മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്‍റെ 17-ാം സീസണില്‍ മുംബൈ ഇന്ത്യന്‍സ് ആദ്യ ഹോം മത്സരത്തിന് ഇറങ്ങുമ്പോള്‍ മുന്‍ നായകന്‍ രോഹിത് ശര്‍മയുടെ പ്രകടനത്തില്‍ വമ്പന്‍ പ്രതീക്ഷയായിരുന്നു ആരാധകര്‍ക്കുണ്ടായിരുന്നത്. രാജസ്ഥാന്‍ റോയല്‍സായിരുന്നു എതിരാളി. മത്സരത്തില്‍ ടോസ് നഷ്‌ടപ്പെട്ട് ബാറ്റ് ചെയ്യാനിറങ്ങിയ മുംബൈക്കായി ഓപ്പണിങ്ങിന് ഇറങ്ങിയ രോഹിത്തിന് അക്കൗണ്ട് തുറക്കാന്‍ പോലും കഴിഞ്ഞിരുന്നില്ല.
ടെന്‍റ് ബോള്‍ട്ട് എറിഞ്ഞ ആദ്യ ഓവറില്‍ നേരിട്ട ആദ്യ പന്തില്‍ തന്നെ വിക്കറ്റ് കീപ്പര്‍ സഞ്‌ജു സാംസണിന്‍റെ കൈകളിലാണ് രോഹിത് തീര്‍ന്നത്. ഇതോടെ രോഹിത്തിന്‍റെ തലയില്‍ ഒരു മോശം റെക്കോഡും ചേര്‍ന്നു. ഐപിഎല്‍ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ ഡക്കായ താരമെന്ന റെക്കോഡില്‍ ദിനേശ് കാര്‍ത്തികിനൊപ്പമാണ് രോഹിത് എത്തിയിരിക്കുന്നത്.
ഐപിഎല്ലില്‍ അക്കൗണ്ട് തുറക്കാതെ ഇരുവരും ഇതേവരെ 17 തവണയാണ് പുറത്തായിട്ടുള്ളത്. 15 തവണ വീതം പുറത്തായിട്ടുള്ള പിയൂഷ് ചൗള, ഗ്ലെന്‍ മാക്‌സ്‌വെല്‍, മന്‍ദീപ് സിങ്, സുനില്‍ നരെയ്ന്‍ എന്നിവരാണ് തൊട്ടുപിന്നിലുള്ളത്. മനീഷ് പാണ്ഡെ, റാഷിദ് ഖാൻ, അമ്പാട്ടി റായിഡു എന്നിവർ 14 തവണ വീതം ഡക്കായിട്ടുണ്ട്. ഹർഭജൻ സിങ്, പാർഥിവ് പട്ടേൽ, അജിങ്ക്യ രഹാനെ എന്നിവര്‍ 13 തവണ വീതവും ഗൗതം ഗംഭീർ 12 തവണയും ഡക്കായിട്ടുണ്ട്.