കേരളം

kerala

ETV Bharat / sports

കിട്ടിയ കളി കൈവിട്ട് നേപ്പാള്‍, തോല്‍വി ഒരു റണ്ണിന്; ഗ്രൂപ്പില്‍ അപരാജിതരായി ദക്ഷിണാഫ്രിക്ക - South Africa vs Nepal Result - SOUTH AFRICA VS NEPAL RESULT

ടി20 ലോകകപ്പില്‍ നേപ്പാളിനെതിരായ മത്സരത്തില്‍ ദക്ഷിണാഫ്രിക്കയ്‌ക്ക് ഒരു റണ്ണിന്‍റെ ജയം.

T20 WORLD CUP 2024  SA VS NEP  ദക്ഷിണാഫ്രിക്ക നേപ്പാള്‍  ടി20 ലോകകപ്പ്
SOUTH AFRICA VS NEPAL (ICC/ X)

By ETV Bharat Kerala Team

Published : Jun 15, 2024, 10:10 AM IST

Updated : Jun 15, 2024, 11:01 AM IST

കിങ്‌സ്‌ടൗണ്‍:ടി20 ലോകകപ്പില്‍ ജയത്തോടെ ഗ്രൂപ്പ് ഘട്ടം അവസാനിപ്പിച്ച് ദക്ഷിണാഫ്രിക്ക. പ്രാഥമിക റൗണ്ടിലെ നാലാം മത്സരത്തില്‍ നേപ്പാളിനെതിരെയാണ് പ്രോട്ടീസ് ജയം നേടിയത്. കിങ്‌സ്‌ടൗണില്‍ നടന്ന ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവില്‍ നേപ്പാളിനെ ഒരു റണ്ണിനായിരുന്നു ദക്ഷിണാഫ്രിക്ക കീഴടക്കിയത്.

മത്സരത്തില്‍ ടോസ് നഷ്‌ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്യാനിറങ്ങിയ എയ്‌ഡൻ മാര്‍ക്രവും കൂട്ടരും നിശ്ചിത ഓവറില്‍ നേടിയത് 7 വിക്കറ്റ് നഷ്‌ടത്തില്‍ 115 റണ്‍സ്. മറുപടിക്കിറങ്ങിയ നേപ്പാളിന്‍റെ പോരാട്ടം 20 ഓവറില്‍ 7 വിക്കറ്റ് നഷ്‌ടത്തില്‍ 114 റണ്‍സില്‍ അവസാനിക്കുകയായിരുന്നു. നാലോവറില്‍ 19 റണ്‍സ് വഴങ്ങി നാല് വിക്കറ്റ് നേടിയ ടബ്രൈസ് ഷംസിയുടെ പ്രകടനമായിരുന്നു ദക്ഷിണാഫ്രിക്കയ്‌ക്ക് ജയമൊരുക്കിയത്.

ഒരു ഘട്ടത്തില്‍ നേപ്പാള്‍ അനായാസം ജയത്തിലേക്ക് കുതിക്കുമെന്ന് തോന്നിപ്പിച്ചതായിരുന്നു മത്സരം. എന്നാല്‍, ദക്ഷിണാഫ്രിക്കൻ സ്‌പിന്നര്‍ ടബ്രൈസ് ഷംസി എറിഞ്ഞ 18-ാം ഓവര്‍ ആയിരുന്നു മത്സരത്തില്‍ വഴിത്തിരിവായി മാറിയത്. അവസാന മൂന്ന് ഓവറില്‍ ഏഴ് വിക്കറ്റ് ശേഷിക്കെ 18 റണ്‍സായിരുന്നു നേപ്പാളിന് ജയിക്കാൻ വേണ്ടിയിരുന്നത്.

