ബെംഗളൂരു:ഐപിഎല്‍ പതിനേഴാം പതിപ്പില്‍ (IPL 2024) പഞ്ചാബ് കിങ്‌സിനെതിരായ (Punjab Kings) മത്സരത്തില്‍ ബാറ്റുകൊണ്ട് തകര്‍പ്പൻ പ്രകടനമാണ് ആര്‍സിബിയുടെ (RCB) സ്റ്റാര്‍ ബാറ്റര്‍ വിരാട് കോലി (Virat Kohli) കാഴ്‌ചവെച്ചത്. ചിന്നസ്വാമിയില്‍ 177 റണ്‍സ് പിന്തുടരുന്നതിനിടെ ആര്‍സിബിയുടെ ടോപ് ഓര്‍ഡര്‍ തകര്‍ന്നെങ്കിലും മത്സരത്തില്‍ അവരെ പിടിച്ചുനിര്‍ത്തുന്നതായിരുന്നു വിരാട് കോലിയുടെ പ്രകടനം. സീസണിലെ ആദ്യ മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരെ നിരാശപ്പെടുത്തിയ കോലി രണ്ടാമത്തെ കളിയില്‍ തന്‍റെ മികവ് തെളിയിച്ചു.
മത്സരത്തില്‍ 49 പന്ത് നേരിട്ട കോലി 77 റണ്‍സ് നേടിയാണ് പുറത്തായത്. 11 ഫോറും രണ്ട് സിക്‌സറും അടങ്ങുന്നതായിരുന്നു പഞ്ചാബിനെതിരായ കോലിയുടെ ഇന്നിങ്‌സ്. ഈ പ്രകടനത്തോടെ, ടി20 ക്രിക്കറ്റില്‍ മറ്റൊരു ഇന്ത്യൻ താരത്തിനും അവകാശപ്പെടാനില്ലാത്ത തകര്‍പ്പൻ റെക്കോഡും കോലി തന്‍റെ പേരിലാക്കി.
ഐപിഎല്ലില്‍ വിരാട് കോലിയുടെ 51-ാം അര്‍ധസെഞ്ച്വറിയായിരുന്നു പഞ്ചാബിനെതിരായ മത്സരത്തിലേത്. ഇതോടെ, ടി20 ക്രിക്കറ്റില്‍ 100 പ്രാവശ്യം 50-ല്‍ അധികം റണ്‍സ് കണ്ടെത്തുന്ന ആദ്യ ഇന്ത്യൻ ബാറ്ററെന്ന നേട്ടമാണ് കോലി സ്വന്തം പേരിലാക്കിയത്. ടി20യില്‍ 81 തവണ 50-ല്‍ അധികം റണ്‍സ് നേടിയിട്ടുള്ള മുൻ മുംബൈ ഇന്ത്യൻസ് നായകൻ രോഹിത് ശര്‍മയാണ് പട്ടികയില്‍ കോലിക്ക് പിന്നിലുള്ള മറ്റൊരു ഇന്ത്യൻ താരം.