12 വര്‍ഷത്തെ ഇടവേളയ്‌ക്ക് ശേഷം യുവേഫ യൂറോ കപ്പില്‍ മുത്തമിട്ടിരിക്കുകയാണ് സ്‌പെയിൻ. ബെര്‍ലിനില്‍ നടന്ന കലാശപ്പോരാട്ടത്തില്‍ ഇംഗ്ലണ്ടിനെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് തകര്‍ത്താണ് സ്പാനിഷ് സംഘം ചാമ്പ്യൻ പട്ടം സ്വന്തമാക്കിയത്. ഒരു മത്സരം പോലും തോല്‍ക്കാതെ സമ്പൂര്‍ണ ആധിപത്യത്തോടയാണ് ടൂര്‍ണമെന്‍റില്‍ സ്പെയിന്‍റെ കിരീട നേട്ടം.
യൂറോ കപ്പില്‍ സ്പെയിന്‍റെ ഈ കിരീട നേട്ടത്തിന് പിന്നില്‍ മറ്റൊരു കൗതുകകരമായ ഭാഗ്യ ചരിത്രത്തിന്‍റെ കഥ കൂടിയുണ്ട്. ഒരു സ്പാനിഷ് താരം ടെന്നിസില്‍ ഗ്രാൻഡ്സ്ലാം കിരീടം നേടിയ വര്‍ഷങ്ങളിലെല്ലാം സ്പെയിന് ഫുട്‌ബോളിലും പ്രധാന നേട്ടങ്ങള്‍ സ്വന്തമാക്കാൻ സാധിച്ചിട്ടുണ്ട്. സ്പെയിന്‍റെ യൂറോ കപ്പ്, ലോകകപ്പ്, നേഷൻസ് ലീഗ് കിരീടനേട്ടങ്ങള്‍ക്ക് പിന്നിലാണ് ഈ ഭാഗ്യചരിത്രവും.
1964ല്‍ ആയിരുന്നു സ്പെയിൻ ആദ്യമായി യൂറോ കപ്പില്‍ ചാമ്പ്യന്മാരാകുന്നത്. ആ വര്‍ഷം മാനുവല്‍ സന്‍റാനയായിരുന്നു ഫ്രഞ്ച് ഓപ്പണ്‍ കിരീടം നേടിയത്. 2008ല്‍ സ്പാനിഷ് സംഘം ഫിഫ ലോകകപ്പ് ഉയര്‍ത്തിയപ്പോഴും ഈ ചരിത്രം ആവര്‍ത്തിച്ചു.
ടെന്നിസ് ഇതിഹാസം റാഫേല്‍ നദാല്‍ ആയിരുന്നു അന്ന് ഗ്രാൻഡ്‌സ്ലാം കിരീടങ്ങള്‍ നേടിയത്. ഫ്രഞ്ച് ഓപ്പണിനൊപ്പം വിംബിള്‍ഡണും അന്ന് നദാലിന് സ്വന്തമാക്കാനായി. 2012ല്‍ നദാല്‍ വീണ്ടും ഫ്രഞ്ച് ഓപ്പണിലൂടെ ഗ്രാൻഡ്സ്ലാം സ്വന്തമാക്കി. ആ വര്‍ഷവും സ്പെയിന്‍ യൂറോ കപ്പില്‍ മുത്തമിട്ടിരുന്നു.