മുംബൈ :ബിസിസിഐ ചെവിക്ക് പിടിച്ചതിനെ തുടര്‍ന്ന് രഞ്‌ജി ട്രോഫി (Ranji Trophy) കളിക്കാനിറങ്ങിയ ശ്രേയസ് അയ്യര്‍ക്ക് ( Shreyas Iyer) നിരാശ. തമിഴ്‌നാടിനെതിരായ സെമി ഫൈനല്‍ മത്സരത്തില്‍ മുംബൈക്കായി (Mumbai vs Tamil Nadu) കളത്തിലേക്ക് എത്തിയ ശ്രേയസിന് നേടാനായത് മൂന്ന് റണ്‍സ് മാത്രം. ആറാം നമ്പറില്‍ കളിക്കാനെത്തിയ 29-കാരന് എട്ട് പന്തുകള്‍ മാത്രമായിരുന്നു ആയുസ്.
മലയാളി പേസര്‍ സന്ദീപ് വാര്യരുടെ (Sandeep Warrier) പന്തില്‍ ക്ലീന്‍ ബൗള്‍ഡായാണ് താരം തിരികെ കയറിയത്. ബിസിസിഐ വാര്‍ഷിക കരാര്‍ നഷ്‌ടമായതിന് പിന്നാലെയാണ് ശ്രേയസ് മുംബൈക്കായി കളിക്കാന്‍ ഇറങ്ങിയിരിക്കുന്നത്. നേരത്തെ കരാറിലുള്ള താരങ്ങള്‍ ഇന്ത്യയ്‌ക്കായി കളിക്കാത്തപ്പോള്‍ അഭ്യന്തര മത്സരങ്ങള്‍ക്ക് ഇറങ്ങണമെന്ന് കര്‍ശന നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍ ശ്രേയസ് വിട്ടുനില്‍ക്കുകയാണ് ചെയ്‌തത്.
ഇംഗ്ലണ്ടിനെതിരായ ആദ്യ രണ്ട് ടെസ്റ്റുകളില്‍ ഇന്ത്യയ്‌ക്കായി 29-കാരന്‍ കളത്തിലിറങ്ങിയിരുന്നു. പക്ഷെ കാര്യമായ പ്രകടനം നടത്താന്‍ കഴിഞ്ഞിരുന്നില്ല. രണ്ടാം ടെസ്റ്റിന് ശേഷം മുതുകിന് വേദനയുള്ളതായി പരാതിപ്പെട്ടതിന് പിന്നാലെ ബാക്കി മത്സരങ്ങള്‍ക്കുള്ള സ്‌ക്വാഡില്‍ നിന്നും ശ്രേയസിനെ ഒഴിവാക്കുകയും ചെയ്‌തു.
ALSO READ: സീറ്റില്ലാത്തതില്‍ അതൃപ്‌തിയോ ? ; രാഷ്‌ട്രീയം അവസാനിപ്പിക്കുന്നതായി ഗൗതം ഗംഭീര്‍
പിന്നീട് ദേശീയ ക്രിക്കറ്റ് അക്കാദമിയില്‍ ഫിറ്റ്‌നസുണ്ടെന്ന് വിലയിരുത്തപ്പെട്ടെങ്കിലും താരം രഞ്‌ജിയില്‍ നിന്നും അകലം പാലിച്ചു. ഇതിനിടെ ഐപിഎല്‍ ടീമായ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിന്‍റെ പ്രീ-സീസൺ ക്യാമ്പിൽ ശ്രേയസ് പങ്കെടുത്തിരുന്നു. പരിക്ക് പറഞ്ഞ് ആഭ്യന്തര ക്രിക്കറ്റില്‍ കളിക്കാതിരുന്ന ശ്രേയസ് കൊല്‍ക്കത്തയുടെ ക്യാമ്പില്‍ പങ്കെടുത്ത് ബിസിസിഐ കാര്യമായി തന്നെ ചൊടിപ്പിച്ചു.