ജൊഹോർ ബഹ്‌റു: സുൽത്താൻ ഓഫ് ജോഹർ കപ്പിൽ ഇന്ത്യൻ ജൂനിയർ പുരുഷ ഹോക്കി ടീമിന് വിജയത്തുടക്കം. ജപ്പാനെ 4-2 ന് തോല്‍പ്പിച്ചാണ് ഇന്ത്യ വരവറിയിച്ചത്. ഹോക്കി ഇതിഹാസ താരവും മലയാളിയുമായ പി. ആര്‍ ശ്രീജേഷ് പരിശീലിപ്പിക്കുന്ന ഇന്ത്യയുടെ ജൂനിയര്‍ ടീം തകര്‍പ്പന്‍ ജയമാണ് സ്വന്തമാക്കിയത്. ഇന്ത്യക്കായി അമീർ അലി (12), ഗുർജോത് സിങ് (36), ആനന്ദ് സൗരഭ് കുശ്വാഹ (44), അങ്കിത് പാൽ (47) എന്നിവരാണ് വിജയഗോളുകൾ നേടിയത്.
മത്സരത്തിന്‍റെ തുടക്കത്തില്‍ തന്നെ സ്‌കോര്‍ നേടാനുള്ള ആക്രമണം ഇന്ത്യ ശക്തമാക്കിയിരുന്നു. 12-ാം മിനിറ്റിൽ അമീർ അലി മികച്ച ഫീൽഡ് ഗോൾ നേടിയപ്പോൾ ജാപ്പനീസ് താരങ്ങള്‍ പ്രതിരോധത്തിലായി. 26-ാം മിനിറ്റിൽ സുബാസ തനക ഗോൾ നേടിയതോടെ തുടക്കത്തിലെ തിരിച്ചടിയിൽ നിന്ന് ജപ്പാൻ തിരിച്ചുവന്നു. എന്നാല്‍ സമനില ഗോൾ ഇന്ത്യയുടെ മനോവീര്യം കെടുത്തിയില്ല.
കഴിഞ്ഞ മാസം ഏഷ്യൻ ചാമ്പ്യൻസ് ട്രോഫിയിൽ സീനിയർ ഇന്‍റർനാഷണലില്‍ അരങ്ങേറ്റം കുറിച്ച ഗുർജോത് സിംഗ് മികച്ച ഫീൽഡ് ഗോൾ നേടിയപ്പോൾ ആദ്യപകുതിക്ക് ശേഷം ഇന്ത്യ ലീഡ് തിരിച്ചുപിടിച്ചു. ജപ്പാൻ ഗോൾകീപ്പർ കിഷോ കുറോഡയെ തകർപ്പൻ ഡ്രാഗ് ഫ്ലിക്കിലൂടെ തകർത്താണ് ആനന്ദ് സൗരഭ് കുശ്വാഹ ഇന്ത്യയുടെ മൂന്നാം ഗോൾ നേടിയത്.