സിഡ്‌നിയില്‍ നടക്കുന്ന ബോർഡർ-ഗവാസ്‌കർ ട്രോഫിയിലെ അവസാനത്തെ ടെസ്റ്റിൽ ഇരുടീമുകളുടെയും ആദ്യ ഇന്നിങ്സ് രണ്ട് ദിവസത്തിനുള്ളിൽ അവസാനിച്ചു. ഇന്ത്യ 185 റൺസിന് പുറത്തായപ്പോൾ ഓസ്ട്രേലിയക്ക് 181 റൺസെടുക്കാനെ കഴിഞ്ഞിട്ടുള്ളു. ഒന്നാം ഇന്നിങ്‌സില്‍ നാല് റൺസിന്‍റെ ലീഡ് ഇന്ത്യക്ക് നേടാൻ കഴിഞ്ഞു. രണ്ടാം ദിനം കളി അവസാനിക്കുമ്പോൾ 32 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 141 റൺസ് എന്ന നിലയിലാണ് ഇന്ത്യ.
രണ്ടാം ഇന്നിങ്സ് യശസ്വി ജയ്‌സ്വാളിന്‍റെ തകര്‍പ്പന്‍ ബാറ്റിങ്ങോടെയാണ് തുടങ്ങിയത്. 22 റണ്‍സ് മാത്രമെടുത്ത് താരം പുറത്തായെങ്കിലും തന്‍റെ പേരില്‍ റെക്കോര്‍ഡ് കുറിച്ചാണ് മടങ്ങിയത്. മിച്ചൽ സ്റ്റാർക്കായിരുന്നു ആദ്യ ഓവര്‍ എറിയാന്‍ എത്തിയത്.
ആദ്യ പന്തിൽ ഒരു ഡോട്ട് കളിച്ച ജയ്‌സ്വാൾ രണ്ടാം പന്തിൽ ഫോറും പിന്നീട് മൂന്നാമത്തെയും നാലാമത്തെയും പന്തിലും ബൗണ്ടറി നേടി അക്കൗണ്ട് തുറന്നു. അഞ്ചാം പന്തിൽ റണ്ണില്ലെങ്കിലും അവസാന പന്തിൽ ജയ്‌സ്വാൾ ബൗണ്ടറി നേടി ഓവർ അവസാനിപ്പിച്ചു. ഇതോടെ ഇന്നിങ്‌സിന്‍റെ ആദ്യ ഓവറിൽ 4 ഫോറുകളുടെ സഹായത്തോടെ 16 റൺസ് നേടി ജയ്‌സ്വാൾ നേട്ടം കുറിച്ചു.
ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിൽ ഒരു ഇന്നിങ്‌സിന്‍റെ ആദ്യ ഓവറിൽ 16 റൺസ് എന്ന നേട്ടം ഒരു ബാറ്റര്‍ നേടുന്നത് ഇത് നാലാം തവണയാണ്. ഇന്ത്യൻ ടെസ്റ്റ് ക്രിക്കറ്റിന്‍റെ ചരിത്രത്തിൽ ആദ്യമാണിത്. നേരത്തെ, മൈക്കൽ സ്ലേറ്റർ, ക്രിസ് ഗെയ്ൽ, ഒഷാദ ഫെർണാണ്ടോ എന്നിവർ ഒരു ടെസ്റ്റിൽ ഒരു ഇന്നിങ്‌സിന്‍റെ ആദ്യ ഓവറിൽ 16 റൺസ് നേടിയ റെക്കോര്‍ഡ് നേടിയിരുന്നു.
ടെസ്റ്റിൽ ഒരു ഇന്നിങ്സിലെ ആദ്യ ഓവറിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ ബാറ്റര്‍മാര്‍:
- 16 റൺസ് - യശസ്വി ജയ്‌സ്വാൾ, ഓസ്‌ട്രേലിയ, സിഡ്‌നി, 2025
- 16 റൺസ് - മൈക്കൽ സ്ലേറ്റർ v ഇംഗ്ലണ്ട്, ബർമിംഗ്ഹാം, 2001
- 16 റൺസ് - ക്രിസ് ഗെയ്ൽ v ന്യൂസിലാൻഡ്, ആന്‍റിഗ്വ, 2012
- 16 റൺസ് - ഒഷാദ ഫെർണാണ്ടോ v ബംഗ്ലാദേശ്, മിർപൂർ, 2022.
ഏറ്റവും കൂടുതൽ റൺസ് നേടിയ ഇന്ത്യൻ ബാറ്റര്‍മാര്‍:
- 16 റൺസ് - യശസ്വി ജയ്‌സ്വാൾ, ഓസ്‌ട്രേലിയ, സിഡ്‌നി, 2025
- 13 റൺസ് - രോഹിത് ശർമ്മ v ഓസ്ട്രേലിയ, നാഗ്പൂർ, 2023
- 13 റൺസ് - വീരേന്ദർ സെവാഗ് v പാകിസ്ഥാൻ, കൊൽക്കത്ത, 2005
Also Read:യുസ്‌വേന്ദ്ര ചാഹലും വിവാഹമോചന വക്കില്‍..! ധനശ്രീയുമായുള്ള ചിത്രങ്ങള്‍ ഡിലീറ്റ് ചെയ്‌തു - YUZVENDRA CHAHAL