ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീം പ്രഖ്യാപിച്ചിരിക്കുകയാണ്. രോഹിത് ശര്‍മയുടെ നേതൃത്വത്തിലുള്ള 15 അംഗ ടീമിനെയാണ് ബിസിസിഐ സെലക്ടര്‍മാര്‍ തിരഞ്ഞെടുത്തിരിക്കുന്നത്. വിക്കറ്റ് കീപ്പറായി സഞ്ജു സാംസണ് ഇടം നേടിയത് മലയാളികള്‍ക്കും അഭിമാനിക്കാന്‍ വകനല്കുന്നതാണ്.
എസ് ശ്രീശാന്തിന് ശേഷം ഇന്ത്യയ്ക്കായി ടി20 ലോകകപ്പ് ടീമില്‍ ഇടം നേടുന്ന രണ്ടാമത്തെ മാത്രം മലയാളി താരമാണ് സഞ്ജു. 2007-ലെ പ്രഥമ ടി20 ലോകകപ്പിലായിരുന്നു ശ്രീശാന്ത് ഇന്ത്യയ്ക്കായി കളിച്ചത്. ദക്ഷിണാഫ്രിക്ക ആതിഥേയരായ ടൂര്‍ണമെന്റില്‍ കിരീടം തൂക്കിയായിരുന്നു അന്ന് ഇന്ത്യ തിരികെ പറന്നത്.
'ശ്രീശാന്ത് ടേക്സ് ഇറ്റ്, ഇന്ത്യ വിന്':വിജയത്തില്‍ മലയാളി പേസര്‍ എസ് ശ്രീശാന്തിന്റെ പ്രകടനം ഏറെ നിര്‍ണായകമായി. ചിരവൈരികളായ പാകിസ്ഥാനെതിരായ ഫൈനലില്‍ ഇന്ത്യയുടെ വിജയം ഉറപ്പിച്ച ക്യാച്ചെടുത്തതും ശ്രീശാന്തായിരുന്നു. ജൊഹന്നസ്ബര്‍ഗില്‍ കലാശപ്പോരിന് ഗ്രൂപ്പ് ഘട്ടത്തിലേറ്റ തോല്‍വിക്ക് പകരം വീട്ടാനുറച്ച് കൂടിയായിരുന്നു ഇന്ത്യയ്ക്ക് എതിരെ പാകിസ്ഥാന് ഇറങ്ങിയത്.
പരിക്കേറ്റ വിരേന്ദര്‍ സെവാഗിന്റെ അഭാവം ഇന്ത്യയെ പ്രതിരോധത്തിലാക്കിയിരുന്നു. മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യയ്ക്ക് നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 157 റണ്‍സായിരുന്നു നേടാന്‍ കഴിഞ്ഞത്. 54 പന്തില്‍ 75 റണ്‍സുമായി ഗൗതം ഗംഭീറായിരുന്നു ടോപ് സ്കോറര്‍. 16 പന്തില്‍ പുറത്താവാതെ 30 റണ്‍സടിച്ച രോഹിത് ശര്‍മയും തിളങ്ങി.
ലക്ഷ്യം പിന്തുടരാനിറങ്ങിയ പാകിസ്ഥാനായി മിസ്ബാ ഉള് ഹഖ് നിലയുറപ്പിച്ചപ്പോള്‍ ഒരു ഘട്ടത്തില്‍ ഇന്ത്യ തോല്‍വി മുന്നില്‍ കണ്ടു. എന്നാല്‍ പത്താം വിക്കറ്റായി മിസ്ബ മടങ്ങിയതോടെ പാകിസ്ഥാന്റെ പോരാട്ടം അവസാനിച്ചു. ജൊഗീന്ദര്‍ ശര്‍മ എറിഞ്ഞ അവസാന ഓവറിന്റെ മൂന്നാം പന്തില്‍ സ്കൂപ്പിന് ശ്രമിച്ചായിരുന്നു മിസ്ബ ശ്രീശാന്തിന്റെ കയ്യില്‍ അവസാനിച്ചത്. അന്ന് കമന്ററി ബോക്സിലുയര്ന്ന 'ഇന്‍ ദി എയര്‍, ശ്രീശാന്ത് ടേക്സ് ഇറ്റ്, ഇന്ത്യ വിന്' എന്ന ആരവം ഇന്നും ഓരോ ക്രിക്കറ്റ് പ്രേമിയുടേയും രോമാഞ്ചമാണ്.