ഹൈദരാബാദ്: സയ്യിദ് മുഷ്‌താഖ് അലി ട്രോഫി ടി20 ക്രിക്കറ്റ് ടൂർണമെന്‍റിൽ ആന്ധ്രപ്രദേശിനെതിരെ കേരളത്തിന് തോൽവി. ഹൈദരാബാദിൽ നടന്ന പോരാട്ടത്തില്‍ ആറു വിക്കറ്റിനാണ് ആന്ധ്രയുടെ ജയം. മത്സരത്തിൽ ബാറ്റിങ്ങിന് ഇറങ്ങിയ കേരളം 18.1 ഓവറിൽ 87 റൺസിന് പുറത്തായി. മറുപടി ബാറ്റിങ്ങിൽ 42 പന്തും ആറു വിക്കറ്റും ബാക്കിയാക്കി ആന്ധ്ര വിജയം സ്വന്തമാക്കി.
കെ.എസ് ഭരതിന്‍റെ അർധസെഞ്ചറിയാണ് ആന്ധ്രയുടെ ജയം അനായാസമാക്കിയത്. 33 പന്തിൽ ഏഴു ഫോറും രണ്ടു സിക്സും സഹിതം പുറത്താകാതെ 56 റൺസാണ് ഭരത് നേടിയത്.ഇതോടെ അഞ്ച് മത്സരങ്ങളും ജയിച്ച ആന്ധ്ര ഗ്രൂപ്പ് ചാമ്പ്യൻ പദവി ഉറപ്പാക്കി. ആന്ധ്രക്കായി അശ്വിൻ ഹെബ്ബാർ (12), റിക്കി ഭുയി (14), റഷീദ് (അഞ്ച്), ആവിൻഷ് പൈല (0), വിനയ് (1) തരക്കേടില്ലാത്ത പ്രകടനം പുറത്തെടുത്തു.
കേരളത്തിനായി ജലജ് സക്സേന മാത്രമാണ് തിളങ്ങിയത്. 22 പന്തിൽ മൂന്നു ഫോറും ഒരു സിക്സും സഹിതം 27 റൺസാണ് താരം എടുത്തത്. കൂടാതെ മൂന്ന് ഓവറിൽ 13 റൺസ് മാത്രം വഴങ്ങി മൂന്നു വിക്കറ്റും വീഴ്ത്തി. എം.ഡി. നിധീഷ് മൂന്ന് ഓവറിൽ ഒരു വിക്കറ്റെടുത്തു. ബാറ്റിങ് ആരംഭിച്ച കേരളത്തിന്‍റെ ബാറ്റിങ് നിര മോശമായതിനെ തുടര്‍ന്നാണ് 18.1 ഓവറിൽ 87 റൺസിന് പുറത്തായത്.