കഴിഞ്ഞ വര്‍ഷത്തെ മികച്ച ടി 20 ഇലവൺ തെരഞ്ഞെടുത്ത് ഐസിസി. 2024ല്‍ ഇന്ത്യയെ ടി20 ലോകകപ്പ് കിരീടത്തിലേക്ക് നയിച്ച രോഹിത് ശര്‍മയാണ് ടി20 ഇലവന്‍റെ ക്യാപ്‌റ്റന്‍. പേസർമാരായ ജസ്പ്രീത് ബുംറ, അർഷ്‌ദീപ് സിങ്, ഓൾറൗണ്ടർ ഹാർദിക് പാണ്ഡ്യ എന്നിവരാണ് ടി20 ഇലവണില്‍ ഇടം നേടിയ മറ്റ് ഇന്ത്യന്‍ താരങ്ങള്‍.
രോഹിത് ശർമ്മയ്‌ക്കൊപ്പം ഓപ്പണറായി ട്രാവിസ് ഹെഡിനെ ഐസിസി തെരഞ്ഞെടുത്തു. മൂന്നാം നമ്പർ ബാറ്റ്‌സ്‌മാനായി ഫിൽ സാൾട്ടിനെയും ഇലവനിൽ ഉൾപ്പെടുത്തി. ടി20 ലോകകപ്പിൽ ഏഴ് മത്സരങ്ങളിൽ നിന്ന് 255 റൺസ് നേടിയ ഹെഡ് ഏറ്റവും കൂടുതൽ റൺസ് നേടിയ മൂന്നാമത്തെ കളിക്കാരനായി.
ഓസ്‌ട്രേലിയൻ താരമായ ട്രാവിസ് ഹെഡ് 2024 ൽ മികച്ച പ്രകടനമാണ് കാഴ്‌ചവെച്ചത്. കൂടാതെ ഇന്ത്യൻ പ്രീമിയർ ലീഗിലും (ഐപിഎൽ) വ്യക്തിമുദ്ര പതിപ്പിച്ചു. 2024 ൽ മൂന്ന് ടി20 സെഞ്ച്വറികൾ നേടിയ ഫിൽ സാൾട്ടും ഐസിസി ഇലവനിൽ ഇടം നേടി.
2024 ൽ ടി20കളിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ നിക്കോളാസ് പുരാനാണ് ഇലവനിൽ വിക്കറ്റ് കീപ്പറായി തെരഞ്ഞെടുക്കപ്പെട്ടത്. പുരാന്‍ രണ്ടായിരത്തിലധികം റണ്‍സാണ് അടിച്ചുകൂട്ടിയത്. 23 ഇന്നിങ്സുകളിൽ നിന്ന് 738 റൺസ് നേടിയ പാകിസ്ഥാന്‍ താരം ബാബർ അസമും ഇലവണില്‍ സ്ഥാനം നേടി.