കേരള ക്രിക്കറ്റ് അസോസിയേഷനെതിരെ ഗുരുതര ആരോപണങ്ങളുമായി സഞ്ജു സാംസണിന്‍റെ പിതാവ് സാംസണ്‍ വിശ്വനാഥ്. സഞ്ജുവിനെ വിജയ് ഹസാരെ ടൂര്‍ണമെന്‍റില്‍ കളിപ്പിക്കില്ലെന്ന് ക്യാമ്പ് തുടങ്ങുന്നതിന് മുൻപേ അറിയാമായിരുന്നുവെന്ന് പിതാവ് വിശ്വനാഥ് പറഞ്ഞു.
ക്യാമ്പിൽ പങ്കെടുക്കാത്ത മറ്റ് താരങ്ങൾ വിജയ് ഹസാരെയിൽ കളിച്ചു. അവരുടെ പേര് പറയുന്നില്ല, ആരാണെന്ന് എനിക്കറിയാം. അതിന് കെസിഎയ്‌ക്ക് മറുപടിയുണ്ടോയെന്ന് അദ്ദേഹം ചോദിച്ചു. സ്വകാര്യ ഓണ്‍ലെെനില്‍ നല്‍കിയ അഭിമുഖത്തിലായിരുന്നു വിശ്വനാഥിന്‍റെ പ്രതികരണം.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
എന്‍റെ രണ്ടു മക്കളേയും തഴഞ്ഞു
സഞ്ജുവിന് മുമ്പ് എന്‍റെ മൂത്ത മകന്‍ സാലി കേരളത്തിനായി കളിച്ചിട്ടുണ്ട്. അവന്‍ അണ്ടര്‍ 19 ടീമിനായി സെഞ്ച്വറി സ്വന്തമാക്കിയ മികച്ച താരമായിരുന്നു. പിന്നാലെ രഞ്ജി ക്യാമ്പില്‍ പങ്കെടുത്തു, അവിടെ നല്ലരീതിയില്‍ പ്രകടനം പുറത്തെടുത്തിരുന്നു.
എന്നാല്‍ രഞ്ജി ട്രോഫി ടീമില്‍ അവനു ഇടം നല്‍കിയില്ല. അതിനുശേഷം കേരളത്തിന്‍റെ അണ്ടര്‍ 25 ടീമിലെടുത്തപ്പോഴും നാലു കളികളിലും അവസരം നല്‍കിയില്ല. ഞങ്ങള്‍ സ്‌പോര്‍ട്‌മാന്‍മാരാണ്, സ്‌പോര്‍ട്‌സ് ബിസിനസിനോട് ഞങ്ങള്‍ക്ക് താല്‍പര്യമില്ല, ഞങ്ങള്‍ ഇതിലേക്ക് കടക്കുമെന്നും, ഉയരങ്ങളിലേക്ക് കയറി സ്ഥാനങ്ങളോ, കസേരയോ നേടിയെടുക്കാന്‍ ചിലര്‍ ചിന്തിക്കുന്നുണ്ടാകാം എന്നാല്‍ ഞങ്ങള്‍ക്ക് ഇതിനോട് താല്‍പര്യമില്ല.
സഞ്‌ജുവിനെ ഇല്ലാതെയാക്കാനും ശ്രമം നടന്നു
എന്തുകൊണ്ട് സഞ്‌ജുവിനേക്കാള്‍ മുന്നേ ഇന്ത്യന്‍ ടീമില്‍ കളിക്കേണ്ട എന്‍റെ മകനെ ഇല്ലാതെയാക്കി. സഞ്‌ജുവിനെ ഇല്ലാതെയാക്കാനും ശ്രമം നടന്നു. ഒരിക്കല്‍ രഞ്‌ജി മത്സരത്തിനിടെ മകന് രണ്ടു കാല്‍മുട്ടിനും പരിക്കേറ്റ സമയത്തു അവധി ചോദിക്കാന്‍ വിളിച്ചപ്പോള്‍ അന്നു കെസിഎ പ്രസിഡന്‍റായിരുന്ന ടിസി മാത്യുവുമായി ചെറിയ തര്‍ക്കമുണ്ടായി. ഞാന്‍ വളരെ ബഹുമാനപൂര്‍വമായിരുന്നു സംസാരിച്ചത്.
പക്ഷെ അദ്ദേഹം വളരെ മോശമായിട്ടാണ് എന്നോടു സംസാരിച്ചത്. സർ എന്ന് വിളിച്ച് വളരെ ബഹുമാനത്തോടെ ഞാൻ സംസാരിച്ചപ്പോൾ 'നീ ആരാടാ കേരള ക്രിക്കറ്റ് ടീമിന്‍റെ കോച്ച് ആണോടാ' എന്നായിരുന്നു എന്നോട് ചോദിച്ചത്. എന്നാല്‍ കെസിഎ ചെയ്‌തുതന്ന നന്മകളൊന്നും മറന്നിട്ടില്ല, അവര്‍ ഒരുപാട് സഹായിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
കെസിഎയിലെ ചില വ്യക്തികള്‍ക്കാണ് പ്രശ്‌നം
മക്കളുടെ ഭാഗത്തു നിന്നും എന്തെങ്കിലും തെറ്റ് സംഭവിച്ചിട്ടുണ്ടോ എന്നറിയില്ല, എന്തെങ്കിലും ബുദ്ധിമുട്ട് ഉണ്ടായെങ്കില്‍ അതു നേരിട്ടു തന്നെ വിളിച്ച് ചോദിക്കാമായിരുന്നു. ഞാനതിന് മറുപടി പറയുമായിരുന്നു. ഒരിക്കലും കെസിഎക്കെതിരെ ഞങ്ങള്‍ നിന്നിട്ടില്ല. അവര്‍ക്ക് എന്‍റെ മക്കളോട് മുന്നേ ഒരു ബുദ്ധിമുട്ടുണ്ട്. ചില വ്യക്തികള്‍ക്കാണ് പ്രശ്‌നം. കാണുന്നതിനിടെ അവരോട് ഒന്ന് നമസ്‌കാരം പറഞ്ഞില്ലെങ്കില്‍ പോലും അത് പ്രശ്‌നമാക്കിമാറ്റും. ബഹുമാനവും സ്‌നേഹവും എല്ലാവരോടുമുണ്ട്. വന്ന വഴി ഒരിക്കലും മറന്നില്ലായെന്ന് സാംസണ്‍ വിശ്വനാഥ് പറഞ്ഞു.
നേരത്തെ കെസിഎ ഭാരവാഹികളുടെ ഈഗോ സഞ്ജുവിന്‍റെ കരിയർ തകർക്കുകയാണെന്ന് ശശി തരൂര്‍ എംപി പറഞ്ഞിരുന്നു. സമൂഹമാധ്യമമായ എക്‌സിലായിരുന്നു എംപിയുടെ പ്രതികരണം.