ന്യൂഡല്‍ഹി:സിംബാബ്‌യ്‌ക്കെതിരായ ടി20 പരമ്പരയിലെ ആദ്യ മത്സരത്തിലെ ഇന്ത്യയുടെ ഞെട്ടിക്കുന്ന തോല്‍വിക്ക് പിന്നാലെ ബിസിസിഐക്കെതിരെ ആഞ്ഞടിച്ച് ശശി തരൂര്‍ എംപി. അഹങ്കാരത്തിന് അര്‍ഹിക്കുന്ന തിരിച്ചടിയാണിതെന്നാണ് ശശി തരൂര്‍ പ്രതികരിച്ചിരിക്കുന്നത്. സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിലാണ് അദ്ദേഹം ഇതു സംബന്ധിച്ച് പോസ്‌റ്റ് ഇട്ടിരിക്കുന്നത്.
"ഇന്ത്യയുടെ ടി20 ലോകകപ്പ് വിജയത്തില്‍ മുംബൈയിലെ വന്യമായ ആഘോഷങ്ങളുടെ പ്രതിധ്വനികൾ അവസാനിച്ചിട്ടില്ല. എന്നാല്‍ ഹരാരെയിൽ ഇത്തിരിക്കുഞ്ഞന്മാരായ സിംബാബ്‌വെ ടീമിനെ തോല്‍പ്പിച്ചിരിക്കുന്നു. കാര്യങ്ങളെ നിസാരമായി എടുക്കുന്നതിനും, അഹങ്കാരത്തിനും ബിസിസിഐ അര്‍ഹിക്കുന്നതാണിത്. സിംബാബ്‌വെ മികച്ച രീതിയില്‍ കളിച്ചു"- ശശി തരൂര്‍ കുറിച്ചു.
വിഷയത്തില്‍ കൂടുതല്‍ വ്യക്തത വരുത്തി മറ്റൊരു പോസ്‌റ്റും അദ്ദേഹം എക്‌സില്‍ ഇട്ടിട്ടുണ്ട്. "ഒരു ടീമിനെ ഇന്ത്യ എന്ന് വിളിക്കുകയാണെങ്കിൽ അത് ആ ലേബലിന് യോഗ്യമായിരിക്കണം. സിംബാബ്‌വെയ്‌ക്ക് എതിരെ കളിച്ചത് ഏറ്റവും മികച്ച "ഇന്ത്യ എ" ആയിരുന്നു. സൂര്യകുമാര്‍ യാദവ്, റിഷഭ് പന്ത്, ഹാര്‍ദിക് പാണ്ഡ്യ, കുല്‍ദീപ് യാദവ്, മുഹമ്മദ് സിറാജ്, ജസ്‌പ്രീത് ബുംറ, അര്‍ഷ്‌ദീപ് സിങ് എന്നിവരും കൂടാതെ സഞ്ജു സാംസണ്‍, യശസ്വി ജയ്‌സ്വാൾ, യുസ്‌വേന്ദ്ര ചാഹൽ, ശിവം ദുബെ എന്നിവരും ഈ ആഴ്‌ച ലഭ്യമല്ലെങ്കിൽ ടൂർ മാറ്റിവയ്ക്കേണ്ടതായിരുന്നു. ഈ മത്സരങ്ങൾക്ക് നൽകിയ അന്താരാഷ്‌ട്ര പദവിയെ ന്യായീകരിക്കാൻ അവരിൽ പകുതിയെങ്കിലും ടീമിന്‍റെ ഭാഗമാവണമായിരുന്നു. ആദ്യ പോസ്‌റ്റിലൂടെ ഇതായിരുന്നു ഞാന്‍ പറയാന്‍ ഉദ്ദേശിച്ചത്. തോറ്റത് കൊണ്ടല്ല, അത്രയും ആത്മാഭിമാനം പോലും കാണിക്കാത്തതിലാണ് എന്‍റെ നിരാശ" -തരൂര്‍ വ്യക്തമാക്കി.
ALSO READ: അട്ടിമറിച്ച് സിംബാബ്‌വെ; ഇന്ത്യക്ക് അപ്രതീക്ഷിത തോല്‍വി - India vs Zimbabwe T20 series
അതേസമയം ഹരാരെയില്‍ നടന്ന ആദ്യ ടി20യില്‍ ശുഭ്‌മാന്‍ ഗില്ലിന്‍റെ നേതൃത്വത്തില്‍ ഇറങ്ങിയ ഇന്ത്യയെ 13 റണ്‍സിനായിരുന്നു ആതിഥേയര്‍ തോല്‍പ്പിച്ചത്. ആദ്യം ബാറ്റ് ചെയ്‌ത സിംബാബ്‌വെ ഉയര്‍ത്തിയ 116 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ 19.5 ഓവറില്‍ 102 റണ്‍സിന് ഓള്‍ഔട്ടായി. ടി20 ലോകകപ്പില്‍ കളിച്ച താരങ്ങള്‍ ഒന്നും തന്നെ ഇന്ത്യയ്‌ക്കായി കളത്തിലേക്ക് ഇറങ്ങിയിരുന്നില്ല. എന്നാല്‍ ലോകകപ്പ് വിജയത്തിന് പിന്നാലെയുള്ള ആദ്യ മത്സരത്തില്‍ തന്നെ നീലപ്പട തോറ്റത് ആരാധകരെ നിരാശരാക്കിയിരുന്നു.