ഹൈദരാബാദ്: മുഹമ്മദ് ഷമിയുടെ പരിക്ക് സംബന്ധിച്ച് ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡിന്‍റെ (ബിസിസിഐ) നടപടിയെ ചോദ്യം ചെയ്‌ത് മുന്‍ ഇന്ത്യന്‍ പരിശീലകനും കമന്‍ററേറ്ററുമായ രവി ശാസ്ത്രി.
ഫിറ്റ്‌നസ് പ്രശ്‌നങ്ങൾക്കിടയിലും ഷമി ഓസ്‌ട്രേലിയയിൽ ഇന്ത്യൻ ടീമിന്‍റെ ഭാഗമാകേണ്ടതായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യൻ ടീമിൽ താരം കളിക്കുന്നത് സംബന്ധിച്ച അനിശ്ചിതത്വം പരമ്പരയിലെ മൂന്നാം ടെസ്റ്റ് വരെ നീണ്ടുനിന്നിരുന്നു.
'സത്യം പറഞ്ഞാൽ, മുഹമ്മദ് ഷമിക്ക് എന്താണ് സംഭവിച്ചതെന്ന മാധ്യമങ്ങളിലെ വാര്‍ത്തകളില്‍ ഞാൻ വളരെ ആശ്ചര്യപ്പെട്ടുവെന്ന് ശാസ്ത്രി പറഞ്ഞു. ബിസിസിഐ ചില അനാവശ്യ നടപടി ക്രമങ്ങൾ കൊണ്ട് സങ്കീർണമാക്കിയെന്ന് തോന്നുന്നു. ഓസ്ട്രേലിയ പരമ്പരയുടെ അവസാന സമയത്താണെങ്കിൽ കൂടി താരത്തിന്‍റെ സാന്നിധ്യം ഇന്ത്യയുടെ സാധ്യതകളെ ശക്തമാക്കുമായിരുന്നെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
ഷമിയുടെ കണങ്കാലിന് പരിക്കേറ്റതിനെ തുടർന്ന് 2023 ഏകദിന ലോകകപ്പ് മുതൽ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിട്ടുനിൽക്കുകയാണ്. ലോകകപ്പ് ഫൈനലിന് ശേഷം കണങ്കാലിന് ശസ്ത്രക്രിയയ്ക്ക് വിധേയനായി താരം സുഖം പ്രാപിച്ചിരുന്നു, തുടർന്നുള്ള കാൽമുട്ട് വീക്കത്തെത്തുടർന്ന് നാലാം ടെസ്റ്റിന് മുമ്പ് ബിസിസിഐ മെഡിക്കൽ ടീം താരത്തെ ഒഴിവാക്കുകയായിരുന്നു.
ഷമിയെ ഓസ്‌ട്രേലിയയിലേക്ക് അയക്കില്ലെന്ന് ബിസിസിഐ പ്രസ്താവനയില്‍ പറയുകയായിരുന്നു. 'ഷമിയുടെ കാലില്‍ ഇപ്പോഴും നീര്‍ക്കെട്ടുണ്ട്. പരിക്കിന് ശേഷം കളിച്ചതുകൊണ്ട് സംഭവിച്ചതാണ്. അതുകൊണ്ടുതന്നെ ഓസ്‌ട്രേലിയയിലേക്ക് അയക്കാന്‍ കഴിയില്ല.'' ബിസിസിഐ നേരത്തെ വാര്‍ത്തകുറിപ്പില്‍ വ്യക്തമാക്കിയിരുന്നു. നവംബറിൽ നടന്ന രഞ്ജി ട്രോഫി മത്സരത്തിലും സയ്യിദ് മുഷ്താഖ് അലി ട്രോഫി മത്സരങ്ങളിലും ഷമി കളിച്ചിരുന്നു.