18-ാം ഓവര്‍ പന്തെറിയാനെത്തിയ ഷംസി ഈ ഓവറില്‍ രണ്ട് റണ്‍സ് മാത്രം വിട്ടുകൊടുത്ത് രണ്ട് വിക്കറ്റ് നേടിയതോടെ നേപ്പാള്‍ പ്രതിരോധത്തിലായി. ഇതോടെ, 98-3 എന്ന നിലയില്‍ നിന്നും 100-5 എന്ന നിലയിലേക്ക് നേപ്പാള്‍ വീണു. 19-ാം ഓവറില്‍ നോര്‍ക്യക്കെതിരെ 8 റണ്‍സടിച്ച് നേപ്പാള്‍ പ്രതീക്ഷ നിലനിര്‍ത്തി.

അവസാന ആറ് പന്തില്‍ എട്ട് റണ്‍സായിരുന്നു അവര്‍ക്ക് ജയിക്കാൻ വേണ്ടിയിരുന്നത്. ഒട്ട്‌നിയേല്‍ ബാര്‍ട്ട്മാനാണ് ദക്ഷിണാഫ്രിക്കയ്‌ക്കായി 20-ാം ഓവര്‍ പന്തെറിയാനെത്തിയത്. ഓവറിലെ ആദ്യ രണ്ട് പന്തിലും ബാര്‍ട്ട്‌മാൻ റണ്ണൊന്നും വിട്ടുനല്‍കിയില്ല.

എന്നാല്‍, മൂന്നാം പന്തില്‍ ഫോറും നാലാം പന്തില്‍ ഡബിളുമെടുത്ത് നേപ്പാള്‍ വീണ്ടും മത്സരം ആവേശത്തിലാക്കി. അവസാന രണ്ട് പന്തും ബാര്‍ട്‌മാന് കൃത്യതയോടെ തന്നെ എറിയാനായി. അവസാന പന്തില്‍ സിംഗിളിനുള്ള ശ്രമത്തിനിടെ ഗുല്‍സാൻ പുറത്തായതോടെ ദക്ഷിണാഫ്രിക്കയ്‌ക്ക് ആവേശജയം സ്വന്തമാകുകയായിരുന്നു. 49 പന്തില്‍ 42 റണ്‍സ് നേടിയ ആസിഫ് ഷെയ്‌ഖ്, 24 പന്തില്‍ 27 റണ്‍സടിച്ച അനില്‍ കുമാര്‍ സാഹ് എന്നിവരായിരുന്നു മത്സരത്തില്‍ നേപ്പാളിന്‍റെ ടോപ് സ്കോറര്‍മാര്‍.

നേരത്തെ, മത്സരത്തില്‍ നാല് വിക്കറ്റ് നേടിയ കുഷാല്‍ ഭര്‍ട്ടെല്‍, മൂന്ന് വിക്കറ്റെടുത്ത ദീപേന്ദ്ര സിങ് ഐറെ എന്നിവര്‍ ചേര്‍ന്നായിരുന്നു കരുത്തരായ ദക്ഷിണാഫ്രിക്കയെ എറിഞ്ഞൊതുക്കിയത്. 49 പന്തില്‍ 43 റണ്‍സ് നേടി പുറത്തായ റീസ ഹെൻഡ്രിക്‌സ് ആയിരുന്നു ദക്ഷിണാഫ്രിക്കയുടെ ടോപ് സ്കോറര്‍. പുറത്താകാതെ 18 പന്തില്‍ 27 റണ്‍സടിച്ച് ട്രിസ്റ്റണ്‍ സ്റ്റബ്‌സും പ്രോട്ടീസിനായി ഭേദപ്പെട്ട പ്രകടനം നടത്തി.

Also Read :ബാബര്‍ 'ഫേക്ക് കിങ്', യുവതാരങ്ങളെ ബലിയാടാക്കുന്നു; തുറന്നടിച്ച് മുന്‍ ബാറ്റര്‍ - Ahmed Shehzad slams Babar Azam

Last Updated : Jun 15, 2024, 11:01 AM IST

ABOUT THE AUTHOR

...view details