ഡർബൻ: 2024-ലെ ടി20 ലോകകപ്പില്‍ ഇന്ത്യയുടെ വിജയത്തില്‍ നിര്‍ണായകമായിരുന്നു സൂര്യകുമാര്‍ യാദവ് ബൗണ്ടറി ലൈനിലെടുത്ത ക്യാച്ച്. ഡേവിഡ് മില്ലറെ പുറത്താക്കിയ ഈ ക്യാച്ചുമായി ബന്ധപ്പെട്ട് വലിയ വിവാദങ്ങള്‍ അരങ്ങേറുകയും ചെയ്‌തു. ഇപ്പോഴിതാ ഈ ഐതിഹാസിക ക്യാച്ചിനെ പരാമർശിച്ചുകൊണ്ട് കമന്‍ററി ബോക്‌സില്‍ ഇന്ത്യയുടെ മുന്‍ താരം റോബിൻ ഉത്തപ്പയെ പരിഹസിച്ചിരിക്കുകയാണ് സിംബാബ്‌വെയുടെ താരമായിരുന്ന പോമി എംബാങ്‌വ.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
എസ്‌എ ടി20യിലെ പേള്‍ റോയല്‍സും ഡര്‍ബന്‍സ് സൂപ്പര്‍ ജയന്‍റ്‌സും തമ്മിലുള്ള മത്സരത്തിലെ കമന്‍ററിക്കിടെയാണ് സംഭവം. പേള്‍സ് റോയല്‍സ് ഇന്നിങ്‌സിന്‍റെ 12-ാം ഓവറിന്‍റെ നാലാം പന്ത്. അഫ്‌ഗാന്‍ സ്‌പിന്നര്‍ മുജീബ് ഉര്‍ റഹ്‌മാനെതിരെ പേള്‍സ് ഓപ്പണര്‍ ക്വിന്‍റണ്‍ ഡി കോക്ക് സ്‌ട്രൈറ്റ് ബൗണ്ടറിയിലേക്ക് സിക്‌സറിന് ശ്രമിക്കുന്നു. എന്നാല്‍ റൂബിൻ ഹെർമൻ ബൗണ്ടറി ലൈനില്‍ പന്ത് കയ്യിലൊതുക്കി.
2024 ടി20 ലോകകപ്പിന്‍റെ അവസാന ഓവറിൽ ഡേവിഡ് മില്ലറെ പുറത്താക്കാൻ സൂര്യകുമാർ യാദവ് എടുത്തതിന് സമാന ക്യാച്ചായിരുന്നുവിത്. ഇതിന്‍റെ റീപ്ലേ പരിശോധന നടക്കുന്നതിനിടെ "റോബീ, നിന്‍റെ തീരുമാനം എന്തായിരിക്കും?"- എന്നൊരു ചോദ്യമാണ് നർമ്മത്തിൽ പൊതിഞ്ഞുകൊണ്ട് പോമി എംബാങ്‌വ ചോദിച്ചത്.
ALSO READ: അണ്ടര്‍ 19 ടി20 ലോകകപ്പില്‍ വീണ്ടും നിറഞ്ഞാടി വയനാട്ടുകാരി ജോഷിത; തകര്‍പ്പൻ ജയത്തോടെ ഇന്ത്യ സൂപ്പര്‍ സിക്‌സിലേക്ക്
"അത് തീർച്ചയായും ഔട്ട്" -എന്ന് ഉത്തപ്പ മറുപടി നൽകി. ടി20 ലോകകപ്പിൽ സൂര്യകുമാർ യാദവിന്‍റെ ക്യാച്ചിനെ ഓർമ്മിപ്പിക്കുന്നതിനാൽ നിങ്ങൾ അതുതന്നെയായിരിക്കും പറയുക എന്നായിരുന്നു സിംബാബ്‌വെയുടെ മുന്‍ താരം ഇതിനോട് പ്രതികരിച്ചത്. പോമി എംബാങ്‌വയുടെ വാക്കുകള്‍ കമന്‍ററി ബോക്‌സില്‍ ചിരി പടര്‍ത്തി. എന്നാല്‍ ഉത്തപ്പ ഇതിനോട് പ്രതികരിക്കാന്‍ തയ്യാറായില്ല. റിപ്ലേ പരിശോനയ്‌ക്ക് തേര്‍ഡ് അമ്പയര്‍ ഡികോക്ക് ഔട്ടാണെന്ന് വിധിക്കുകയാണുണ്ടായത്. മത്സരത്തില്‍ പേള്‍ റോയല്‍സ് അഞ്ച് വിക്കറ്റിന് വിജയിച്ചിരുന്നു.