മുംബൈ:ഒളിമ്പിക്‌സ് ട്രയല്‍സ് അടുത്തിരിക്കെ തന്നെ സസ്‌പെന്‍ഡ് ചെയ്‌ത ദേശീയ ഉത്തേജക വിരുദ്ധ ഏജൻസി (നാഡ) നടപടിക്കെതിരെ ഗുസ്‌തി താരം ബജ്‌റംഗ് പുനിയ. ഒളിമ്പിക്‌സ് യോഗ്യത മത്സരങ്ങള്‍ക്ക് മുന്നോടിയായി മാര്‍ച്ചില്‍ നടന്ന ട്രയല്‍സിന് ശേഷം സാമ്പിള്‍ നല്‍കാൻ വിസമ്മതിച്ചുവെന്ന പേരിലായിരുന്നു പുനിയയ്‌ക്ക് എതിരെ നാഡയുടെ നടപടി. എന്നാല്‍ ഒരിക്കലും ഉത്തേജക പരിശോധന നിരസിച്ചിട്ടില്ലെന്നും പരിശോധനയ്‌ക്കായി കൊണ്ടുവന്ന കാലാവധി കഴിഞ്ഞ കിറ്റിന്‍റെ കാര്യത്തില്‍ പ്രതികരിക്കുക മാത്രമാണുണ്ടായതെന്നുമാണ് പുനിയ വ്യക്തമാക്കിയിരിക്കുന്നത്.
ഇതു സംബന്ധിച്ച് സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സില്‍ പുനിയ ഒരു വീഡിയോയും പോസ്റ്റ് ചെയ്‌തിട്ടുണ്ട്. രണ്ട് മിനിട്ടിലേറെ ദൈര്‍ഘ്യമുള്ള വീഡിയോയില്‍ തനിക്ക് ലഭിച്ച കിറ്റിലെ ഡേറ്റടക്കം താരം ചൂണ്ടിക്കാട്ടുന്നുണ്ട്. നാഡ സസ്‌പെന്‍ഷനെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും താരം വ്യക്തമാക്കിയിട്ടുണ്ട്.
"ഉത്തേജക മരുന്ന് പരിശോധനയ്ക്ക് വിധേയനാക്കാൻ ആവശ്യപ്പെട്ടതിനെക്കുറിച്ചുള്ള വാർത്തകളില്‍ കൂടുതല്‍ വ്യക്തത വരുത്താന്‍ ഞാന്‍ ആഗ്രഹിക്കുന്നു. നാഡ ഉദ്യോഗസ്ഥർക്ക് സാമ്പിൾ നൽകാൻ ഞാൻ ഒരിക്കലും വിസമ്മതിച്ചിട്ടില്ല. എന്നാല്‍ അവർ കൊണ്ടുവന്ന കാലാവധി കഴിഞ്ഞ കിറ്റിന്‍റെ കാര്യത്തിൽ എന്ത് നടപടി സ്വീകരിച്ചുവെന്നതിന് ആദ്യം ഉത്തരം നൽകാൻ ഞാൻ അവരോട് അഭ്യർത്ഥിച്ചു. അതിന് ശേഷം എന്‍റെ സാമ്പിൾ എടുക്കുക, എന്നിട്ട് ഡോപ്പ് ടെസ്റ്റ് നടത്തുക" വീഡിയോയ്‌ക്കൊപ്പം താരം കുറിച്ചു.