വിശാഖപട്ടണം: നിലവിലെ ചാമ്പ്യന്മാരായ ചെന്നൈ സൂപ്പര്‍ കിങ്‌സിനെ തോല്‍പ്പിച്ചുകൊണ്ട് ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്‍റെ 17-ാം സീസണിലെ കന്നി വിജയം നേടാന്‍ ഡല്‍ഹി ക്യാപിറ്റല്‍സിന് കഴിഞ്ഞിരുന്നു. വിശാഖപട്ടണത്ത് നടന്ന മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനെ 20 റണ്‍സിനായിരുന്നു ഡല്‍ഹി ക്യാപിറ്റല്‍സ് പിടിച്ച് കെട്ടിയത്. എന്നാല്‍ ക്യാപ്റ്റന്‍ റിഷഭ് പന്തിന് തിരിച്ചടി നല്‍കി വമ്പന്‍ പിഴ വിധിച്ചിരിക്കുകയാണ് മാച്ച് റഫറി.
കുറഞ്ഞ ഓവര്‍ നിരക്കിന് 12 ലക്ഷം രൂപയാണ് റിഷഭ് പന്ത് പിഴയായി ഒടുക്കേണ്ടത്. സീസണിലെ ആദ്യത്തെ തെറ്റായത് കൊണ്ടാണ് പിഴത്തുക 12 ലക്ഷത്തില്‍ ഒതുങ്ങിയത്. ആവര്‍ത്തിക്കുകയാണെങ്കില്‍ പിന്നീടുള്ള ഒരു മത്സരത്തില്‍ വിലക്ക് നേരിടേണ്ടിവരും.
17-ാം സീസണില്‍ ഇതു രണ്ടാമത്തെ തവണയാണ് കുറഞ്ഞ ഓവര്‍ നിരക്കിന് ഒരു ടീമിന്‍റെ ക്യാപ്റ്റന് പിഴ ലഭിക്കുന്നത്. നേരത്തെ ഗുജറാത്ത് ടൈറ്റന്‍സ് ക്യാപ്റ്റന്‍ ശുഭ്‌മാന്‍ ഗില്ലിനെതിരെയായിരുന്നു അധികൃതര്‍ നടപടി എടുത്തത്. ചെന്നൈ സൂപ്പര്‍ കിങ്‌സിന് എതിരായ മത്സരത്തിലായിരുന്നു ഗില്ലിന് പിഴച്ചത്. നേരത്തെ അച്ചടക്കം ലംഘിച്ചതിന് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്‍റെ സീമര്‍ ഹര്‍ഷിത് റാണയ്‌ക്കെതിരെയും അധികൃതര്‍ നടപടി എടുത്തിരുന്നു.