കേരളം

kerala

ETV Bharat / sports

സ്‌മൃതി മന്ദാനയുടെ ഒറ്റയാള്‍ പോരാട്ടം പാഴായി, ആര്‍സിബിയ്‌ക്ക് ആദ്യ തോല്‍വി; ഡല്‍ഹി കാപിറ്റല്‍സ് പോയിന്‍റ് പട്ടികയില്‍ തലപ്പത്ത് - വനിത പ്രീമിയര്‍ ലീഗ്

വനിത പ്രീമിയര്‍ ലീഗില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരെ ഡല്‍ഹി കാപിറ്റല്‍സിന് 25 റണ്‍സിന്‍റെ ജയം.

RCB vs DC Match Result  WPL 2024  Smriti Mandhana  വനിത പ്രീമിയര്‍ ലീഗ്  റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍
RCB vs DC

By ETV Bharat Kerala Team

Published : Mar 1, 2024, 6:43 AM IST

ബെംഗളൂരു:വനിത പ്രീമിയര്‍ ലീഗില്‍ (WPL) റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന് (Royal Challengers Bangalore) സീസണിലെ ആദ്യ തോല്‍വി. ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഡല്‍ഹി കാപിറ്റല്‍സ് (Delhi Capitals) 25 റണ്‍സിനാണ് ആര്‍സിബിയെ പരാജയപ്പെടുത്തിയത്. മത്സരത്തില്‍ ഡല്‍ഹി ഉയര്‍ത്തിയ 195 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ബാംഗ്ലൂരിന്‍റെ പോരാട്ടം 20 ഓവറില്‍ 9 വിക്കറ്റ് നഷ്‌ടത്തില്‍ 169 റണ്‍സില്‍ അവസാനിക്കുകയായിരുന്നു (RCB vs DC Match Result).

195 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ആര്‍സിബിയ്‌ക്ക് ക്യാപ്‌റ്റൻ സ്‌മൃതി മന്ദാനയും (Smriti Mandhana) സോഫി ഡിവൈനും ചേര്‍ന്ന് നല്‍കിയത് മികച്ച തുടക്കം. ഒന്നാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 8.3 ഓവറില്‍ 77 റണ്‍സ് കൂട്ടിച്ചേര്‍ത്തു. 17 പന്തില്‍ 23 റണ്‍സ് നേടിയ ഡിവൈൻ അരുന്ധതി റെഡ്ഡിയെ വമ്പൻ ഷോട്ട് പായിക്കാൻ ശ്രമിച്ച് പുറത്തായി.

തുടര്‍ന്നും ടീമിന് പ്രതീക്ഷ നല്‍കുന്ന പ്രകടനം സ്‌മൃതി നടത്തി. വനിത പ്രീമിയര്‍ ലീഗ് കരിയറിലെ ആദ്യ അര്‍ധസെഞ്ച്വറി നേടിയ സ്‌മൃതി ഡല്‍ഹി ബൗളര്‍മാരെ കണക്കിന് തല്ലി. എന്നാല്‍, 12-ാം ഓവര്‍ എറിയാനെത്തിയ മരിസെയ്‌ൻ കാപ്പ് സ്‌മൃതിയെ മടക്കി ആര്‍സിബിയെ പ്രതിരോധത്തിലാക്കി.

പിന്നീട്, കൃത്യമായ ഇടവേളകളില്‍ വിക്കറ്റ് നേടി ഡല്‍ഹി കളിയുടെ നിയന്ത്രണം ഏറ്റെടുത്തു. നാലാം നമ്പറില്‍ ക്രീസിലെത്തിയ റിച്ചാ ഘോഷ് (19) അതിവേഗം മടങ്ങിയത് ആര്‍സിബിയ്‌ക്ക് തിരിച്ചടിയായി. 31 പന്തില്‍ 36 റണ്‍സ് നേടിയ എസ് മേഘ്‌ന റണ്‍ഔട്ടായി. ബാംഗ്ലൂര്‍ നിരയില്‍ തുടര്‍ന്നെത്തിയവരില്‍ ആര്‍ക്കും രണ്ടക്കം കടക്കാനായില്ല.

മത്സരത്തില്‍ ജെസ് ജൊനാസൻ ഡല്‍ഹിക്കായി മൂന്ന് വിക്കറ്റ് നേടി. മരിസെയ്‌ൻ കാപ്പ്, അരുന്ധതി റെഡ്ഡി എന്നിവര്‍ രണ്ട് വീതം വിക്കറ്റും സ്വന്തമാക്കി. മലയാളി താരം മിന്നു മണിയ്‌ക്ക് മത്സരത്തില്‍ തിളങ്ങാനായില്ല. രണ്ട് ഓവര്‍ പന്തെറിഞ്ഞ താരം 28 റണ്‍സാണ് വിട്ടുകൊടുത്തത്.

നേരത്തെ, ടോസ് നഷ്‌ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്‌ത ഡല്‍ഹി അഞ്ച് വിക്കറ്റ് നഷ്‌ടത്തിലാണ് 194 റണ്‍സ് നേടിയത്. 31 പന്തില്‍ 50 റണ്‍സ് നേടിയ ഷഫാലി വര്‍മയാണ് അവരുടെ ടോപ്‌ സ്കോറര്‍. അലീസ് കാപ്‌സി (46), ജെസ് ജൊനാസൻ (36), മരിസെയ്‌ൻ കാപ്പ് (32) എന്നിവരും ഡല്‍ഹിക്കായി മികച്ച പ്രകടനം നടത്തി. ജയത്തോടെ പോയിന്‍റ് പട്ടികയിലും ഡല്‍ഹി ഒന്നാം സ്ഥാനത്തേക്ക് എത്തിയിട്ടുണ്ട്.

ABOUT THE AUTHOR

...view details