ലഖ്‌നൗ:ഐപിഎല്‍ പതിനേഴാം പതിപ്പില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സിനെതിരെ ഏഴ് വിക്കറ്റിന്‍റെ തകര്‍പ്പൻ ജയം സ്വന്തമാക്കിയിരിക്കുകയാണ് രാജസ്ഥാൻ റോയല്‍സ്. മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്‌ത ലഖ്‌നൗ ഉയര്‍ത്തിയ 197 റണ്‍സ് വിജയലക്ഷ്യം മൂന്ന് വിക്കറ്റ് മാത്രം നഷ്‌ടപ്പെടുത്തി ഒരു ഓവര്‍ ശേഷിക്കെ റോയല്‍സ് മറികടക്കുകയായിരുന്നു. ക്യാപ്‌റ്റൻ സഞ്ജു സാംസണിന്‍റെ വെടിക്കെട്ട് ബാറ്റിങ് പ്രകടനമായിരുന്നു റോയല്‍സിന്‍റെ ഈ ജയത്തില്‍ ചുക്കാൻ പിടിച്ചത്.
മൂന്നാം നമ്പറില്‍ ക്രീസിലെത്തിയ സഞ്ജു മത്സരത്തില്‍ 33 പന്ത് നേരിട്ട് പുറത്താകാതെ 71 റണ്‍സാണ് അടിച്ചെടുത്തത്. 215.15 പ്രഹരശേഷിയില്‍ ബാറ്റേന്തിയ സഞ്ജുവിന്‍റെ ഇന്നിങ്‌സില്‍ പിറന്നത് നാല് സിക്‌സും ഏഴ് ഫോറും ആയിരുന്നു. ലഖ്‌നൗവിനെതിരായ ഈ തകര്‍പ്പൻ പ്രകടനത്തോടെ ഐപിഎല്‍ പതിനേഴാം പതിപ്പിലെ റണ്‍വേട്ടക്കാരുടെ പട്ടികയില്‍ രണ്ടാം സ്ഥാനത്തേക്ക് എത്താനും സഞ്ജുവിനായി.
9 മത്സരങ്ങളില്‍ നിന്നും 385 റണ്‍സാണ് നിലവില്‍ രാജസ്ഥാൻ റോയല്‍സ് നായകന് ഉള്ളത്. 161.08 ശരാശരിയില്‍ ബാറ്റ് വീശുന്ന സഞ്ജുവിന്‍റെ ബാറ്റിങ് ശരാശരി 77 ആണ്. നാല് അര്‍ധസെഞ്ച്വറികളും താരം ഈ സീസണില്‍ ഇതുവരെ നേടിയിട്ടുണ്ട്.
സഞ്ജുവിനൊപ്പം ടി20 ലോകകപ്പ് ടീമില്‍ സ്ഥാനം ഉറപ്പിക്കാൻ പൊരുതുന്ന കെഎല്‍ രാഹുലും റണ്‍വേട്ടക്കാരുടെ പട്ടികയില്‍ ആദ്യ അഞ്ചിലേക്ക് കടന്നു. 9 മത്സരം കളിച്ച രാഹുല്‍ 42 ശരാശരിയിലും 144.27 സ്ട്രൈക്ക് റേറ്റിലും 378 റണ്‍സാണ് ഇതുവരെ നേടിയിട്ടുള്ളത്. ഡല്‍ഹി ക്യാപിറ്റല്‍സ് ക്യാപ്‌റ്റൻ റിഷഭ് പന്താണ് നാലാം സ്ഥാനത്ത്.