ഫ്ലോറിഡ: ടി20 ലോകകപ്പിന്‍റെ സൂപ്പര്‍ എട്ടിലേക്ക് എത്താമെന്ന പാകിസ്ഥാന്‍റെ മോഹങ്ങള്‍ക്ക് മഴ തിരിച്ചടി നല്‍കിയേക്കും. പാക് ടീമിന്‍റെ മുന്നേറ്റത്തില്‍ നിര്‍ണായകമാവുന്ന ഇന്നത്തെ അമേരിക്ക-അയര്‍ലന്‍ഡ് മത്സരത്തിന് മഴ ഭീഷണി. മത്സരത്തിന് വേദിയാവുന്ന ഫ്ലോറിഡയില്‍ ഇന്ന് റെഡ് അലര്‍ട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്.
കനത്ത മഴയും മിന്നല്‍ പ്രളയവും ഉണ്ടായതിനെ തുടര്‍ന്ന് ബുധനാഴ്ച ഫ്ലോറിഡയില്‍ ഗവര്‍ണര്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു. ഇതിന് പുറമെയാണ് ഇടിയോട് കൂടിയ കനത്ത മഴയ്‌ക്കുള്ള സാധ്യത പ്രവചിച്ചിരിക്കുന്നത്. പ്രദേശിക സമയം രാവിലെ പത്തരയ്‌ക്കും ഇന്ത്യൻ സമയം രാത്രി എട്ടിനുമാണ് അമേരിക്ക-അയര്‍ലന്‍ഡ് മത്സരം ആരംഭിക്കേണ്ടത്.
മഴയെത്തുടര്‍ന്ന് മത്സരം ഉപേക്ഷിക്കേണ്ടിവന്നാല്‍ ഇനി ഒരു കളി ബാക്കിയുണ്ടെങ്കിലും പാക് ടീമിന് മുന്നില്‍ വാതിലുകള്‍ അടയും. കളിച്ച മൂന്ന് മത്സരങ്ങളും വിജയിച്ച ഇന്ത്യ ആറ് പോയിന്‍റോടെ ഇതിനകം തന്നെ ഗ്രൂപ്പ് എയില്‍ നിന്നും സൂപ്പര്‍ എട്ടിലേക്ക് എത്തിയിരുന്നു. രണ്ട് മത്സരങ്ങള്‍ വിജയിച്ച അമേരിക്ക നാല് പോയിന്‍റുമായി രണ്ടാമതാണ്. മൂന്ന് മത്സരങ്ങളില്‍ നിന്നും രണ്ട് പോയിന്‍റുള്ള പാകിസ്ഥാന്‍ മൂന്നാമതാണ്.
ഞായറാഴ്‌ച അയര്‍ലന്‍ഡിനെതിരെയാണ് പാകിസ്ഥാന്‍റെ അവസാന മത്സരം. ഈ മത്സരത്തില്‍ വിജയിക്കുകയും ഇന്ന് നടക്കുന്ന മത്സരത്തില്‍ അമേരിക്കയെ അയര്‍ലന്‍ഡ് തോല്‍പ്പിക്കുകയും ചെയ്‌താല്‍ മാത്രമേ പാകിസ്ഥാന് സൂപ്പര്‍ എട്ടിലേക്ക് എത്താന്‍ കഴിയൂ. അവസാന ഗ്രൂപ്പ് മത്സരം ജയിച്ചാലും പരമാവധി നാല് പോയിന്‍റിലേക്കാണ് പാകിസ്ഥാന് എത്താന്‍ കഴിയുക.