ബെംഗളൂരു: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ മുംബൈ ഇന്ത്യന്‍സിനായി കളത്തിലേക്ക് എത്താന്‍ ടി20 ഫോര്‍മാറ്റില്‍ ലോക ഒന്നാം നമ്പര്‍ ബാറ്ററായ സൂര്യകുമാര്‍ യാദവിന് കഴിഞ്ഞിട്ടില്ല. സ്‌പോര്‍ട്‌സ് ഹെര്‍ണിയയ്‌ക്ക് ശസ്‌ത്രക്രിയയ്‌ക്ക് വിധേയനായ താരം നിലവില്‍ തിരിച്ചുവരവിന്‍റെ പാതയിലാണ്. എന്നാണ് താരത്തിന് കളിക്കാന്‍ കഴിയുക എന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്.
ഇപ്പോഴിതാ കളക്കളത്തിലേക്കുള്ള സൂര്യയുടെ തിരിച്ചുവരവ് വൈകുമെന്ന റിപ്പോര്‍ട്ടാണ് പുറത്ത് വന്നിരിക്കുന്നത്. ബെംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാദമിയിലുള്ള 33-കാരന്‍റെ ഫിറ്റ്‌നസില്‍ പുരോഗതിയുണ്ടെങ്കിലും മുംബൈയുടെ അടുത്ത കുറച്ച് മത്സരങ്ങളില്‍ കൂടി താരം പുറത്തിരിക്കുമെന്നാണ് ഒരു ബിസിസിഐ ഉദ്യോഗസ്ഥന്‍ വെളിപ്പെടുത്തിയിരിക്കുന്നത്.
"സൂര്യകുമാര്‍ യാദവ് തന്‍റെ ഫിറ്റ്‌നസില്‍ വളരെ മികച്ച പുരോഗതി കൈവരിച്ചുകൊണ്ടിരിക്കുകയാണ്. ഉടൻ തന്നെ അദ്ദേഹം മുംബൈക്കായി കളിക്കാന്‍ തയ്യാറാവും. എന്നിരുന്നാലും, ആദ്യ രണ്ട് മത്സരങ്ങൾ നഷ്‌ടമായ സൂര്യയ്‌ക്ക് കുറച്ച് മത്സരങ്ങള്‍ കൂടി പുറത്ത് ഇരിക്കേണ്ടി വന്നേക്കാം" അദ്ദേഹം പറഞ്ഞു.
ഐപിഎല്ലിന് പിന്നാലെ തന്നെ ജൂണിൽ ടി20 ലോകകപ്പ് നടക്കാനിരിക്കുന്നതിനാല്‍ സൂര്യയെ തിടുക്കപ്പെട്ട് കളിപ്പിക്കേണ്ടതില്ലെന്നാണ് ബിസിസിഐ നിലപാടെന്നും ഉദ്യോഗസ്ഥന്‍ കൂട്ടിച്ചേര്‍ത്തു. "തീര്‍ച്ചയായും സൂര്യകുമാര്‍ യാദവ് മുംബൈ ഇന്ത്യന്‍സിനായി കളിക്കും. എന്നാല്‍ ബിസിസിഐയെ സംബന്ധിച്ച് അവന്‍ ടി20 ലോകകപ്പില്‍ നിര്‍ണായകമാണ്. സ്‌പോര്‍ട്‌സ് ഹെര്‍ണിയയ്‌ക്ക് ശസ്‌ത്രക്രിയയ്‌ക്ക് വിധേയനായ അവനെ തിടുക്കപ്പെട്ട് കളത്തിലേക്ക് എത്തിക്കാന്‍ കഴിയില്ല" ബിസിസിഐ ഉദ്യോഗസ്ഥന്‍ പറഞ്ഞു നിര്‍ത്തി.
ഐപിഎല്‍ 17-ാം സീസണില്‍ പുതിയ നായകന്‍ ഹാര്‍ദിക് പാണ്ഡ്യയ്‌ക്ക് കീഴില്‍ കളിക്കുന്ന മുംബൈ ഇന്ത്യന്‍സിന് ഇതേവരെ തിളങ്ങാന്‍ കഴിഞ്ഞിട്ടില്ല. കളിച്ച രണ്ട് മത്സരങ്ങളിലും ടീം തോല്‍വി വഴങ്ങി. സീസണ്‍ ഒപ്പണറില്‍ ഗുജറാത്ത് ടൈറ്റന്‍സിനോടും പിന്നീട് സണ്‍റൈസേഴ്‌സ് ഹൈദരാബാദിനോടുമായിരുന്നു മുംബൈ തോറ്റത്. ഇതോടെ പോയിന്‍റ് പട്ടികയില്‍ നിലവില്‍ ഒമ്പതാമതാണ് അഞ്ച് തവണ ചാമ്പ്യന്മാരായ ടീമുള്ളത്.
ALSO READ: ടീം മുഴുവന്‍ അതു ചെയ്യുമ്പോള്‍, ക്യാപ്റ്റന് മാത്രം എന്തുകൊണ്ട് പറ്റില്ല; ഹാര്‍ദിക്കിനെതിരെ വിമര്‍ശനം - Irfan Pathan Against Hardik Pandya
അതേസമയം ജൂണ്‍ ഒന്ന് മുതല്‍ യുഎസ്എയിലും വെസ്റ്റ് ഇൻഡീസിലുമായി ടി20 ലോകകപ്പ് നടക്കുന്നത്. ചിരവൈരികളായ പാകിസ്ഥാന്‍ ഉള്‍പ്പെട്ട ഗ്രൂപ്പ് എയിലാണ് ഇന്ത്യ പ്രാഥമിക ഘട്ടം കളിക്കുന്നത്. ആതിഥേയരായ അമേരിക്ക, അയര്‍ലന്‍ഡ്, കാനഡ എന്നിവരാണ് ഗ്രൂപ്പിലെ മറ്റ് എതിരാളികള്‍. കഴിഞ്ഞ ടി20 ലോകകപ്പില്‍ സെമിയിലായിരുന്നു ഇന്ത്യയുടെ പുറത്താവല്‍. ഇത്തവണ കിരീടം നേടാനുറച്ചാണ് രോഹിത് ശര്‍മയും സംഘവും ടൂര്‍ണമെന്‍റിനിറങ്ങുക എന്നത് ഏറെ ഉറപ്പ്.