ഹൈദരാബാദ് : ഇന്ത്യൻ പ്രീമിയർ ലീഗിന്‍റെ പുതിയ സീസണില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ (Sunrisers Hyderabad ) ഓസ്‌ട്രേലിയന്‍ താരം പാറ്റ് കമ്മിന്‍സ് (Pat Cummins) നയിക്കും. കമ്മിന്‍സിനെ ക്യാപ്റ്റനായി നിയമിച്ചതായി ഫ്രഞ്ചൈസി തങ്ങളുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളിലൂടെ ഔദ്യോഗികമായി അറിയിച്ചു. ഐപിഎല്‍ 2024 സീസണില്‍ ഓറഞ്ച് പടയ്‌ക്ക് 30-കാരനായ കമ്മിന്‍സ് നേതൃത്വം നല്‍കുമെന്ന് നേരത്തെ തന്നെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
എന്നാല്‍ ഇന്നാണ് ഫ്രാഞ്ചൈസി ഇതുസംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം നടത്തിയിരിക്കുന്നത്. ഓസ്‌ട്രേലിയയെ 2023-ല്‍ രണ്ട് ഐസിസി കിരീടങ്ങളിലേക്ക് നയിക്കാന്‍ കമ്മിന്‍സിന് കഴിഞ്ഞിരുന്നു. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ്, ഏകദിന ലോകകപ്പ് കിരീടങ്ങളാണ് കമ്മിന്‍സിന് കീഴില്‍ ഓസീസ് നേടിയെടുത്തത്. ഹൈദരാബാദിന്‍റെ മുഖ്യ പരിശീലകന്‍ ഡാനിയേല്‍ വെട്ടോറിക്കൊപ്പം നേരത്തെ ഓസീസ് ടീമില്‍ പ്രവര്‍ത്തിച്ച പരിചയവും 30-കാരനുണ്ട്.
ഇതാദ്യമായാണ് കമ്മിൻസ് ഐപിഎല്ലിൽ ഒരു ടീമിന്‍റെ ക്യാപ്റ്റനാകുന്നത്. എന്നാല്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്‍റെ രണ്ടാമത്തെ ഓസ്‌ട്രേലിയന്‍ ക്യാപ്റ്റനാണ് കമ്മിന്‍സ്. 2015 മുതൽ 2021 വരെ 67 മത്സരങ്ങളിൽ നയിച്ച ഡേവിഡ് വാർണറാണ് ഫ്രാഞ്ചൈസിയുടെ ആദ്യ ഓസീസ് ക്യാപ്റ്റന്‍.
2023- ഡിസംബറില്‍ ദുബായിൽ നടന്ന താര ലേലത്തിൽ, 20.5 കോടി രൂപയ്ക്കായിരുന്നു കമ്മിൻസിനെ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് തങ്ങളുടെ കൂടാരത്തിലേക്ക് എത്തിച്ചത്. ഇതോടെ ഐപിഎൽ ചരിത്രത്തിലെ ഏറ്റവും ചെലവേറിയ രണ്ടാമത്തെ കളിക്കാരനായും താരം മാറി. റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന്‍റെ കനത്ത വെല്ലുവിളി മറികടന്നാണ് ഓസീസ് ക്യാപ്റ്റനെ ഹൈദരാബാദ് സ്വന്തമാക്കിയത്.