിരായ ആദ്യ ടെസ്റ്റില്‍ സെഞ്ച്വറി അടിച്ചെങ്കിലും പിന്നീടുള്ള രണ്ട് മത്സരങ്ങളിലും മികവ് കാട്ടാൻ താരത്തിനായിരുന്നില്ല.
Also Read :വാദ്യമേളങ്ങളും പുഷ്‌പവൃഷ്‌ടിയും, മകന് അച്ഛന്‍റെ സ്നേഹ ചുംബനം; നാട്ടില്‍ തിരിച്ചെത്തിയ അശ്വിന് വൻ സ്വീകരണം