കേരളം

kerala

ETV Bharat / sports

'അടി', 'അടിയോടടി..!' ഉപ്പല്‍ സ്റ്റേഡിയത്തില്‍ 'റണ്‍സ് പ്രളയം'; പഴങ്കഥയായി നിരവധി റെക്കോഡുകള്‍ - SRH vs MI IPL 2024 Records - SRH VS MI IPL 2024 RECORDS

സണ്‍റൈസേഴ്‌സ് ഹൈദരാബാദും മുംബൈ ഇന്ത്യൻസും തമ്മിലേറ്റുമുട്ടിയ ഐപിഎല്‍ പതിനേഴാം പതിപ്പിലെ എട്ടാം മത്സരത്തിലെ റെക്കോഡുകള്‍.

SRH VS MI  IPL 2024  SUNRISERS HYDERABAD RECORDS  MUMBAI INDIANS
SRH VS MI

By ETV Bharat Kerala Team

Published : Mar 28, 2024, 7:13 AM IST

ഹൈദരാബാദ്: ഐപിഎല്‍ പതിനേഴാം പതിപ്പിലെ (IPL 2024) സണ്‍റൈസേഴ്‌സ് ഹൈദരാബാദും (Sunrisers Hyderabad) മുംബൈ ഇന്ത്യൻസ് (Mumbai Indians) മത്സരം. ആരാധകര്‍ അത്ര പെട്ടന്ന് ഒന്നും ഈ മത്സരം മറന്നേക്കില്ല. കാരണം, കളി കാണാൻ എത്തിയവര്‍ക്ക് കുട്ടി ക്രിക്കറ്റിന്‍റെ എല്ലാ സൗന്ദര്യവും സമ്മാനിക്കുന്നതായിരുന്നു ഹൈദരാബാദിലെ രാജീവ് ഗാന്ധി അന്താരാഷ്‌ട്ര സ്റ്റേഡിയത്തില്‍ നടന്ന പോരാട്ടം.

മത്സരത്തില്‍ ടോസ് നഷ്‌ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്യാനെത്തിയ ആതിഥേയരായ സണ്‍റൈസേഴ്‌സ് അടിച്ചെടുത്തത് നിശ്ചിത ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്‌ടത്തില്‍ 277 റണ്‍സ്. ഓപ്പണര്‍ ട്രാവിസ് ഹെഡ് ആണ് വെടിക്കെട്ടിന് തിരികൊളുത്തിയത്. 24 പന്തില്‍ 62 റണ്‍സ് ഹെഡിന്‍റെ ബാറ്റില്‍ നിന്നും പിറന്നു.

മൂന്നാം നമ്പറില്‍ എത്തിയ അഭിഷേക് ശര്‍മയും കത്തിക്കയറി. 23 പന്തില്‍ 63 റണ്‍സ്. ഒടുവില്‍ ഹെൻറിച്ച് ക്ലാസനും (34 പന്തില്‍ 80*) എയ്‌ഡൻ മാര്‍ക്രവും (28 പന്തില്‍ 42*) ഉപ്പല്‍ സ്റ്റേഡിയത്തെ പൂരപ്പറമ്പാക്കി മാറ്റിയതോടെ ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന ടീം ടോട്ടല്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് തങ്ങളുടെ പേരിലാക്കി (Highest Team Total In IPL).

അവിടെ തകര്‍ന്നത് റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു കഴിഞ്ഞ 11 കൊല്ലമായി കാത്ത് സൂക്ഷിച്ച 263 റണ്‍സ് എന്ന റെക്കോഡും. മറുപടി ബാറ്റിങ്ങില്‍ മുംബൈ ഇന്ത്യൻസും വിട്ടുകൊടുക്കാൻ തയ്യാറായില്ല. രോഹിത് ശര്‍മ (12 പന്തില്‍ 26), ഇഷാൻ കിഷൻ (13 പന്തില്‍ 34) എന്നിവര്‍ വെടിക്കെട്ട് തുടക്കം സന്ദര്‍ശകര്‍ക്കും സമ്മാനിച്ചു. നമാൻ ദിറും (14 പന്തില്‍ 30), തിലക് വര്‍മയും (34 പന്തില്‍ 64) ടീമിന് ജയപ്രതീക്ഷ സമ്മാനിച്ചു. എന്നാല്‍, കൃത്യതയോടെ പന്ത് എറിഞ്ഞ് ഹൈ്ദരാബാദ് മത്സരം വരുതിയിലാക്കിയതോടെ 20 ഓവറില്‍ മുംബൈയുടെ പോരാട്ടം അഞ്ച് വിക്കറ്റ് നഷ്‌ടത്തില്‍ 246 റണ്‍സില്‍ അവസാനിച്ചു (SRH vs MI Match Result).

