ന്യൂയോര്‍ക്ക്:ടി20 ലോകകപ്പ് സന്നാഹ മത്സരത്തിലെ അര്‍ധസെഞ്ച്വറി പ്രകടനത്തോടെ ഇന്ത്യൻ ടീമില്‍ വിക്കറ്റ് കീപ്പര്‍ സ്ഥാനം ഏറെക്കുറെ ഉറപ്പിച്ചിരിക്കുകയാണ് റിഷഭ് പന്ത്. ബംഗ്ലാദേശിനെതിരായി നടന്ന സന്നാഹ മത്സരത്തില്‍ മൂന്നാം നമ്പറില്‍ ക്രീസിലെത്തിയ പന്ത് 32 പന്തില്‍ 53 റണ്‍സ് നേടി റിട്ടയേര്‍ഡ് ഔട്ട് ആകുകയായിരുന്നു. നാല് വീതം ഫോറും സിക്‌സും അടങ്ങുന്നതായിരുന്നു പന്തിന്‍റെ ഇന്നിങ്‌സ്.
ഈ പ്രകടനം കണ്ടതോടെ ലോകകപ്പിലെ ആദ്യ റൗണ്ട് മത്സരങ്ങള്‍ക്കിറങ്ങുമ്പോള്‍ ഇന്ത്യയുടെ പ്ലേയിങ് ഇലവനില്‍ വിക്കറ്റ് കീപ്പറായി പന്ത് മതിയെന്നാണ് ഒരു വിഭാഗം ആരാധകര്‍ പറയുന്നത്. ലോകകപ്പിനുള്ള സ്ക്വാഡില്‍ സഞ്ജു സാംസണ്‍ ആണ് വിക്കറ്റ് കീപ്പറായുള്ള മറ്റൊരു താരം. എന്നാല്‍, സന്നാഹ മത്സരത്തില്‍ സഞ്ജുവിന് മികവിലേക്ക് ഉയരാൻ സാധിക്കാതെ വന്നതോടെയാണ് ആരാധകരുടെ പിന്തുണയും പന്തിന് കൂടുതലായി ലഭിച്ചിരിക്കുന്നത്.
ബംഗ്ലാദേശിനെതിരായ സന്നാഹ മത്സരത്തില്‍ നായകൻ രോഹിത് ശര്‍മയ്‌ക്കൊപ്പം ഓപ്പണറായിട്ടാണ് സഞ്ജു ക്രീസിലേക്ക് എത്തിയത്. കഴിഞ്ഞ ഐപിഎല്ലില്‍ ഉള്‍പ്പടെ മൂന്നാം നമ്പറില്‍ കളിച്ച സഞ്ജുവിന് ഓപ്പണറായി കളിക്കാനിറങ്ങിയ മത്സരത്തില്‍ മികവ് പുലര്‍ത്താനായില്ല. മത്സരത്തില്‍ ആറ് പന്ത് നേരിട്ട താരം ഒരു റണ്ണുമായി പുറത്താകുകയായിരുന്നു.