കേരളം

kerala

ETV Bharat / sports

10 വര്‍ഷത്തെ കാത്തിരിപ്പ്! ചരിത്രനേട്ടത്തിന് പിന്നാലെ വികാരഭരിതനായി സഞ്ജു സാംസണ്‍ - SANJU SAMSON EMOTIONAL WORDS

50 പന്തില്‍ 107 റണ്‍സ് നേടിയാണ് ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഒന്നാം ടി20യില്‍ സഞ്ജു പുറത്തായത്.

SANJU SAMSON  INDIA VS SOUTH AFRICA  SANJU SAMSON INTERVIEW  സഞ്ജു സാംസണ്‍
Sanju Samson (APTN)

By ETV Bharat Kerala Team

Published : Nov 9, 2024, 8:33 AM IST

ഡര്‍ബൻ:ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഒന്നാം ടി20യില്‍ സെഞ്ച്വറിയുമായി തിളങ്ങിയിരിക്കുകയാണ് സഞ്ജു സാംസണ്‍. ഏറെക്കാലം ടീമിന് പുറത്തിരിക്കേണ്ടി വന്ന താരം ഇപ്പോള്‍ ലഭിക്കുന്ന അവസരങ്ങളിലെല്ലാം തകര്‍ത്തടിക്കുകയാണ്. അന്താരാഷ്‌ട്ര ടി20യില്‍ തന്‍റെ രണ്ടാമത്തെ സെഞ്ച്വറിയാണ് ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മത്സരത്തില്‍ സഞ്ജു സാംസണ്‍ നേടിയത്.

നേരത്തെ, ബംഗ്ലാദേശിനെതിരായ മൂന്നാം മത്സരത്തില്‍ 111 റണ്‍സ് എടുക്കാൻ സഞ്ജുവിനായി. ഇതിന് പിന്നാലെ പ്രോട്ടീസിനെ നേരിടാനിറങ്ങിയ മത്സരത്തില്‍ 50 പന്തില്‍ 107 റണ്‍സോടെയാണ് സഞ്ജു കസറിയത്. 214 പ്രഹരശേഷിയില്‍ ബാറ്റ് വീശിയ സഞ്ജു തന്‍റെ ഇന്നിങ്‌സില്‍ പത്ത് സിക്‌സും ഏഴ് ഫോറും പായിച്ചിരുന്നു.

ഡര്‍ബനിലെ വെടിക്കെട്ട് ബാറ്റിങ്ങോടെ തകര്‍പ്പൻ റെക്കോഡും സ്വന്തമാക്കാൻ സഞ്ജുവിന് സാധിച്ചു. രാജ്യാന്തര ടി20 ക്രിക്കറ്റ് ചരിത്രത്തില്‍ തുടര്‍ച്ചയായി രണ്ട് സെഞ്ച്വറി നേടുന്ന ആദ്യ ഇന്ത്യക്കാരൻ എന്ന നേട്ടമാണ് സഞ്ജു സ്വന്തമാക്കിയത്. ഈ നേട്ടം സ്വന്തമാക്കുന്ന നാലാമത്തെ മാത്രം താരം കൂടിയാണ് സഞ്ജു സാംസണ്‍.

കേവലം കുറച്ച് ഇന്നിങ്‌സുകള്‍ കൊണ്ട് തന്നെ ഇന്ത്യയുടെ വിശ്വസ്‌ത ഓപ്പണറായി മാറാൻ സഞ്ജുവിന് സാധിച്ചിട്ടുണ്ട്. പല പ്രമുഖരും സഞ്ജുവിനായി കയ്യടിച്ച് രംഗത്തെത്തുന്നുണ്ട്. അതിനിടെ തന്‍റെ സെഞ്ച്വറി പ്രകടനത്തെ കുറിച്ച് സഞ്ജു തന്നെ മനസ് തുറന്നിട്ടുണ്ട്.

