ട്രിനിഡാഡ് : ടി20 ലോകകപ്പിനുള്ള സെമിഫൈനല്‍ ലൈനപ്പായി. സൂപ്പര്‍ എട്ടിലെ ഗ്രൂപ്പ് ഒന്നില്‍ നിന്നും ഇന്ത്യ അഫ്‌ഗാനിസ്ഥാൻ ടീമുകളും രണ്ടാം ഗ്രൂപ്പില്‍ നിന്നും ദക്ഷിണാഫ്രിക്ക, ഇംഗ്ലണ്ട് ടീമുകളുമാണ് സെമി ഫൈനലിന് യോഗ്യത നേടിയത്. ജൂണ്‍ 27നാണ് സെമി ഫൈനല്‍ മത്സരങ്ങള്‍.
ആദ്യ സെമിയില്‍ ദക്ഷിണാഫ്രിക്ക അഫ്‌ഗാനിസ്ഥാനെ നേരിടും. ട്രിനിഡാഡിലെ ബ്രയാൻ ലാറ ക്രിക്കറ്റ് അക്കാദമി സ്റ്റേഡിയത്തില്‍ ഇന്ത്യൻ സമയം പുലര്‍ച്ചെ ആറിനാണ് മത്സരം. സൂപ്പര്‍ എട്ടില്‍ ഗ്രൂപ്പ് രണ്ടിലെ ഒന്നാം സ്ഥാനക്കാരായാണ് ദക്ഷിണാഫ്രിക്ക സെമി ഫൈനലിന് യോഗ്യത നേടിയത്. കളിച്ച മൂന്ന് മത്സരങ്ങളിലും ജയം നേടാൻ എയ്‌ഡൻ മാര്‍ക്രമിനും സംഘത്തിനുമായി.
പത്ത് വര്‍ഷത്തിന് ശേഷം ദക്ഷിണാഫ്രിക്ക കളിക്കാനിറങ്ങുന്ന ആദ്യത്തെ സെമി ഫൈനല്‍ പോരാട്ടം കൂടിയാണ് ഇത്. അവസാനം 2014ല്‍ ആയിരുന്നു പ്രോട്ടീസ് ടി20 ലോകകപ്പിന്‍റെ സെമിയിലെത്തിയത്. അന്ന് ഇന്ത്യയോട് തോറ്റ് പുറത്താവുകയായിരുന്നു ദക്ഷിണാഫ്രിക്ക.
മറുവശത്ത് ചരിത്രത്തിലെ ആദ്യത്തെ ടി20 ലോകകപ്പ് സെമി ഫൈനല്‍ പോരാട്ടത്തിനിറങ്ങാനുള്ള തയ്യാറെടുപ്പിലാണ് അട്ടിമറി വീരന്മാരായ അഫ്‌ഗാനിസ്ഥാൻ. സൂപ്പര്‍ എട്ടില്‍ ഗ്രൂപ്പ് ഒന്നില്‍ രണ്ടാം സ്ഥാനത്താണ് അഫ്‌ഗാൻ ഫിനിഷ് ചെയ്‌തത്. കരുത്തരായ ഓസ്‌ട്രേലിയയെ വീഴ്‌ത്തിയ അവര്‍ ഇന്ന് നടന്ന നിര്‍ണായക മത്സരത്തില്‍ ബംഗ്ലാദേശിനെ 8 റണ്‍സിന് തകര്‍ത്തുകൊണ്ടായിരുന്നു സെമി ബെര്‍ത്ത് ഉറപ്പിച്ചത്.
അന്നേദിവസം നടക്കുന്ന രണ്ടാം സെമിയില്‍ ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലേറ്റുമുട്ടും. 2022 ടി20 ലോകകപ്പ് സെമി ഫൈനലിന്‍റെ തനിയാവര്‍ത്തനമാണ് ഇത്തവണയും. കഴിഞ്ഞ ലോകകപ്പ് സെമിയില്‍ ഇംഗ്ലണ്ടിനോട് 10 വിക്കറ്റിന്‍റെ തോല്‍വി ഏറ്റുവാങ്ങിക്കൊണ്ടായിരുന്നു ഇന്ത്യ പുറത്തായത്.
ഇതിന് പകരം വീട്ടാനുറച്ചാകും ഇന്ത്യ ഇത്തവണ ഇറങ്ങുക. ഗയാനയിലെ പ്രൊവിഡൻസ് ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ ഇന്ത്യൻ സമയം രാത്രി എട്ടിനാണ് മത്സരം ആരംഭിക്കുന്നത്.
Also Read :ബൈ ബൈ ഓസീസ്; ബംഗ്ലാദേശിനെ തകര്‍ത്ത് അഫ്‌ഗാനിസ്ഥാൻ ടി20 ലോകകപ്പ് സെമിയില്‍ - Afghanistan vs Bangladesh Result