തിരുവനന്തപുരം: ഹോം ഗ്രൗണ്ടായ ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ സൂപ്പർ ലീഗ് കേരള രണ്ടാം റൗണ്ടിലെ മൂന്നാം മത്സരത്തിൽ ട്രിവാൻഡ്രം കൊമ്പൻസ് നാളെ (സെപ്‌റ്റംബര്‍ 16) തൃശൂർ മാജിക് എഫ്‌സിയുമായി ഏറ്റുമുട്ടും. കാലിക്കറ്റ് എഫ് സിയുമായുള്ള ടൂർണമെന്‍റിലെ ആദ്യ മത്സരത്തിൽ ഓരോ ഗോളിന്‍റെ സമനിലയിലായിരുന്നു പിരിഞ്ഞത്. രണ്ടാം മത്സരത്തിൽ സ്വന്തം കാണികളുടെ മുന്നിലെത്തുമ്പോൾ ആദ്യ മത്സരത്തിൽ ടീമിന്‍റെ ഓട്ടേമർ ബിസ്‌പോയ്ക്കും പാപുയയ്ക്കും ലഭിച്ച മഞ്ഞ കാർഡുകൾ ടീമിനെ ബാധിച്ചിട്ടുണ്ട്.
ഹോം ഗ്രൗണ്ടിൽ വിജയം നേടിയാൽ ടീമിന് 3 പോയിന്‍റുകൾ ലഭിക്കും. ട്രിവാൻഡ്രം കൊമ്പൻസിന് പരിക്കിന്‍റെ ആശങ്കയില്ലെങ്കിലും അനുഭവ സമ്പന്നനായ സികെ വിനീതിന്‍റെ നേതൃത്വത്തിലാണ് നാളെ തൃശൂർ മാജിക് എഫ്‌സി പന്ത് തട്ടാനെത്തുന്നത്. കളിക്ക് മുന്നോടിയായി പുനരുദ്ധരിച്ച സ്റ്റേഡിയത്തിലെ ഫ്ലഡ് ലൈറ്റുകൾ ഇന്നലെ സ്വിച്ച് ഓൺ ചെയ്‌തിരുന്നു. ആദ്യ മത്സരത്തിൽ കണ്ണൂർ വാരിയേഴ്‌സുമായി 1-2ന് തോൽവി വഴങ്ങിയ തൃശൂർ മാജിക് എഫ്‌സിയുടെ അക്രമണ നീക്കങ്ങൾക്ക് പ്രധാന വെല്ലുവിളി കൊമ്പൻസിന്‍റെ ഗോൾ കീപ്പർ മൈക്കേൽ അമേരിക്കോയാണ്.
ട്രിവാൻഡ്രം കൊമ്പൻസിന്‍റെ നായകൻ പാട്രിക് മോത്ത നയിക്കുന്ന മധ്യനിരയും പ്രതിരോധ നിരയിൽ റെനാൻ ജനുവരിയോയുടെ സാന്നിധ്യവും തൃശൂരിന്‍റെ ആക്രമണ നീക്കങ്ങളെ സമ്മർദ്ദത്തിലാക്കും. ടിക്കറ്റുകൾ ക്ലബ്ബിന്‍റെ വെബ്സൈറ്റ് ആയ http://www.kombansfc.com/ നിന്നും കൂടാതെ insider.inൽ നിന്നും വാങ്ങാനാകും.