കോഴിക്കോട്:സൂപ്പർ ലീഗ് കേരള ഫുട്ബോളിലെ പ്രഥമ ചാമ്പ്യനെ അറിയാന്‍ ഇനി മൂന്ന് മത്സരങ്ങള്‍ ബാക്കി. ഇന്നും നാളെയുമായി സെമി മത്സരങ്ങള്‍ കോഴിക്കോട് കോർപറേഷൻ സ്റ്റേഡിയത്തിൽ നടക്കും. 10ന് കലാശപ്പോരാട്ടവും നടക്കും. ആദ്യ സെമി മത്സരത്തിൽ കാലിക്കറ്റ് എഫ്.സിയും തിരുവനന്തപുരം കൊമ്പൻസും തമ്മില്‍ ഏറ്റുമുട്ടും. നാളെ രണ്ടാംസെമിയിൽ കണ്ണൂർ വാരിയേഴ്‌സും ഫോഴ്‌സ കൊച്ചിയും പോരാടും. രാത്രി 7.30നാണ് മത്സരം.
തങ്ങളുടെ ഹോം ഗ്രൗണ്ടില്‍ കൊമ്പൻസിനെതിരെ വിജയം കൊയ്യാനാകുമെന്ന പ്രതീക്ഷയിലാണ് കാലിക്കറ്റ് ഇറങ്ങുക. അഞ്ച് ജയവും നാല് സമനിലയുമായി പോയന്‍റ് പട്ടികയില്‍ ഒന്നാം സ്ഥാനക്കാർ എന്ന പകിട്ടോടെ കാലിക്കറ്റ് സെമിയിലെത്തിയപ്പോള്‍ മൂന്ന് ജയവും നാല് സമനിലയുമുള്ള കൊമ്പൻസ് അവസാന നിമിഷമാണ് സെമി ബെര്‍ത്ത് ഉറപ്പിച്ചത്.
ഇരു ടീമുകളും രണ്ടു തവണ ഏറ്റുമുട്ടിയപ്പോൾ ആദ്യ മത്സരത്തിൽ കാലിക്കറ്റ് 4-1ന് വിജയിച്ചു. കോഴിക്കോട്ടു നടന്ന രണ്ടാംകളിയില്‍ 1-1 കൊമ്പന്‍സ് കാലിക്കറ്റിനെ സമനിലയിൽ കുരുക്കി. ഇയാൻ ആൻഡ്രു ഗില്ലനാണ് കലിക്കറ്റിന്‍റെ പരിശീലകൻ.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
കളിക്കാരുടെ വ്യക്തിഗത മികവിലും ടീം എന്ന നിലയിലും ശക്തരാണ് കാലിക്കറ്റ്. നിരവധി കാലിക്കറ്റിന്‍റെ താരങ്ങളാണ് ലീഗിൽ വ്യക്തിഗത മികവിൽ മുന്നില്‍ നില്‍ക്കുന്നത്. ഗനി അഹമ്മദ് നിഗം(മൂന്ന് ഗോളും മൂന്ന് അസിസ്റ്റും), നാല് ഗോളുമായി ടോപ് സ്‌കോറർ സ്ഥാനത്തേക്ക് മത്സരിക്കുന്ന ബെൽഫോർട്ട്, ഗോൾ തടയുകയും ഗോളടിക്കുകയും ചെയ്യുന്ന അബ്ദുൽ ഹക്കു തുടങ്ങിയവരെല്ലാം കാലിക്കറ്റിന്‍റെ കരുത്താണ്. ലീഗില്‍ 18 ഗോളോടെ കൂടുതല്‍ ഗോള്‍ നേടിയ ടീമും കാലിക്കറ്റാണ്.
ബ്രസീലിയൻ കോച്ചും കളിക്കാരുമാണ് കൊമ്പൻസിന്‍റെ കരുത്ത്. പരിശീലകന്‍ സെർജിയോ അലക്സാണ്ടറിനു കീഴിൽ നായകന്‍ പാട്രിക് മോട്ട, ഓട്ടിമർ ബിസ്‌പൊ, ഗോളി മിഖായേൽ സാന്‍റോസ്, തുടങ്ങിയവർ മികച്ച ഫോമിലാണ്. അബ്ദുൽ ബാദിശ്, ഗണേശൻ തുടങ്ങിയ സീസണൽ കളിക്കാരും ടീമിന്‍റെ മികവുറ്റവരാണ്. 14 ഗോളുകള്‍ കൊമ്പന്‍സില്‍ നിന്ന് പിറന്നപ്പോള്‍ 15 എണ്ണം വഴങ്ങി.
Also Read:ഫുട്ബോള്‍ മത്സരത്തിനിടെ മിന്നലേറ്റ് കളിക്കാരന് ദാരുണാന്ത്യം, ഞെട്ടിപ്പിക്കുന്ന വീഡിയോ