ന്യൂയോര്‍ക്ക്:ടി20 ലോകകപ്പിലെ ഇന്ത്യ പാകിസ്ഥാൻ ആവേശപ്പോരാട്ടത്തിലെ വിജയികളെ പ്രവചിച്ച് മുൻ ഓസ്‌ട്രേലിയൻ താരം ഷെയ്‌ൻ വാട്‌സണ്‍. ന്യൂയോര്‍ക്കിലെ നാസോ കൗണ്ടി ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ പാകിസ്ഥാനെതിരെ ഇന്ത്യൻ ടീമിന് ജയം നേടാൻ സാധിക്കുമെന്നാണ് വാട്‌സണിന്‍റെ പ്രവചനം. നിലവിലെ സാഹചര്യത്തില്‍ ഇരു ടീമുകളുടെയും ഫോം വിപരീതമാണെന്നും വാട്‌സണ്‍ എക്‌സിലൂടെ പങ്കുവെച്ച വീഡിയോയില്‍ അഭിപ്രായപ്പെട്ടു.
ആദ്യ മത്സരത്തില്‍ അയര്‍ലന്‍ഡിനെ തോല്‍പ്പിക്കാൻ സാധിച്ചതിന്‍റെ ആത്മവിശ്വാസത്തിലാണ് ഇന്ത്യൻ ടീം ഇന്ന് പാകിസ്ഥാനെ നേരിടാനിറങ്ങുന്നത്. മറുവശത്ത്, യുഎസ്എയോട് അപ്രതീക്ഷിത തോല്‍വി വഴങ്ങിയാണ് പാകിസ്ഥാന്‍റെ വരവ്. ഈ സാഹചര്യം ചൂണ്ടിക്കാട്ടിയാണ് ഇന്ന് നടക്കാനിരിക്കുന്ന മത്സരത്തില്‍ ജയം നേടാൻ പാകിസ്ഥാനേക്കാള്‍ മുൻതൂക്കം ഇന്ത്യയ്‌ക്കാണെന്ന് വാട്‌സണ്‍ അഭിപ്രായപ്പെട്ടത്. വാട്‌സണ്‍ പറഞ്ഞതിങ്ങനെ...
'അയര്‍ലന്‍ഡിനെ എട്ട് വിക്കറ്റിന് തോല്‍പ്പിച്ച് ടി20 ലോകകപ്പില്‍ തരക്കേടില്ലാത്ത രീതിയിലാണ് ടീം ഇന്ത്യ തങ്ങളുടെ യാത്ര തുടങ്ങിയിരിക്കുന്നത്. എന്നാല്‍, പാകിസ്ഥാന്‍റെ കാര്യം അങ്ങനെയല്ല. പ്രതീക്ഷിച്ചത് പോലൊരു തുടക്കമല്ല അവര്‍ക്ക് ലഭിച്ചിരിക്കുന്നത്.
സൂപ്പര്‍ ഓവറിലാണ് അവര്‍ യുഎസിനോട് തോല്‍വി വഴങ്ങിയത്. അതുപോലൊരു പ്രകടനമായിരിക്കില്ല അവര്‍ ആഗ്രഹിക്കുന്നത്. അതുകൊണ്ട് തന്നെ ഇവിടെ ആധിപത്യം പുലര്‍ത്താൻ പോകുന്നത് ഇന്ത്യ ആയിരിക്കും എന്നാണ് എനിക്ക് തോന്നുന്നത്'- ഷെയ്‌ൻ വാട്‌സണ്‍ പറഞ്ഞു.
ന്യൂയോര്‍ക്കില്‍ ഇന്ന് ഇന്ത്യ പാകിസ്ഥാൻ മത്സരം നടക്കുന്ന നാസോ കൗണ്ടി അന്താരാഷ്‌ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തിലെ സാഹചര്യങ്ങള്‍ ബാറ്റര്‍മാര്‍ക്ക് വെല്ലുവിളി ഉയര്‍ത്തുമെന്നും വാട്‌സണ്‍ ചൂണ്ടിക്കാട്ടി. ഈ സാഹചര്യത്തില്‍ ഇന്ത്യയുടെ മുൻ നായകൻ വിരാട് കോലി മികവ് കാട്ടുമെന്നാണ് വിശ്വസിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കൂടാതെ, ബൗളിങ്ങില്‍ ജസ്‌പ്രീത് ബുംറയുടെ പ്രകടനമായിരിക്കും ഇന്ത്യൻ ടീമിന് നിര്‍ണായകമാകുക എന്നും വാട്‌സണ്‍ അഭിപ്രായപ്പെട്ടു.
അതേസമയം, ഐസിസി ടി20 ലോകകപ്പില്‍ ഗ്രൂപ്പ് എയില്‍ ഇന്ത്യയുടെയും പാകിസ്ഥാന്‍റെയും രണ്ടാമത്തെ മത്സരമാണ് ഇന്ന്. ആദ്യ മത്സരത്തില്‍ അയര്‍ലന്‍ഡിനെതിരെ 8 വിക്കറ്റിന്‍റെ ജയം നേടിയ ഇന്ത്യ ഗ്രൂപ്പില്‍ രണ്ടാം സ്ഥാനത്താണ്. മറുവശത്ത്, അമേരിക്കയോട് സൂപ്പര്‍ ഓവറില്‍ അഞ്ച് റണ്‍സിന് തോറ്റ പാകിസ്ഥാൻ പോയിന്‍റ് പട്ടികയില്‍ നാലാം സ്ഥാനത്തും.
Also Read :പാകിസ്ഥാനെതിരെ സഞ്ജു ഇറങ്ങണം, ഒഴിവാക്കേണ്ടത് ഈ താരത്തെ...; കാരണം ചൂണ്ടിക്കാട്ടി സഞ്ജയ് മഞ്ജരേക്കര്‍ - Sanjay Manjrekar On Sanju Samson