കേരളം

kerala

ETV Bharat / sports

റിഷഭ് പന്ത് സിഎസ്‌കെയിലേക്ക്! വമ്പൻ സൂചന നല്‍കി സുരേഷ് റെയ്‌ന

മെഗാ താരലേലത്തിന് മുന്‍പായി ഡല്‍ഹി കാപിറ്റല്‍സ് റിഷഭ് പന്തിനെ റിലീസ് ചെയ്‌തിരുന്നു. പന്തിനെ ഒഴിവാക്കിയ ഡല്‍ഹി ട്രിസ്റ്റണ്‍ സ്റ്റബ്‌സ്, അക്‌സര്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, അഭിഷേക് പോറല്‍ എന്നിവരെയാണ് ടീമില്‍ നിലനിര്‍ത്തിയത്.

RISHABH PANT IPL 2025  RISHABH PANT CSK  DHONI RISHABH PANT  റിഷഭ് പന്ത്
Rishabh Pant and MS Dhoni (ANI)

By ETV Bharat Kerala Team

Published : 5 hours ago

ന്യൂഡല്‍ഹി: ഐപിഎല്‍ പതിനെട്ടാം പതിപ്പിലേക്കുള്ള മെഗാ താരലേലത്തിന് മുന്നോടിയായ് ടീമില്‍ നിലനിര്‍ത്തുന്ന താരങ്ങളുടെ പട്ടിക കഴിഞ്ഞ ദിവസമാണ് ഫ്രാഞ്ചൈസികള്‍ പുറത്തുവിട്ടത്. റിഷഭ് പന്ത്, കെഎല്‍ രാഹുല്‍, ജോസ് ബട്‌ലര്‍, മിച്ചല്‍ സ്റ്റാര്‍ക്ക്, ശ്രേയസ് അയ്യര്‍ തുടങ്ങി വമ്പന്മാരായ നിരവധി താരങ്ങളെയാണ് ടീമുകള്‍ കയ്യൊഴിഞ്ഞത്. ഇതില് ഡല്‍ഹി കാപിറ്റല്‍സ് താരമായിരുന്ന റിഷഭ് പന്തിന്‍റെ വരവ് നേരത്തെ തന്നെ ഏവരും പ്രതീക്ഷിച്ചിരുന്നതാണ്.

ടീം ഉടമകളുമായി നടത്തിയ ചര്‍ച്ചയില്‍ റിഷഭ് പന്ത് പ്രതിഫലം കൂട്ടി ചോദിച്ചിരുന്നു എന്ന തരത്തില്‍ നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. 18 കോടിയ്‌ക്ക് ടീമില്‍ തുടരാൻ താത്പര്യമില്ലെന്ന് പന്ത് തന്നെ ടീം ഉടമകളെ അറിയിച്ചിരുന്നതായാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കിയിരുന്നത്. എന്നാല്‍, പന്തിന്‍റെ ആവശ്യങ്ങള്‍ അംഗീകരിക്കാതിരുന്ന ഫ്രാഞ്ചൈസി താരത്തെ ഒഴിവാക്കി ട്രിസ്റ്റണ്‍ സ്റ്റബ്‌സ്, അക്‌സര്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, അഭിഷേക് പോറല്‍ എന്നിവരെ നിലനിര്‍ത്തുകയായിരുന്നു.

മെഗാ താരലേലത്തിലേക്ക് റിഷഭ് പന്തും എത്തിപ്പെട്ടതോടെ ഇന്ത്യൻ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ അടുത്ത സീസണില്‍ ഏത് ടീമില്‍ കളിക്കുമെന്ന ചര്‍ച്ചകളും ആരാധകര്‍ക്കിടയില്‍ ഉടലെടുത്തിട്ടുണ്ട്. ലേലത്തില്‍ പന്തിനായി റെക്കോഡ് തുക ചെലവഴിക്കാൻ ടീമുകള്‍ തയ്യാറായേക്കുമെന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍. എന്നാല്‍, ആ ടീം ഏതായിരിക്കുമെന്നാണ് ആരാധകരും ഉറ്റുനോക്കുന്നത്.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം

