ഹൈദരാബാദ്:ക്രിക്കറ്റിന്‍റെ കുഞ്ഞന്‍ പതിപ്പാണ് ടി ട്വന്‍റി. 20 ഓവറുകള്‍ അഥവാ 120 പന്തുകള്‍ നീളുന്ന ടി ട്വന്‍റി ഇന്നിങ്ങ്‌സ് വെറും അഞ്ച് പന്തില്‍ തീരുന്ന വിസ്‌മയക്കാഴ്‌ചയ്‌ക്ക് മലേഷ്യ വേദിയായി. ഐസിസി ടി ട്വന്‍റി ലോകകപ്പിനുള്ള ഏഷ്യന്‍ യോഗ്യത റൗണ്ട് മത്സര വേദിയിലാണ് പുത്തന്‍ റെക്കോര്‍ഡുകള്‍ കണ്ടത്.
സിംഗപ്പൂരും മംഗോളിയയും തമ്മിലായിരുന്നു മത്സരം. മലേഷ്യയിലെ ബാംഗിയില്‍ നടന്ന മത്സരത്തില്‍ മംഗോളിയ വെറും 10 റണ്‍സിന് ഓള്‍ ഔട്ടാവുകയായിരുന്നു. ഇതോടെ ഏറ്റവും കുറഞ്ഞ ടീം ടോട്ടലുള്ള ടീമുകളുടെ റെക്കോര്‍ഡിലേക്ക് അവര്‍ കൂടി ചേര്‍ന്നു. ആദ്യം ബാറ്റ് ചെയ്‌ത മംഗോളിയ 10 ഓവര്‍ ബാറ്റ് ചെയ്‌താണ് 10 റണ്‍സ് നേടിയത്.
സിംഗപ്പൂരിന്‍റെ പതിനേഴുകാരന്‍ ലെഗ് സ്‌പിന്നര്‍ ഹര്‍ഷ് ഭരദ്വാജ് നാലോവറില്‍ മൂന്ന് റണ്‍സ് മാത്രം വിട്ടുകൊടുത്ത് ആറ് വിക്കറ്റ് നേടിയതാണ് മംഗോളിയയെ ചുരുട്ടിക്കെട്ടുന്നതില്‍ നിര്‍ണായകമായത്. മംഗോളിയന്‍ നിരയില്‍ ഒരൊറ്റ ബാറ്റര്‍ക്ക് പോലും രണ്ട് റണ്‍സിനപ്പുറം പോകാനായില്ല. മംഗോളിയയുടെ അഞ്ച് ബാറ്റര്‍മാര്‍ പൂജ്യത്തിന് പുറത്തായി. ആദ്യ പന്തില്‍ തന്നെ ഹര്‍ഷ് ഭരദ്വാജ് വിക്കറ്റ് വേട്ട തുടങ്ങിയിരുന്നു. മോഹന്‍ വിവേകാനന്ദന്‍ പൂജ്യനായി മടങ്ങി. അതേ ഓവറില്‍ മംഗോളിയയുടെ രണ്ടാം ബാറ്ററേയും ഭരദ്വാജ് മടക്കി. സിംഗപ്പൂരിന് വേണ്ടി ആറ് വിക്കറ്റ് വീഴ്ത്തിയ ഹര്‍ഷ് ഭരദ്വാജിന് പുറമെ അക്ഷയ് പുരി രണ്ടും രാഹുല്‍ ശേഷാദ്രി, രമേഷ് കാളിമുത്തു എന്നിവര്‍ ഓരോന്നും വിക്കറ്റ് വീഴ്ത്തി.