മുംബൈ : ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന് (IPL 2024) അരങ്ങുണരാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ മുംബൈ ഇന്ത്യന്‍സ് (Mumbai Indians) ആരാധകര്‍ക്ക് ആശങ്കയായി സ്റ്റാര്‍ ബാറ്റര്‍ സൂര്യകുമാര്‍ യാദവിന്‍റെ (Suryakumar Yadav) ഇന്‍സ്റ്റഗ്രാം സ്റ്റോറി. തകര്‍ന്ന ഹൃദയത്തിന്‍റെ ഇമോജിയാണ് സൂര്യകുമാര്‍ യാദവ് ഇന്‍സ്റ്റഗ്രാമില്‍ സ്റ്റോറിയിട്ടിരിക്കുന്നത്. മുംബൈ ഇന്ത്യന്‍സിലെ ക്യാപ്റ്റന്‍സി വിവാദം വീണ്ടും കത്തിക്കയറുന്നതിന്‍റെ പശ്ചാത്തലത്തിലാണ് സൂര്യയുടെ പ്രതികരണം.
നേരത്തെ ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്നും രോഹിത് ശര്‍മയെ (Rohit Sharma) മാറ്റി ഹാര്‍ദിക് പാണ്ഡ്യയ്‌ക്ക് (Hardik Pandya) ചുമതല നല്‍കിയ മുംബൈയുടെ പ്രഖ്യാപനത്തിന് പിന്നാലെ 'ഹൃദയം തകർന്നത്' കാണിക്കുന്ന ഇമോജി തന്‍റെ എക്‌സ് അക്കൗണ്ടില്‍ സൂര്യ പങ്കുവച്ചിരുന്നു. തകര്‍ന്ന ഇമോജി വീണ്ടും ഇട്ട സൂര്യയുടെ നടപടിക്ക് പിന്നിലെ കാരണം എന്തെന്ന് വ്യക്തമല്ല. എന്നാല്‍ ദേശീയ ക്രിക്കറ്റ് അക്കാദമിയുടെ (എൻസിഎ) ഫിറ്റ്‌നസ് ക്ലിയറന്‍സ് ലഭിക്കാത്തതിനാല്‍ ഐപിഎല്ലില്‍ ഗുജറാത്ത് ടൈറ്റന്‍സിന് എതിരായ മുംബൈയുടെ ആദ്യ മത്സരം 33-കാരന് നഷ്‌ടമാവുമെന്ന് നേരത്തെ തന്നെ റിപ്പോര്‍ട്ടുണ്ട്.
ഒരു പക്ഷെ ഇതാവാം സൂര്യയുടെ ഇന്‍സ്റ്റഗ്രാം സ്റ്റോറിക്ക് പിന്നിലെന്നാണ് ചില ആരാധകര്‍ പറയുന്നത്. സ്‌പോർട്‌സ് ഹെർണിയയ്ക്കുള്ള ശസ്‌ത്രക്രിയക്ക് ശേഷം നിലവില്‍ ദേശീയ ക്രിക്കറ്റ് അക്കാദമിയിലാണ് ടി20 റാങ്കിങ്ങില്‍ ലോക ഒന്നാം നമ്പറായ സൂര്യകുമാറുള്ളത്. ഡിസംബറില്‍ ദക്ഷിണാഫ്രിക്കയ്‌ക്ക് എതിരായ ടി20 പരമ്പരയിലായിരുന്നു സൂര്യ ഇന്ത്യയ്‌ക്കായി അവസാനമായി കളിച്ചത്.
കണങ്കാലിന് പരിക്കേറ്റ താരത്തിന് പിന്നീടാണ് സ്‌പോര്‍ട്‌സ് ഹെര്‍ണിയ സ്ഥിരീകരിക്കുന്നത്. ഇതേത്തുടര്‍ന്ന് അഫ്‌ഗാനിസ്ഥാനെതിരെ കഴിഞ്ഞ ജനുവരിയില്‍ നടന്ന ടി20 പരമ്പര താരത്തിന് നഷ്‌ടമായിരുന്നു. അതേസമയം രോഹിത് ശര്‍മയെ തെറിപ്പിച്ച് ഹാര്‍ദിക് പാണ്ഡ്യയെ മുംബൈ ഇന്ത്യന്‍സ് ക്യാപ്റ്റനാക്കിയ വിവാദം ചെറിയ തോതിലെങ്കിലും അമര്‍ന്നിരുന്നു. എന്നാല്‍ ഫ്രാഞ്ചൈസി ഇന്നലെ നടത്തിയ വാര്‍ത്താസമ്മേളനത്തോടെ ഇതുവീണ്ടും ചര്‍ച്ചയിലേക്ക് എത്തിയിരിക്കുകയാണ്.