ചെന്നൈ :ഐപിഎല്‍ പതിനേഴാം പതിപ്പിന് (IPL 2024) കൊടി ഉയരാൻ ഇനി ദിവസങ്ങള്‍ മാത്രമാണ് ബാക്കി. ടൂര്‍ണമെന്‍റില്‍ പങ്കെടുക്കുന്ന പത്ത് ടീമുകളും തങ്ങളുടെ ഹോം ഗ്രൗണ്ടില്‍ ഇതിനോടകം തന്നെ ഐപിഎല്‍ പോരാട്ടങ്ങള്‍ക്കായുള്ള തയ്യാറെടുപ്പുകളും ആരംഭിച്ചിട്ടുണ്ട്. പല പ്രധാന താരങ്ങളും ടീമുകള്‍ക്കൊപ്പം ചേര്‍ന്നുകൊണ്ടിരിക്കുകയാണ് നിലവില്‍.
മുൻ വര്‍ഷങ്ങളിലെ പോലെ ഇത്തവണയും ഐപിഎല്ലിന് വേണ്ടിയുള്ള തയ്യാറെടുപ്പുകള്‍ ആദ്യം തുടങ്ങിയത് ചെന്നൈ സൂപ്പര്‍ കിങ്സാണ് (Chennai Super Kings). അവരുടെ നായകൻ എംഎസ് ധോണി (MS Dhoni) മാര്‍ച്ച് അഞ്ചിന് തന്നെ ടീം ക്യാമ്പില്‍ ചേര്‍ന്നിരുന്നു. പിന്നാലെ, ആഭ്യന്തര താരങ്ങളും ടീമിനൊപ്പം ചേര്‍ന്ന് പരിശീലനം നടത്തുകയാണ്.
പരിശീലനം തകൃതിയായി പുരോഗമിക്കുന്നതിനിടെ ഇപ്പോള്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനൊപ്പം ചേര്‍ന്നിരിക്കുകയാണ് അവരുടെ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജ (Ravindra Jadeja). കഴിഞ്ഞ ദിവസമാണ് ജഡേജ ചെന്നൈയില്‍ എത്തിയത്. ഇന്ത്യ ഇംഗ്ലണ്ട് ടെസ്റ്റ് പമ്പരയില്‍ മിന്നും പ്രകടനം കാഴ്‌ചവച്ച ജഡേജ വിശ്രമത്തിന് ശേഷമാണ് ഐപിഎല്‍ മത്സരങ്ങള്‍ക്കായി ചെന്നൈയില്‍ എത്തിയിരിക്കുന്നത് (Ravindra Jadeja Joined Chennai Super Kings Camp).
ഐപിഎല്‍ ക്രിക്കറ്റില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിന്‍റെ പ്രധാന താരങ്ങളില്‍ ഒരാളാണ് രവീന്ദ്ര ജഡേജ. കഴിഞ്ഞ വര്‍ഷം ഗുജറാത്ത് ടൈറ്റൻസിനെതിരായ ഫൈനലില്‍ ചെന്നൈയുടെ വിജയ റണ്‍സ് സ്കോര്‍ ചെയ്‌തത് ജഡേജയായിരുന്നു.