കേരളം

kerala

ETV Bharat / sports

ധോണിയ്‌ക്ക് ഒപ്പത്തിനൊപ്പം, മുന്നിലുള്ളത് ഹിറ്റ്‌മാന്‍; എലൈറ്റ് ലിസ്റ്റില്‍ കോലി മുന്നോട്ട് - Virat Kohli equals MS Dhoni - VIRAT KOHLI EQUALS MS DHONI

ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഏറ്റവും കൂടുതല്‍ തവണ മാന്‍ ഓഫ്‌ ദി മാച്ച് പുരസ്‌ക്കാരം നേടിയ താരങ്ങളുടെ എലൈറ്റ് ലിസ്റ്റില്‍ എംഎസ്‌ ധോണിയ്‌ക്ക് ഒപ്പമെത്തി വിരാട് കോലി.

Virat Kohli  MS Dhoni  IPL 2024  RCB vs PBKS
Virat Kohli equals MS Dhoni in IPL elite Player of the Match awards list

By ETV Bharat Kerala Team

Published : Mar 26, 2024, 5:03 PM IST

ബെംഗളൂരു: ഇന്ത്യന്‍പ്രീമിയര്‍ ലീഗില്‍ (IPL 2024) പഞ്ചാബ് കിങ്‌സിന് (Punjab Kings) എതിരായ മത്സരത്തില്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിന്‍റെ (Royal Challengers Bengaluru) വിജയത്തിന് അടിത്തറ പാകിയത് സ്റ്റാര്‍ ബാറ്റര്‍ വിരാട് കോലിയാണ് (Virat Kohli). ഒരറ്റത്ത് വിക്കറ്റുകള്‍ നിലംപൊത്തുമ്പോള്‍ മികവോടെ ചെറുത്ത് നിന്ന കോലി 49 പന്തുകളില്‍ രണ്ട് സിക്‌സറുകളും 11 ബൗണ്ടറികളും സഹിതം 77 റണ്‍സായിരുന്നു അടിച്ച് കൂട്ടിയത്. പ്രകടനത്തിന് മത്സരത്തിലെ താരമായും 35-കാരന്‍ തെരഞ്ഞെടുക്കപ്പെട്ടിരുന്നു.

ഐപിഎല്‍ കരിയറില്‍ കോലിയുടെ 17-ാമത്തെ മാന്‍ ഓഫ്‌ ദി മാച്ച് പുരസ്‌കാരമാണിത്. ഇതോടെ ഐപിഎല്ലില്‍ ഏറ്റവും കൂടുതല്‍ തവണ മാന്‍ ഓഫ്‌ ദി മാച്ച് ആയ താരങ്ങളുടെ എലൈറ്റ് ലിസ്റ്റില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിന്‍റെ മുന്‍ നായകന്‍ എംഎസ്‌ ധോണിയ്‌ക്ക് ഒപ്പമെത്താനും കോലിയ്‌ക്ക് കഴിഞ്ഞു. ഇന്ത്യന്‍ താരങ്ങളില്‍ രോഹിത് ശര്‍മ മാത്രമാണ് ഇനി കോലിയ്‌ക്ക് മുന്നിലുള്ളത്.

ഐപിഎല്ലില്‍ 19 തവണയാണ് ഹിറ്റ്‌മാന്‍ മാന്‍ ഓഫ്‌ ദി മാച്ച് പുരസ്‌ക്കാരം തൂക്കിയിട്ടുള്ളത്. അതേസമയം ഐപിഎല്ലില്‍ ഏറ്റവും കൂടുതല്‍ തവണ മാന്‍ ഓഫ്‌ ദി മാച്ച് പുരസ്‌ക്കാരം സ്വന്തമാക്കിയിട്ടുള്ളത് എബി ഡിവില്ലിയേഴ്‌സാണ്. 25 തവണയാണ് താരം പ്രസ്‌തുത പുരസ്‌ക്കാം നേടിയിട്ടുള്ളത്. ക്രിസ്‌ ഗെയ്‌ല്‍ (22), രോഹിത് ശര്‍മ (19), ഡേവിഡ് വാര്‍ണര്‍ (18), വിരാട് കോലി (17), എംഎസ്‌ ധോണി (17), യൂസഫ്‌ പഠാന്‍ (16) എന്നിങ്ങനെയാണ് പിന്നിലുള്ള താരങ്ങളുടെ നേട്ടം.

അതേസമയം മത്സരത്തില്‍ നാല് വിക്കറ്റുകള്‍ക്കായിരുന്നു ബെംഗളൂരു വിജയം നേടിയത് (RCB vs PBKS). ആദ്യം ബാറ്റ് ചെയ്‌ത പഞ്ചാബ് ആറ് വിക്കറ്റ് നഷ്‌ടത്തില്‍ 176 റണ്‍സായിരുന്നു നേടിയത്. 37 പന്തില്‍ 45 റണ്‍സ് നേടിയ ക്യാപ്റ്റന്‍ ശിഖര്‍ ധവാന്‍ ടോപ് സ്‌കോററായപ്പോള്‍ ജിതേഷ് ശര്‍മ (20 പന്തില്‍ 27), പ്രഭ്‌സിമ്രാന്‍ സിങ്‌ (17 പന്തില്‍ 25) എന്നിവരായിരുന്നു പ്രധാന സംഭവന നല്‍കിയ മറ്റ് താരങ്ങള്‍.

ALSO READ: 'എന്‍റെ പേര് എന്തിനാണ് ഉപയോഗിക്കുന്നതെന്ന് അറിയാം '; വിമര്‍ശകരുടെ വായടപ്പിച്ച് വിരാട് കോലി - Virat Kohli Against Critics

മറുപടിക്ക് ഇറങ്ങിയ ബെംഗളൂരു നാല് പന്തുകള്‍ ബാക്കി നില്‍ക്കെ ആറിന് 178 റണ്‍സ് നേടിയാണ് വിജയം ഉറപ്പിച്ചത്. അവസാന ഓവറുകളില്‍ ദിനേശ്‌ കാര്‍ത്തിക് നടത്തിയ ആളിക്കത്തലാണ് കൊതിച്ച വിജയം പഞ്ചാബിന് നഷ്‌ടമാക്കിയത്. 10 പന്തില്‍ പുറത്താവാതെ മൂന്ന് ബൗണ്ടറികളും രണ്ട് സിക്‌സറും സഹിതം 28 റണ്‍സായിരുന്നു താരം നേടിയത്. മഹിപാല്‍ ലോംറോര്‍ (8 പന്തില്‍ 17*) കട്ട പിന്തുണ നല്‍കി.

ALSO READ:തീയതികള്‍ ഓര്‍ത്തുവച്ചോളൂ...; ഐപിഎല്ലിന്‍റെ രണ്ടാം ഘട്ട ഷെഡ്യൂള്‍ പുറത്ത്, ഫൈനല്‍ ചെപ്പോക്കില്‍ - IPL 2024 Full Schedule

ABOUT THE AUTHOR

...view details