അഹമ്മദാബാദ് :ഇന്ത്യൻ പ്രീമിയര്‍ ലീഗില്‍ വമ്പൻ നേട്ടം സ്വന്തം പേരിലാക്കി ഗുജറാത്ത് ടൈറ്റൻസിന്‍റെ സീനിയര്‍ പേസര്‍ ഉമേഷ് യാദവ്. അഹമ്മദാബാദ് നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ 200 റണ്‍സ് പിന്തുടര്‍ന്നിറങ്ങിയ പഞ്ചാബ് കിങ്‌സിന്‍റെ നായകൻ ശിഖര്‍ ധവാനെ തന്‍റെ ഓവറിലെ ആദ്യ പന്തില്‍ തന്നെ പുറത്താക്കാൻ ഉമേഷ് യാദവിനായി. ഇതോടെ, ഐപിഎല്ലില്‍ ഒരു ടീമിനെതിരെ ഏറ്റവും കൂടുതല്‍ വിക്കറ്റ് സ്വന്തമാക്കുന്ന താരമായിട്ടാണ് ഉമേഷ് യാദവ് മാറിയത്.
ഗുജറാത്ത് ടൈറ്റൻസിന്‍റെ തന്നെ മോഹിത് ശര്‍മ, കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്‍റെ സുനില്‍ നരെയ്‌ൻ, ചെന്നൈ സൂപ്പര്‍ കിങ്‌സ് മുൻ താരം ഡ്വെയ്‌ൻ ബ്രാവോ എന്നിവരെ പിന്നിലാക്കിയാണ് ഉമേഷ് യാദവിന്‍റെ നേട്ടം. ശിഖര്‍ ധവാന്‍റെ വിക്കറ്റ് നേടിയതോടെ പഞ്ചാബിനെതിരെ ഉമേഷ് യാദവ് സ്വന്തമാക്കിയ വിക്കറ്റുകളുടെ എണ്ണം 34 ആയി. പട്ടികയില്‍ ഉമേഷിന് പിന്നില്‍ ഉള്ളവരില്‍ സുനില്‍ നരെയ്‌ൻ പഞ്ചാബിനെതിരെ 33 വിക്കറ്റാണ് നേടിയിട്ടുള്ളത്. മോഹിത് ശര്‍മ, ഡ്വെയ്‌ൻ ബ്രാവോ എന്നിവര്‍ മുംബൈ ഇന്ത്യൻസിനെതിരെയാണ് 33 വിക്കറ്റുകള്‍ സ്വന്തം പേരിലാക്കിയിട്ടുള്ളത്.
ഐപിഎല്ലില്‍ ഡല്‍ഹി ഡെയര്‍ ഡെവിള്‍സ് (ഡല്‍ഹി കാപിറ്റല്‍സ്) ടീമിനൊപ്പമായിരുന്നു ഉമേഷ് യാദവ് കരിയര്‍ ആരംഭിച്ചത്. 2010 മുതല്‍ നാല് സീസണുകളില്‍ താരം ഡല്‍ഹിക്കായി കളിച്ചു. തുടര്‍ന്ന് രണ്ട് പ്രാവശ്യം കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനൊപ്പവും കളിച്ചു. 2014-17 വരെയും 2022-23 സീസണിലുമായിരുന്നു ഉമേഷ് കൊല്‍ക്കത്തയ്‌ക്കായി കളിച്ചത്. അതിനിടെ 2018-2020 വരെയുള്ള മൂന്ന് സീസണില്‍ ആര്‍സിബിയ്‌ക്ക് വേണ്ടിയും 2021ല്‍ ഡല്‍ഹി കാപിറ്റല്‍സിനായും ഉമേഷ് കളിച്ചിട്ടുണ്ട്.