തിരുവനന്തപുരം: കേരള ഫുട്ബോളിനെ പ്രൊഫഷണലിസത്തിന്‍റെ തലത്തിലേക്കുയർത്തുവാൻ ലക്ഷ്യമിട്ടുള്ള പ്രഥമ കെഎസ്എൽ സീസണായുള്ള തിരുവനന്തപുരം കൊമ്പൻസ് ടീമിനെ മാനേജ്‌മെന്‍റ് ആദ്യമായി അവതരിപ്പിച്ചു. ആറ് ബ്രസീലിയൻ താരങ്ങളുമായി കളിക്കളത്തിൽ കരുത്ത് കാട്ടാനുള്ള നീക്കങ്ങളാണ് കൊമ്പൻസ് നടത്തുന്നത്. തിരുവനന്തപുരത്ത് നടന്ന ചടങ്ങിൽ 22 അംഗ ടീമിനെയും ബ്രസീലിൽ നിന്നുള്ള മുഖ്യ പരിശീലകൻ സെർജിയോ അലെക്‌സാൻദ്രേ, സഹപരിശീലകനും മുംബൈ എഫ് സി മുൻ പ്രതിരോധ തരവുമായ കാളി അലാവുദ്ധീൻ, ഗോൾകീപ്പിങ് പരിശീലകനും മുൻ പൂനെ എഫ്‌സി ബി ഗോളിയുമായ ബാലാജി നരസിംഹൻ എന്നിവരെയുമാണ് ടീം മാനേജ്മെന്‍റ് മാധ്യമങ്ങൾക്ക് മുന്നിൽ അവതരിപ്പിച്ചത്.
തിരുവനന്തപുരം ചന്ദ്രശേഖർ നായർ സ്റ്റേഡിയമാണ് തിരുവനന്തപുരം കൊമ്പൻസിന്‍റെ ഹോം ഗ്രൗണ്ട്. ചടങ്ങിന് പിന്നാലെ0 പരിശീലന മത്സരങ്ങൾക്കായി ടീം ഗോവയിലേക്ക് പുറപ്പെട്ടിരുന്നു. സെപ്റ്റംബർ 10ന് കാലിക്കറ്റ് എഫ്‌സിയുമായി കൊമ്പുകോർക്കാൻ കൊമ്പന്മാർ ഗോവയിൽ നിന്നും കോഴിക്കോട് എത്തും. യുഎഇ, തായ്, ഇന്തോനേഷ്യൻ ഫുട്ബോൾ ലീഗുകളിൽ വർഷങ്ങളായി പരിശീലക കുപ്പായത്തില്‍ പ്രവര്‍ത്തിച്ചിട്ടുള്ള വ്യക്തിയാണ് കോച്ച് സെർജിയോ അലക്‌സാൻദ്രെ.
മുൻ ഇന്ത്യൻ ടീമംഗവും ഐഎസ്‌എൽ ചെന്നൈയിൻ എഫ്‌സി ബി ടീമിന്‍റെ മുഖ്യപരിശീലകനുമായിരുന്നു കാളി അലാവുദ്ധീൻ. അണ്ടർ 20 ഇന്ത്യൻ ടീം ഗോൾ കീപ്പിങ് പരിശീലകൻ കൂടിയാണ് ബാലാജി നരസിംഹൻ. വളരെ കുറഞ്ഞ സമയമാണുള്ളതെങ്കിലും പരമാവധി വിജയത്തിനായി ശ്രമം നടത്തുമെന്ന് പരിപാടിയിൽ കൊമ്പൻസിന്‍റെ മുഖ്യപരിശീലകൻ സെർജിയോ അലക്‌സാൻദ്രെ പറഞ്ഞു.