കേരളം

kerala

ETV Bharat / sports

പൊട്ടിക്കരയുന്ന രോഹിത് ശര്‍മ..?; മുംബൈ ഡ്രസിങ് റൂമിലെ താരത്തിന്‍റെ വീഡിയോ - Rohit Sharma Viral Video - ROHIT SHARMA VIRAL VIDEO

സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരായ മത്സരത്തില്‍ പുറത്തായതിന് പിന്നാലെ മുംബൈ ഇന്ത്യൻസ് ഡ്രസിങ് റൂമില്‍ നിന്നുള്ള രോഹിത് ശര്‍മയുടെ വീഡിയോ വൈറല്‍.

ROHIT SHARMA EMOTIONAL VIDEO  ROHIT SHARMA CRYING VIDEO  MI VS SRH  IPL 2024
ROHIT SHARMA (IANS)

By ETV Bharat Kerala Team

Published : May 7, 2024, 2:34 PM IST

മുംബൈ: ഐപിഎല്ലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ തകര്‍ത്ത് മുംബൈ ഇന്ത്യൻസ് വിജയവഴിയില്‍ തിരിച്ചെത്തിയെങ്കിലും ആരാധകരെ നിരാശപ്പെടുത്തുന്നതായിരുന്നു മത്സരത്തിലെ രോഹിത് ശര്‍മയുടെ പ്രകടനം. വാങ്കഡെ സ്റ്റേഡിയത്തില്‍ ഹൈദരാബാദ് ഉയര്‍ത്തിയ 174 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ മുംബൈയ്‌ക്ക് വേണ്ടി ഓപ്പണറായി ക്രീസിലെത്തിയ രോഹിതിന് നാല് റണ്‍സേ നേടാൻ സാധിച്ചുള്ളു. മത്സരത്തിന്‍റെ നാലാം ഓവറില്‍ പാറ്റ് കമ്മിൻസിന്‍റെ പന്തില്‍ വിക്കറ്റ് കീപ്പര്‍ ഹെൻറിച്ച് ക്ലാസന് ക്യാച്ച് നല്‍കിയാണ് രോഹിത് മടങ്ങിയത്.

പുറത്താകലിന് പിന്നാലെ മുംബൈ ഡ്രസിങ് റൂമില്‍ നിരാശനായിരിക്കുന്ന രോഹിതിന്‍റെ ദൃശ്യങ്ങളാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറല്‍. ഐപിഎല്‍ പതിനേഴാം പതിപ്പില്‍ മികച്ചരീതിയില്‍ തുടങ്ങാനായെങ്കിലും രോഹിതിന് സീസണ്‍ രണ്ടാം പകുതിയിലേക്ക് എത്തിയപ്പോള്‍ ആ മികവ് ആവര്‍ത്തിക്കാൻ സാധിക്കാതെ വരികയായിരുന്നു.

ഈ വര്‍ഷം ആദ്യം കളിച്ച ഏഴ് കളിയില്‍ നിന്നും 297 റണ്‍സാണ് രോഹിത് നേടിയത്. ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരായ സെഞ്ച്വറി ഉള്‍പ്പടെയായിരുന്നു രോഹിത് ആദ്യ മത്സരങ്ങളില്‍ ഇത്രയും റണ്‍സ് നേടിയത്. എന്നാല്‍, പിന്നീട് കളിച്ച അഞ്ച് കളിയില്‍ 34 റണ്‍സ് മാത്രമാണ് രോഹിതിന്‍റെ ബാറ്റില്‍ നിന്നും പിറന്നത്.

11, 4, 8, 6 എന്നിങ്ങനെയാണ് അവസാന നാല് ഇന്നിങ്‌സുകളില്‍ രോഹിത് ശര്‍മയുടെ പ്രകടനങ്ങള്‍. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്, ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സ്, ഡല്‍ഹി ക്യാപിറ്റല്‍സ്, രാജസ്ഥാൻ റോയല്‍സ് ടീമുകള്‍ക്കെതിരെയായിരുന്നു രോഹിത് നിറം മങ്ങിയത്. ടി20 ലോകകപ്പ് അടുത്തിരിക്കെ രോഹിതിന്‍റെ ഈ പ്രകടനങ്ങള്‍ ഇന്ത്യൻ ആരാധകര്‍ക്കിടയിലും ആശങ്കയുണ്ടാക്കുന്നതാണ്.

അതേസമയം, സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരായ മത്സരത്തില്‍ ഏഴ് വിക്കറ്റിന്‍റെ ജയമാണ് മുംബൈ ഇന്ത്യൻസ് സ്വന്തമാക്കിയത്. വാങ്കഡേ സ്റ്റേഡിയത്തില്‍ ടോസ് നേടിയ മുംബൈ ഇന്ത്യൻസ് ഹൈദരാബാദിനെ ആദ്യം ബാറ്റിങ്ങിന് അയക്കുകയായിരുന്നു. ക്യാപ്‌റ്റൻ ഹാര്‍ദിക് പാണ്ഡ്യയും സ്‌പിന്നര്‍ പിയൂഷ് ചൗളയും മുംബൈയ്‌ക്കായി പന്തുകൊണ്ട് തിളങ്ങിയപ്പോള്‍ എസ്‌ആര്‍എച്ചിന്‍റെ ഇന്നിങ്‌സ് എട്ട് വിക്കറ്റ് നഷ്‌ടത്തില്‍ 173 റണ്‍സില്‍ അവസാനിച്ചു.

പാണ്ഡ്യയും ചൗളയും മൂന്ന് വിക്കറ്റ് വീതമാണ് മത്സരത്തില്‍ സ്വന്തമാക്കിയത്. ഹൈദരാബാദിനായി ട്രാവിസ് ഹെഡ് (48), പാറ്റ് കമ്മിൻസ് (35) എന്നിവര്‍ തിളങ്ങി. മറുപടി ബാറ്റിങ്ങില്‍ സൂര്യകുമാര്‍ യാദവിന്‍റെ സെഞ്ച്വറിയുടെ കരുത്തില്‍ 17.2 ഓവറിലാണ് മുംബൈ ജയം കണ്ടത്. നാലാം നമ്പറില്‍ ക്രീസിലെത്തിയ സൂര്യകുമാര്‍ പുറത്താകാതെ 51 പന്തില്‍ 102 റണ്‍സ് നേടി.

Read More :വാങ്കെഡെയില്‍ സെഞ്ച്വറിയടിച്ച് സൂര്യകുമാര്‍ യാദവ്, സണ്‍റൈസേഴ്‌സിനെ തകര്‍ത്തെറിഞ്ഞ് മുംബൈ; സീസണിലെ നാലാം ജയം - MI Vs SRH Match Result

ABOUT THE AUTHOR

...view details