യുവേഫ ചാമ്പ്യൻസ് ലീഗ് ഫുട്‌ബോള്‍ ലീഗ് ഫേസിലെ മൂന്നാം റൗണ്ട് പോരാട്ടങ്ങള്‍ ഇന്ന് തുടങ്ങും. റയല്‍ മാഡ്രിഡ് - ബൊറൂസിയ ഡോര്‍ട്ട്മുണ്ട് സൂപ്പര്‍ പോരിനൊപ്പം ഇംഗ്ലീഷ് വമ്പന്മാരായ ആഴ്‌സണല്‍, ഇറ്റാലിയൻ ക്ലബ് എസി മിലാൻ, ഫ്രഞ്ച് ടീം പിഎസ്‌ജി എന്നിവരും കളത്തിലിറങ്ങും. രാത്രി 10:15നും 12:30നുമാണ് മത്സരങ്ങള്‍.
വിജയവഴിയില്‍ തിരിച്ചെത്താൻ റയല്‍, കണക്ക് തീര്‍ക്കാൻ ഡോര്‍ട്ട്മുണ്ട്: ചാമ്പ്യൻസ് ലീഗ് ആരാധകര്‍ ആവേശത്തോടെ കാത്തിരിക്കുന്ന മത്സരങ്ങളില്‍ ഒന്നാണ് സാന്‍റിയാഗോ ബെര്‍ണബ്യൂവില്‍ നടക്കുന്ന റയല്‍ മാഡ്രിഡ്- ബൊറൂസിയ ഡോര്‍ട്‌മുണ്ട് പോരാട്ടം. കഴിഞ്ഞ സീസണിന്‍റെ കലാശക്കളിയില്‍ ബൊറൂസിയയെ തകര്‍ത്തായിരുന്നു റയല്‍ തങ്ങളുടെ 15-ാം ചാമ്പ്യൻസ് ലീഗ് കിരീടം സ്വന്തമാക്കിയത്.
അവസാന മത്സരത്തില്‍ LOSC ലില്ലെയോട് വഴങ്ങിയ അപ്രതീക്ഷിത തോല്‍വിയില്‍ നിന്നും കരകയറുക എന്ന ലക്ഷ്യത്തോടെയാകും റയല്‍ സ്വന്തം തട്ടകത്തില്‍ ജര്‍മൻ ക്ലബിനെ നേരിടാനിറങ്ങുക. ലാ ലിഗയില്‍ അവസാന രണ്ട് മത്സരം ജയിക്കാനായതിന്‍റെ ആത്മവിശ്വാസം കരുത്തരായ ഡോര്‍ട്‌മുണ്ടിനെ നേരിടാനിറങ്ങുമ്പോള്‍ റയലിനുണ്ടാകും. സീസണിലെ ആദ്യ എല്‍ ക്ലാസിക്കോ പോരാട്ടത്തിന് മുന്‍പ് കാര്‍ലോ ആൻസലോട്ടിയ്‌ക്കും സംഘത്തിനും തങ്ങളുടെ കരുത്ത് കാട്ടാനുള്ള അവസരം കൂടിയാകും ഈ മത്സരം.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
മറുവശത്ത്, ചാമ്പ്യൻസ് ലീഗില്‍ തുടര്‍ച്ചയായ മൂന്നം ജയം തേടിയാണ് സ്പാനിഷ് തലസ്ഥാനത്തേക്ക് ജര്‍മൻ ക്ലബ് ബൊറൂസിയ ഡോര്‍ട്ട്മുണ്ടിന്‍റെ വരവ്. കൂടാതെ, കഴിഞ്ഞ സീസണ്‍ കലാശക്കളിയില്‍ വെംബ്ലിയില്‍ തങ്ങളുടെ കണ്ണൂനീര്‍ വീഴ്‌ത്തിയ റയലിനോട് കണക്കും തീര്‍ക്കണം. സീസണില്‍ മികച്ച ഫോമില്‍ കളി തുടങ്ങിയ ഡോര്‍ട്ട്മുണ്ടാണ് നിലവില്‍ പോയിന്‍റ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത്. പോയിന്‍റ് പട്ടികയില്‍ 17-ാം സ്ഥാനക്കാരാണ് റയല്‍.
അതേസമയം, ഇംഗ്ലീഷ് വമ്പന്മാരായ ആഴ്‌സണല്‍ സീസണിലെ രണ്ടാം ജയമാണ് ലക്ഷ്യമിടുന്നത്. മൂന്നാം റൗണ്ട് പോരാട്ടത്തില്‍ യുക്രെയ്‌ൻ ക്ലബ് ഷാക്തറാണ് പീരങ്കിപ്പടയുടെ എതിരാളി. ആഴ്‌സണലിന്‍റെ ഹോം ഗ്രൗണ്ടായ എമിറേറ്റ്‌സ് സ്റ്റേഡിയത്തിലാണ് മത്സരം.
ആദ്യ ജയം ലക്ഷ്യമിട്ടിറങ്ങുന്ന ഇറ്റാലിയൻ ക്ലബ് എസി മിലാൻ ക്ലബ് ബ്രൂഗിനെ നേരിടും. ഇന്ത്യൻ സമയം രാത്രി 10:15നാണ് ഈ മത്സരം. ജയം തുടരാനിറങ്ങുന്ന പിഎസ്‌ജിയ്‌ക്ക് പിഎസ്‌വിയാണ് എതിരാളി. മറ്റ് മത്സരങ്ങളില്‍ ആസ്റ്റണ്‍വില്ല ബോലോഗ്നയേയും ജിറോണ സ്ലോവൻ ബ്രാടിസ്ലാവയേയും സ്പോര്‍ട്ടിങ് സ്റ്റം ഗ്രാസിനെയും യുവന്‍റസ് സ്റ്റഗര്‍ട്ടിവനെയും മൊണാക്കോ സര്‍വേന സെവ്സ്‌ദയേയും നേരിടും.
Also Read :ലാലിഗയിൽ ബാഴ്‌സക്ക് വമ്പന്‍ജയം, പ്രീമിയര്‍ ലീഗില്‍ വോള്‍വ്‌സിനെ സിറ്റി തകര്‍ത്തു