ധര്‍മ്മശാല :ഇംഗ്ലണ്ടിനെതിരായ അഞ്ചാമത്തേയും അവസാനത്തേയും (India vs England 5th Test) ടെസ്റ്റിനായി ധര്‍മ്മശാലയിലേക്ക് മരണമാസ് എന്‍ട്രിയുമായി ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ (Rohit Sharma). സ്വകാര്യ ഹെലികോപ്‌റ്ററില്‍ ആം ഗാർഡുകളുടെ അകമ്പടിയോടെയാണ് രോഹിത് ധര്‍മശാലയിലേക്ക് എത്തിയത്. ഇതിന്‍റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.
ഹിമാചൽ പ്രദേശിലെ ബിലാസ്പൂരിൽ ഒരു പരിപാടിയില്‍ പങ്കെടുത്തതിന് ശേഷമായിരുന്നു പരിശീലനത്തിനായി രോഹിത് ധര്‍മ്മശാലയിലേക്ക് പറന്നിറങ്ങിയത്. ഇന്ത്യന്‍ സ്‌ക്വാഡിലെ മറ്റ് താരങ്ങളും ഇംഗ്ലണ്ട് ടീമും നേരത്തെ തന്നെ ധര്‍മശാലയിലേക്ക് എത്തിയിരുന്നു. തിങ്കളാഴ്‌ച മുതല്‍ തന്നെ ഇവര്‍ നെറ്റ്‌സില്‍ പരിശീലനം ആരംഭിക്കുകയും ചെയ്‌തു.
മാര്‍ച്ച് ഏഴിനാണ് ഇന്ത്യ- ഇംഗ്ലണ്ട് അഞ്ചാം ടെസ്റ്റ് ആരംഭിക്കുന്നത്. ധര്‍മശാലയിലും മികവ് ആവര്‍ത്തിക്കാനാവും രോഹിത് ശര്‍മയും സംഘവും ലക്ഷ്യം വയ്‌ക്കുക. നാല് മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ ഇംഗ്ലണ്ടിനെതിരെ 3-1ന് പരമ്പര സ്വന്തമാക്കാന്‍ ഇന്ത്യയ്‌ക്കായിട്ടുണ്ട്. ആദ്യ മത്സരത്തില്‍ തോല്‍വി വഴങ്ങിയതിന് ശേഷം തുടര്‍ന്ന് കളിച്ച മൂന്ന് മത്സരങ്ങളും വിജയിച്ചാണ് ആതിഥേയര്‍ പരമ്പര സ്വന്തമാക്കിയത്.
ഹൈദരാബാദില്‍ അരങ്ങേറിയ ആദ്യ ടെസ്റ്റില്‍ 28 റണ്‍സിനായിരുന്നു ഇംഗ്ലണ്ട് വിജയം പിടിച്ചത്. എന്നാല്‍ വിശാഖപട്ടണത്ത് 106 റണ്‍സിനും രാജ്‌കോട്ടില്‍ 434 റണ്‍സിനും റാഞ്ചിയില്‍ അഞ്ച് വിക്കറ്റുകള്‍ക്കും വിജയം നേടി വമ്പന്‍ മറുപടിയാണ് ആതിഥേയര്‍ നല്‍കിയത്. അഞ്ചാം ടെസ്റ്റിനുള്ള ഇന്ത്യന്‍ സ്‌ക്വാഡിലേക്ക് പ്രീമിയം പേസര്‍ ജസ്‌പ്രീത് ബുംറ (Jasprit Bumrah) തിരികെ എത്തിയിട്ടുണ്ട്.