റണ്‍സിന്‍റെ പേമാരി പെയ്‌ത മത്സരം, നിരവധി റെക്കോഡുകളാണ് ഉപ്പല്‍ സ്റ്റേഡിയത്തില്‍ തകര്‍ന്ന് തരിപ്പണമായത് (SRH vs MI IPL 2024 Records). അതില്‍ പ്രധാനപ്പെട്ടതാണ് ഐപിഎല്ലിലെ ഏറ്റവും ഉയര്‍ന്ന ടീം ടോട്ടല്‍. റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിന്‍റെ പക്കലുണ്ടായിരുന്ന റെക്കോഡിന് ഹൈദരാബാദ് പുതിയ ഉടമകളായി മാറി.

ഐപിഎല്ലില്‍ ആദ്യമായി ഒരു മത്സരത്തില്‍ 500+ റണ്‍സ് സ്കോര്‍ബോര്‍ഡിലേക്ക് എത്തി. 523 റണ്‍സാണ് ഉപ്പല്‍ സ്റ്റേഡിയത്തിലെ 40 ഓവറുകളില്‍ നിന്നും സണ്‍റൈസേഴ്‌സ് ഹൈദരാബാദും മുംബൈ ഇന്ത്യൻസും അടിച്ചെടുത്തത് (Most Runs Scored IPL Match). ടി20 ക്രിക്കറ്റിലും ഏറ്റവും കൂടുതല്‍ റണ്‍സ് പിറന്ന മത്സരമായി ഈ പോരാട്ടം മാറി (Most Runs Scored T20 Match)

കഴിഞ്ഞ വര്‍ഷം സെഞ്ചൂറിയനില്‍ നടന്ന ദക്ഷിണാഫ്രിക്ക, വെസ്റ്റ് ഇന്‍ഡീസ് അന്താരാഷ്‌ട്ര ടി20 ആയിരുന്നു ഈ പട്ടികയില്‍ ഒന്നാം സ്ഥാനത്ത്. അന്ന് 517 റണ്‍സാണ് രണ്ട് ടീമും ചേര്‍ന്ന് അടിച്ചെടുത്തത്. ഐപിഎല്ലിലും ടി20 ക്രിക്കറ്റിലും ഏറ്റവും കൂടുതല്‍ സിക്‌സറുകള്‍ പിറന്ന മത്സരവും ഹൈദരാബാദ് മുംബൈ പോരാട്ടം തന്നെ.

38 സിക്‌സറുകളാണ് ഇന്നലെ രാജീവ് ഗാന്ധി അന്താരാഷ്‌ട്ര സ്റ്റേഡിയത്തിന്‍റെ ഗാലറിയിലേക്ക് പറന്നത് (Most Sixes In an IPL Match). ഐപിഎല്ലില്‍ 2018, 2020 വര്‍ഷങ്ങളില്‍ നടന്ന റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു ചെന്നൈ സൂപ്പര്‍ കിങ്‌സ് പോരാട്ടത്തിലും 2020ല്‍ ടീമുകള്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ് രാജസ്ഥാൻ റോയല്‍സ് മത്സരത്തിലും 33 സിക്‌സറുകള്‍ ആണ് ഗാലറിയിലേക്ക് എത്തിയത്. ഈ റെക്കോഡാണ് ഇന്നലെ പഴങ്കഥയായി മാറിയത്.

കൂടുതല്‍ സിക്‌സറുകള്‍ പിറന്ന ടി20 പോരാട്ടങ്ങളുടെ പട്ടികയിലും ഹൈദരാബാദ് മുംബൈ പോരാട്ടം തന്നെ മുന്നില്‍. അഫ്‌ഗാനിസ്ഥാൻ പ്രീമിയര്‍ ലീഗില്‍ ബാല്‍ഖ് ലെജന്‍ഡസും കാബൂള്‍ സ്വാനൻ ടീമുകള്‍ 2018ലും കരീബിയൻ പ്രീമിയര്‍ ലീഗിലെ സൈന്‍റ് കൈറ്റ്‌സ്, ജമൈക്ക ടല്ലാവാഹ്‌സ് ടീമുകള്‍ 2019ല്‍ അടിച്ചുകൂട്ടിയ 37 സിക്‌സറുകള്‍ എന്ന റെക്കോഡാണ് രാജീവ് ഗാന്ധി അന്താരാഷ്‌ട്ര സ്റ്റേഡിയത്തില്‍ തകര്‍ന്നത് (Most Sixes In An T20 Match).

Also Read :ഇതു ചരിത്രം, റൺമലയേറി സൺറൈസേഴ്സ്;മൂന്നിന് 277.നിലം തൊടാതെ മുംബൈ ഇന്ത്യൻസ് - IPL 2024 SRH Vs MI Highlights

ABOUT THE AUTHOR

...view details