പെരിന്തൽമണ്ണ : ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്‍റെ (IPL 2024) പുതിയ സീസണില്‍ രാജസ്ഥാന്‍ റോയല്‍സിനെ (Rajasthan Royals) നയിക്കാനുള്ള അവസാന ഘട്ട ഒരുക്കത്തിലാണ് മലയാളി താരം സഞ്ജു സാംസൺ (Sanju Samson). പെരിന്തൽമണ്ണ സ്റ്റേഡിയത്തിലാണ് നിലവിൽ 29-കാരന്‍ പരിശീലനം നടത്തുന്നത്. ഇതിനിടെ താരത്തിന്‍റെ ഒരു വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്.
ഭിന്നശേഷിക്കാരനായ 11 വയസുകാരൻ മുഹമ്മദ് യാസീനൊപ്പം ക്രിക്കറ്റ് കളിക്കുന്ന ഇന്ത്യന്‍ താരത്തിന്‍റെ വീഡിയോയാണ് ആരാധകരുടെ കയ്യടി നേടുന്നത്. സഞ്‌ജുവിനെ നേരില്‍ കാണണമെന്നും താരത്തിനൊപ്പം ക്രിക്കറ്റ് കളിക്കണമെന്നും നേരത്തെ തന്നെ മുഹമ്മദ് യാസീന്‍ ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. ഇത് ശ്രദ്ധയില്‍പ്പെട്ടതിന് പിന്നാലെ യാസീനെ വിളിച്ച് വിശേഷങ്ങള്‍ തിരക്കിയ സഞ്‌ജു നാട്ടിലെത്തുമ്പോള്‍ നേരില്‍ കാണാമെന്ന് ഉറപ്പും നല്‍കിയിരുന്നു.
തന്‍റെ കുഞ്ഞ് ആരാധകന് നല്‍കിയ ഈ ഉറപ്പാണ് സഞ്‌ജു പാലിച്ചിരിക്കുന്നത്. ബാറ്റുചെയ്യുന്ന സഞ്‌ജുവിന് പന്തെറിഞ്ഞ് നല്‍കുന്ന യാസീനെയാണ് വീഡിയോയില്‍ കാണാന്‍ കഴിയുന്നത്. താന്‍ ഒപ്പിട്ട ഒരു തൊപ്പി 11-കാരന് സഞ്‌ജു സമ്മാനിക്കുകയും ചെയ്‌തിരുന്നു.
ഒഴിവ് സമയത്ത് കുടുംബത്തോടൊപ്പം വീട്ടിലേക്ക് വരാമെന്ന് മറ്റൊരു ഉറപ്പ് കൂടി നല്‍കിയാണ് യാസീനെ ഇന്ത്യന്‍ താരം തിരികെ അയച്ചത്. കണ്ണുകെട്ടി കീബോർഡിൽ ദേശീയഗാനം വായിച്ച് ഇന്ത്യൻ ബുക്‌സ് ഓഫ് റെക്കോർഡില്‍ ഇടം നേടിയ മിടുക്കനാണ് യാസീന്‍. കേരള സർക്കാരിന്‍റെ ഉജ്ജ്വല ബാല്യം പുരസ്‌കാരവും നേടിയിട്ടുണ്ട്.