ഡല്‍ഹി കാപിറ്റല്‍സ് മുൻ പരിശീലകൻ റിക്കി പോണ്ടിങ്ങ് പുതിയ സീസണില്‍ പഞ്ചാബ് കിങ്സിനൊപ്പമാണുള്ളത്. പഞ്ചാബാകട്ടെ പ്രഭ്‌സിമ്രാൻ സിങ്, ശശാങ്ക് സിങ് എന്നീ രണ്ട് താരങ്ങളെ മാത്രമെ ടീമിലും നിലനിര്‍ത്തിയിട്ടുള്ളു. ഇതോടെ, റിഷഭ് പന്തിനെ പഞ്ചാബ് കിങ്സിലേക്ക് എത്തിക്കാനുള്ള ശ്രമങ്ങള്‍ റിക്കി പോണ്ടിങ് നടത്തിയേക്കുമെന്നും അഭ്യൂഹങ്ങള്‍ ശക്തമാണ്.

എന്നാല്‍, റിഷഭ് പന്തിന്‍റെ അടുത്ത ഐപിഎല്‍ ടീം ഏതായിരിക്കുമെന്ന കാര്യത്തില്‍ ഇപ്പോള്‍ വമ്പൻ വെളിപ്പെടുത്തല്‍ നടത്തിയിരിക്കുകയാണ് മുൻ ഇന്ത്യൻ താരം സുരേഷ് റെയ്‌ന. റിഷഭ് പന്തിനെ ചെന്നൈ സൂപ്പര്‍ കിങ്സ് സ്വന്തമാക്കുമെന്നാണ് മുൻ സിഎസ്‌കെ താരം കൂടിയായ റെയ്‌നയുടെ അഭിപ്രായം. അടുത്തിടെ ഡല്‍ഹിയില്‍ വച്ച് ധോണിയെ കണ്ടപ്പോള്‍ എടുത്ത ചിത്രം റെയ്‌ന ആരാധകരുമായി പങ്കിട്ടിരുന്നു.

'ഞാൻ ധോണിയെ ഡല്‍ഹിയില്‍ വച്ച് കണ്ടിരുന്നു, അന്ന് പന്തും ഉണ്ടായിരുന്നു അവിടെ. എന്തോ വലിയൊരു കാര്യം സംഭവിക്കാൻ പോകുകയാണെന്നാണ് ഞാൻ കരുതുന്നത്. എത്രയും പെട്ടന്ന് തന്നെ ഒരാളെ മഞ്ഞ ജഴ്‌സിയില്‍ കാണാൻ സാധിക്കും'- ജിയോ സിനിമയിലെ പരിപാടിക്കിടെയായിരുന്നു റെയ്‌നയുടെ വെളിപ്പെടുത്തല്‍.

2025ലെ ഐപിഎല്‍ പതിപ്പിന് മുന്നോടിയായി നാല് കോടിക്കാണ് ചെന്നൈ സൂപ്പര്‍ കിങ്സ് എംഎസ് ധോണിയെ ടീമില്‍ നിലനിര്‍ത്തിയത്. 43കാരനായ ധോണി അധികം നാള്‍ ഒരുപക്ഷെ ഐപിഎല്ലിലും കളിക്കാനിടയില്ല. ഈ സാഹചര്യത്തില്‍ ധോണിയുടെ പകരക്കാരനായി ഒരാളെ ചെന്നൈയ്‌ക്ക് കണ്ടെത്തേണ്ടതുണ്ട്. ഇന്ത്യൻ ടീമില്‍ നിന്നും ധോണി വിരമിച്ചപ്പോള്‍ ടീമിന്‍റെ സ്ഥിരം വിക്കറ്റ് കീപ്പര്‍ ബാറ്ററായെത്തിയത് പന്തായിരുന്നു. ഇതേ മാതൃക പിന്തുടരാനുള്ള ശ്രമങ്ങളായിരിക്കും ചെന്നൈ സൂപ്പര്‍ കിങ്സും.

Also Read :ധോണി തുടരും, രചിൻ രവീന്ദ്രയെ കയ്യൊഴിഞ്ഞു; ചെന്നൈ സൂപ്പര്‍ കിങ്സ് നിലനിര്‍ത്തിയത് ഈ താരങ്ങളെ

ABOUT THE AUTHOR

...view details