ബാർബഡോസ്: ടി20 ലോകകപ്പ് സൂപ്പർ എട്ടിൽ തുടരെ വിക്കറ്റുകൾ നഷ്‌ടമായിട്ടും അഫ്‌ഗാനിസ്ഥാന് മുന്നിൽ 182 റൺസിന്‍റെ വിജയലക്ഷ്യം വച്ച് ഇന്ത്യ. ടോസ് നേടി ആദ്യം ബാറ്റ് ചെയ്യാൻ എത്തിയ ഇന്ത്യ എട്ട് വിക്കറ്റ് നഷ്‌ടത്തിലാണ് 181 റൺസ് നേടിയത്. 28 പന്തിൽ 53 റൺസ് നേടിയ സൂര്യയാണ് മത്സരത്തിൽ ഇന്ത്യയുടെ ടോപ് സ്കോറർ.
ടോസ് നേടി ആദ്യം ബാറ്റ് ചെയ്യാൻ എത്തിയ ഇന്ത്യയ്‌ക്ക് മൂന്നാം ഓവറിൽ തന്നെ നായകൻ രോഹിത് ശർമയെ (8) നഷ്ടമായി. ഫസൽഹഖ് ഫാറൂഖിയെ വമ്പൻ ഷോട്ടിന് ശ്രമിച്ച രോഹിത്തിനെ മിഡ് ഓണിൽ റാഷിദ് ഖാൻ കൈപിടിയിലൊതുക്കി. രണ്ടാം വിക്കറ്റിൽ കോലിയും പന്തും ചേർന്ന് ഇന്ത്യൻ സ്കോർ ഉയർത്തി.
പവർപ്ലേയിൽ കരുതലോടെ റൺസ് കണ്ടെത്താനായിരുന്നു ഇരുവരുടെയും ശ്രമം. ആറാം ഓവറിൽ പന്തിനെ പുറത്താക്കാനുള്ള സുവർണാവസരം നവീൻ നിലത്തിട്ടു. ഈ ഓവറിൽ മുഹമ്മദ് നബിയെ മൂന്ന് തവണയാണ് പന്ത് ബൗണ്ടറിയിലേക്ക് പായിച്ചത്. ഇതോടെ 47-1 എന്ന നിലയിൽ ഇന്ത്യ പവർ പ്ലേ അവസാനിപ്പിച്ചു.
പവർ പ്ലേ അവസാനിച്ചതിന് പിന്നാലെ രണ്ട് എൻഡിലും പന്തെറിയാൻ അഫ്‌ഗാൻ സ്‌പിന്നർമാരെത്തി. 6.4 ഓവറിൽ ആണ് ഇന്ത്യയുടെ സ്കോർ 50ലേക്ക് എത്തുന്നത്. പിന്നാലെ, അടുത്ത പന്തിൽ തന്നെ റിഷഭ് പന്തിനെ (20) റാഷിദ് ഖാൻ വിക്കറ്റിന് മുന്നിൽ കുടുക്കി.
ഒരു ഓവറിന്‍റെ ഇടവേളയിൽ വിരാട് കോലിയും (20) വീണു. റാഷിദ് ഖാനെ ലോങ്ങ് ഓഫിലൂടെ അതിർത്തി കടത്താനായിരുന്നു കോലിയുടെ ശ്രമം. എന്നാൽ, അതെ പൊസിഷനിൽ ഫീൽഡിൽ ഉണ്ടായിരുന്ന നബി പന്ത് അനായാസം പിടിച്ചെടുത്തു.