ന്യൂഡൽഹി:ഒളിമ്പിക്‌സ് മെഡല്‍ ജേതാക്കളായ സാക്ഷി മാലിക്കും അമന്‍ സെഹ്‌രാവത്തും മുന്‍ ലോക ചാമ്പ്യന്‍ഷിപ്പ് വെങ്കലമെഡല്‍ ജേതാവ് ഗീതാ ഫോഗട്ടും ചേര്‍ന്ന് ഗുസ്‌തി ചാമ്പ്യൻസ് സൂപ്പർ ലീഗ് പ്രഖ്യാപനം നടത്തി. ഇന്ത്യയില്‍ വളര്‍ന്നുവരുന്ന ഗുസ്‌തി പ്രതിഭകളെ വളര്‍ത്തിയെടുക്കാന്‍ ലക്ഷ്യമിട്ടാണ് പുതിയ പദ്ധതി. ലീഗിന്‍റെ ഫോര്‍മാറ്റ്, വേദി, സമ്മാനത്തുക, മറ്റു വിവരങ്ങള്‍ എന്നിവ സംബന്ധിച്ച വിശദാംശങ്ങള്‍ വെളിപ്പെടുത്തിയിട്ടില്ല. അന്താരാഷ്‌ട്ര ഗുസ്‌തിക്കാരേയും പരിശീലകരേയും ഉള്‍പ്പെടുത്തി ഇന്ത്യന്‍ താരങ്ങള്‍ക്ക് മികച്ച പിന്തുണ നല്‍കാനാണ് നോക്കുന്നതെന്ന് ഗീതാ ഫോഗട്ട് പറഞ്ഞു.
ഞങ്ങളെ ചാമ്പ്യന്മാരാക്കാൻ രാജ്യം മുഴുവൻ ഒത്തുചേര്‍ന്നെന്ന് സമൂഹമാധ്യമമായ എക്‌സില്‍ ഗീത കുറിച്ചു. ത്രിവർണ പതാകയ്ക്ക് വേണ്ടി പോരാടുന്നതിനേക്കാൾ മഹത്തായ ബഹുമതി മറ്റൊന്നില്ല. നിങ്ങള്‍ ഞങ്ങളിൽ കാണിക്കുന്ന വിശ്വാസത്തിന് പകരമായി, ഞങ്ങളുടെ കായിക കഴിവുകൾ, അനുഭവപരിചയം, ക്ഷമ, വിജയം എന്നിവ കായിക സേവനത്തിൽ സമർപ്പിക്കേണ്ടത് പ്രധാനമാണ്. അതിനാൽ, ഞങ്ങൾ ഒരുമിച്ച് റെസ്ലിംഗ് ചാമ്പ്യൻസ് സൂപ്പർ ലീഗിന്‍റെ സമാരംഭം പ്രഖ്യാപിക്കുന്നുവെന്ന് ഗീതാ ഫോഗട്ട് വ്യക്തമാക്കി.