ഇത്തരമൊരു നേട്ടത്തിനായി 10 വര്‍ഷത്തോളം തനിക്ക് കാത്തിരിക്കേണ്ടി വന്നുവെന്നാണ് സഞ്ജു പറയുന്നത്. ആദ്യ ടി20യില്‍ ഇന്ത്യയുടെ ബാറ്റിങ് അവസാനിച്ചതിന് പിന്നാലെ ബ്രോഡ്‌കാസ്റ്റേഴ്‌സിനോട് സംസാരിക്കവെയാണ് സഞ്ജുവിന്‍റെ പ്രതികരണം. താരത്തിന്‍റെ വാക്കുകള്‍ ഇങ്ങനെ...

'സ്വാഭാവികമായും റണ്‍സ് കണ്ടെത്താൻ സാധിക്കുന്ന ഒരു അവസ്ഥയിലായിരുന്നു ഉണ്ടായിരുന്നത്. അത് നടപ്പിലാക്കാൻ മാത്രമാണ് ആഗ്രഹിച്ചത്. ഇന്ത്യയില്‍ നിന്നും വ്യത്യസ്‌തമായി എക്‌സ്‌ട്രാ ബൗണ്‍സ് പിച്ചിലുണ്ടായിരുന്നു. അതുകൊണ്ട് തന്നെ പിച്ചിനെ മനസിലാക്കാൻ കുറച്ച് സമയം വേണ്ടി വന്നു. അവരുടെ ബൗളര്‍മാര്‍ നന്നായി തന്നെ പന്തെറിഞ്ഞു.

വൈകാരികമായൊരു നേട്ടമാണ് എനിക്ക് ഇത്. ഇങ്ങനെയൊരു നേട്ടത്തിന് വേണ്ടി 10 വര്‍ഷത്തോളമായി കാത്തിരിക്കുകയാണ്. ഏറെ സന്തോഷം തോന്നുന്നുണ്ട് ഇപ്പോള്‍. എന്നാല്‍, അതിയായി ആഹ്ലാദിക്കാതെ ഈ നിമിഷത്തെ ആസ്വദിക്കാൻ മാത്രമാണ് ശ്രമിക്കുന്നത്. ഈ ഫോം തുടരാനാണ് ശ്രമവും'- സഞ്ജു സാംസണ്‍ പറഞ്ഞു.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം

എന്ത് ഉദ്ദേശത്തോടെയാണ് ബാറ്റ് ചെയ്യുന്നതെന്ന ചോദ്യത്തിന് അടിക്കാന്‍ സാധിക്കുന്ന പന്താണെന്ന് തോന്നിയാല്‍ അടിക്കുക എന്ന മറുപടിയാണ് സഞ്ജു നല്‍കിയത്. ഓരോ പന്തില്‍ മാത്രമാണ് തന്‍റെ ശ്രദ്ധ. മറ്റൊരു കാര്യവും തന്‍റെ മനസിലുണ്ടായിരുന്നില്ലെന്നും സഞ്ജു കൂട്ടിച്ചേര്‍ത്തു.

അതേസമയം, മത്സരത്തില്‍ 61 റണ്‍സിന്‍റെ ജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. സഞ്ജുവിന്‍റെ സെഞ്ച്വറിയുടെ കരുത്തില്‍ ഇന്ത്യ ഉയര്‍ത്തിയ 203 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ ദക്ഷിണാഫ്രിക്ക 17.5 ഓവറില്‍ 141 റണ്‍സില്‍ ഓള്‍ഔട്ടാകുകയായിരുന്നു. മൂന്ന് വിക്കറ്റെടുത്ത വരുണ്‍ ചക്രവര്‍ത്തി, രവി ബിഷ്‌ണോയ് എന്നിവരുടെ പ്രകടനങ്ങളായിരുന്നു ഇന്ത്യൻ ജയം അനായാസമാക്കിയത്.

Read More :സെഞ്ച്വറിയടിച്ച് സഞ്ജു, ദക്ഷിണാഫ്രിക്കയെ എറിഞ്ഞിട്ട് ബൗളര്‍മാര്‍; ആദ്യ ടി20യില്‍ ഇന്ത്യയ്‌ക്ക് മിന്നും ജയം

ABOUT THE AUTHOR

...view details