മുംബൈ :ബിസിസിഐയുടെ പുരുഷ താരങ്ങളുടെ പുതുക്കിയ വാര്‍ഷിക കരാര്‍ പട്ടിക കഴിഞ്ഞ ദിവസമാണ് പുറത്തുവിട്ടത് (BCCI Central Contract). വാര്‍ഷിക കരാറില്‍ നിന്നും മധ്യനിര ബാറ്റര്‍ ശ്രേയസ് അയ്യര്‍ (Shreyas Iyer), വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ഇഷാൻ കിഷൻ (Ishan Kishan) എന്നിവരെ തഴഞ്ഞത് ക്രിക്കറ്റ് ലോകത്ത് വലിയ ചര്‍ച്ചകള്‍ക്കും തുടക്കമിട്ടിട്ടുണ്ട്. ദേശീയ ടീമില്‍ കളിക്കാത്ത സാഹചര്യത്തില്‍ താരങ്ങള്‍ ആഭ്യന്തര ക്രിക്കറ്റില്‍ റെഡ് ബോള്‍ മത്സരങ്ങള്‍ കളിക്കണമെന്ന ബിസിസിഐ നിര്‍ദേശം ഇഷാൻ കിഷനും ശ്രേയസ് അയ്യരും പാലിച്ചിരുന്നില്ല.
ദക്ഷിണാഫ്രിക്കൻ പര്യടനത്തിന് മുന്‍പ് നാട്ടിലേക്ക് തിരിച്ച ഇഷാൻ പിന്നീട് ഇന്ത്യയ്‌ക്കായി കളിച്ചിട്ടില്ല. മറുവശത്ത്, ഇല്ലാത്ത പരിക്ക് ചൂണ്ടിക്കാട്ടി ശ്രേയസ് അയ്യര്‍ രഞ്ജി ട്രോഫിയില്‍ നിന്നും വിട്ടുനില്‍ക്കുകയായിരുന്നു. ഇതിന് പിന്നാലെയാണ് ഇരുവര്‍ക്കും ബിസിസിഐ കോണ്‍ട്രാക്‌ടും നഷ്‌ടമായത്.
അതേസമയം, ഇവരെ കൂടാതെ മറ്റ് ചില മുൻനിര താരങ്ങള്‍ക്കും ബിസിസിഐ വാര്‍ഷിക കരാര്‍ നഷ്‌ടമായി. വെറ്ററൻ താരങ്ങളായ ചേതേശ്വര്‍ പുജാര (Cheteshwar Pujara), ശിഖര്‍ ധവാൻ (Shikar Dhawan), യുസ്‌വേന്ദ്ര ചാഹല്‍ (Yuzvendra Chahal), പേസര്‍ ഉമേഷ് യാദവ് (Umesh Yadav) എന്നിവരാണ് കരാര്‍ പട്ടികയില്‍ നിന്നും പുറത്തുപോയ താരങ്ങള്‍. നിലവില്‍ ഇന്ത്യൻ സെലക്‌ടര്‍മാരുടെ പരിഗണനയില്‍ നിന്നും നാല് താരങ്ങളും പുറത്താണെന്നാണ് ഇത് സൂചിപ്പിക്കുന്നത്.