കേരളം

kerala

ETV Bharat / sports

8 ഓവറില്‍ 100 റണ്‍സ്! ഇപ്പോള്‍ തല്ലാം; താളം കണ്ടെത്തിയാല്‍ സ്റ്റാര്‍ക്കിനെ തടുക്കാൻ സാധിക്കില്ലെന്ന് സ്റ്റുവര്‍ട്ട് ബ്രോഡ് - Stuart Broad On Mitchell Starc IPL

ഐപിഎല്‍ പതിനേഴാം പതിപ്പില്‍ ബൗളിങ്ങില്‍ താളം കണ്ടെത്താൻ വിഷമിക്കുന്ന കൊല്‍ക്കത്തയുടെ ഓസീസ് സ്റ്റാര്‍ പേസര്‍ മിച്ചല്‍ സ്റ്റാര്‍ക്കിന് പിന്തുണയുമായി സ്റ്റുവര്‍ട്ട് ബ്രോഡ്.

IPL 2024  MITCHELL STARC STATS IN IPL  MITCHELL STARC STATS FOR KKR  RCB VS KKR
MITCHELL STARC

By ETV Bharat Kerala Team

Published : Mar 30, 2024, 11:40 AM IST

ബെംഗളൂരു :ഇന്ത്യൻ പ്രീമിയര്‍ ലീഗിന്‍റെ (ഐപിഎല്‍) പതിനേഴാം പതിപ്പില്‍ 24.75 കോടി മുടക്കി ഏറെ പ്രതീക്ഷകളോടെയാണ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് മിച്ചല്‍ സ്റ്റാര്‍ക്കിനെ കൂടാരത്തില്‍ എത്തിച്ചത്. എന്നാല്‍, കെകെആര്‍ പ്രതീക്ഷിച്ച പ്രകടനമല്ല സ്റ്റാര്‍ക്കിന്‍റെ ഭാഗത്ത് നിന്നുമുണ്ടായത്. ടൂര്‍ണമെന്‍റിലെ ആദ്യ രണ്ട് മത്സരങ്ങളില്‍ നിന്നും എട്ട് ഓവര്‍ പന്തെറിഞ്ഞിട്ടും വിക്കറ്റ് ഒന്നും നേടാൻ സാധിക്കാത്ത സ്റ്റാര്‍ക്കിന് 100 റണ്‍സാണ് വഴങ്ങേണ്ടി വന്നത്.

ആദ്യ മത്സരത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരെ 53 റണ്‍സും രണ്ടാമത്തെ കളിയില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെതിരെ 47 റണ്‍സുമായിരുന്നു സ്റ്റാര്‍ക്കിന് വിട്ടുകൊടുക്കേണ്ടി വന്നത്. നീണ്ട ഇടവേളയ്‌ക്ക് ശേഷം ഐപിഎല്‍ കളിക്കാനെത്തിയ താരം ബൗളിങ്ങില്‍ താളം കണ്ടെത്താൻ വിഷമിക്കുന്ന കാഴ്‌ചയാണ് നിലവില്‍ കാണാൻ കഴിയുന്നത്. എന്നാല്‍, ഈ സാഹചര്യത്തിലും മിച്ചല്‍ സ്റ്റാര്‍ക്ക് തന്‍റെ മികവിലേക്ക് ഉയരുമെന്ന ആത്മവിശ്വാസം പ്രകടിപ്പിച്ചിരിക്കുകയാണ് മുൻ ഇംഗ്ലണ്ട് പേസര്‍ സ്റ്റുവര്‍ട്ട് ബ്രോഡ്.

ആദ്യ രണ്ട് മത്സരവും ജയിച്ചതുകൊണ്ട് തന്നെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് നിരയില്‍ സ്റ്റാര്‍ക്കിന്‍റെ സ്ഥാനം സുരക്ഷിതമാണെന്നാണ് ബ്രോഡിന്‍റെ അഭിപ്രായം. സീസണിലെ ആദ്യ കളിയില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനോട് നാല് വിക്കറ്റിനായിരുന്നു കൊല്‍ക്കത്തയുടെ ജയം. രണ്ടാമത്തെ കളിയില്‍ ആര്‍സിബിയെ ഏഴ് വിക്കറ്റിനായിരുന്നു അവര്‍ തകര്‍ത്തത്.

'കളിച്ച രണ്ട് മത്സരങ്ങളും ജയിച്ച ടീമിനൊപ്പമാണ് ഇപ്പോള്‍ മിച്ചല്‍ സ്റ്റാര്‍ക്ക് ഉള്ളത്. സാധാരണ ഇത്തരം സാഹചര്യങ്ങളില്‍ ആരുംവിന്നിങ് കോമ്പിനേഷൻ മാറ്റി പരീക്ഷിക്കാൻ തയ്യാറാകാറില്ല. എന്നാല്‍, സ്റ്റാര്‍ക്ക് എട്ട് ഓവര്‍ പന്തെറിഞ്ഞ് 100 റണ്‍സ് വിട്ടുകൊടുത്തിട്ട് ടീം പരാജയപ്പെട്ടിരുന്നെങ്കില്‍ ഉറപ്പായും ടീമില്‍ അദ്ദേഹത്തിന്‍റെ സ്ഥാനത്തെ കുറിച്ച ചോദ്യങ്ങള്‍ ഉയരും.

എന്നാല്‍, ഇവിടെ കാര്യങ്ങള്‍ അങ്ങനെയല്ല. രണ്ട് കളിയും ജയിച്ചതുകൊണ്ട് തന്നെ സ്റ്റാര്‍ക്കിന് ഇനിയും സമയം ലഭിക്കും. റെക്കോഡ് തുകയ്‌ക്ക് ടീമില്‍ എത്തിച്ചതുകൊണ്ട് തന്നെ താളം കണ്ടെത്താൻ 5-7 കളികളില്‍ ഉറപ്പായും സ്റ്റാര്‍ക്കിനെ കളിപ്പിക്കാനും അവര്‍ തയ്യാറാകും. താളം കണ്ടെത്തി കഴിഞ്ഞാല്‍ ഏറ്റവും അപകടകാരിയായ ബൗളറായി തന്നെ സ്റ്റാര്‍ക്ക് മാറുമെന്ന കാര്യം ഉറപ്പാണ്. ഐപിഎല്‍ മത്സരങ്ങള്‍ കളിച്ചുള്ള പരിചയക്കുറവാണ് ഇപ്പോള്‍ അദ്ദേഹത്തിന് തിരിച്ചടിയായിരിക്കുന്നത്' -സ്റ്റാര്‍ സ്പോര്‍ട്‌സ് പരിപാടിയില്‍ സ്റ്റുവര്‍ട്ട് ബ്രോഡ് പറഞ്ഞു.

Also Read :ചിന്നസ്വാമിയിലെ 'വമ്പൻ ജയം', പോയിന്‍റ് പട്ടികയില്‍ രാജസ്ഥാനെ പിന്നിലാക്കി കെകെആര്‍ മുന്നേറ്റം - IPL 2024 Points Table Updated

ABOUT THE AUTHOR

...view details